Indian Cooperator

കെ.സി.ഇ.യു. സംസ്ഥാന സമ്മേളനം ചരിത്രസംഭവമാകുമെന്ന് എന്‍.കെ. രാമചന്ദ്രന്‍

സഹകരണ ജീവനക്കാരുടെ സംഘടനാചരിത്രത്തിന് പല വഴിത്തിരിവുകളുണ്ട്. എന്നാലും, എല്ലാജീവനക്കാര്‍ക്കും വേണ്ടി ഒരു സംഘടന എന്ന ആശയം പിറന്നത് കോഴിക്കോടാണ്. അതാണ്, പിന്നീട് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനായി മാറിയത്. സംഘടനാരൂപവത്കരണത്തിന്റെ ആദ്യയോഗം 1974 ല്‍ ചേര്‍ന്നതു കോഴിക്കോട്ടാണ് ചേര്‍ന്നത്. ആ പിറവി കഴിഞ്ഞ് അരനൂറ്റാണ്ടായി. 2005 ലാണ് യൂണിയന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ചേര്‍ന്നു. 21 വര്‍ഷത്തിനുശേഷം 2026 ല്‍ വീണ്ടും സമ്മേളനം ഇവിടെ ചേരുമ്പോള്‍ കെ.സി.ഇ.യു. സഹകരണമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായി മാറിക്കഴിഞ്ഞു. അതരു ചരിത്രസംഭവമായി മാറുമെന്നു സംഘടന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ പറഞ്ഞു.

43,000 ത്തോളം അംഗങ്ങള്‍ സംഘടനയിലുണ്ട്. വ്യത്യസ്തമേഖലയിലുള്ള ജീവനക്കാരാണ് അംഗങ്ങള്‍. സഹകരണബാങ്ക്, കാര്‍ഷിക വികസനബാങ്ക്, അര്‍ബന്‍ബാങ്ക്, ക്ഷീരോത്പാദക സഹകരണസംഘം, ആശുപത്രി സഹകരണസംഘം തുടങ്ങി പത്തിരുപതു മേഖലകളിലെ ജീവനക്കാര്‍ ഈ സംഘടനയിലുണ്ട്. ഇന്നു കേരളത്തിലെ സഹകരണജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായി കെ.സി. ഇ.യു.വിനു മാറാന്‍ കഴിഞ്ഞിട്ടുണ്ട്. സഹകരണമേഖലയില്‍ ഇന്നു കാണുന്ന പുരോഗതിയും വളര്‍ച്ചയും കൈവരിക്കുന്നതില്‍ വലിയ പങ്ക് കെ.സി.യു.വി.നുണ്ട്. സഹകരണമേഖലയിലെ എല്ലാ പ്രശ്‌നങ്ങളെസംബന്ധിച്ചും സമഗ്രമായി ചര്‍ച്ച ചെയ്തുകൊണ്ട് അതതു കാലത്തെ സര്‍ക്കാരുകളുടെ മുന്നിലേക്ക് ഈ വിഷയങ്ങളെത്തിക്കുന്നതിനും സഹകരണമേഖലയെ നവീകരിക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുംവേണ്ടി വലിയ പോരാട്ടം നടത്തിയ സംഘടനകൂടിയാണു കെ.സി.ഇ.യു. അതുകൊണ്ടുകൂടിയാണു സഹകരണജീവനക്കാരില്‍ ബഹുഭൂരിപക്ഷവും അംഗങ്ങളായിട്ടുള്ള സംഘടനയായി എംപ്ലോയീസ് യൂണിയന്‍ മാറിയിട്ടുള്ളത് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സഹകരണമേഖല ഏറ്റവും വലിയ പ്രതിസന്ധികള്‍ നേരിടുന്ന കാലഘട്ടംകൂടിയാണിത്. അതിലേറ്റവും പ്രധാനപ്പെട്ടത് കേന്ദ്രഗവണ്മെന്റിന്റെ ഇടപെടലാണ്. സഹകരണം സംസ്ഥാനലിസ്റ്റില്‍പ്പെട്ട വിഷയമാണ്. പക്ഷേ, കേന്ദ്രഗവണ്മെന്റ് സഹകരണമേഖലയില്‍ വലിയ തോതില്‍ ഇടപെട്ടുകൊണ്ട് അവരുടെ രാഷ്ട്രീയഅജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. അപ്പോള്‍, അതിനെ പ്രതിരോധിക്കുക എന്നതു പ്രധാനപ്പെട്ട കാര്യമാണ്. സഹകരണമേഖല ഒരു സ്വാശ്രയ, സാമ്പത്തികസംവിധാനമാണ്. ഒരു ജനാധിപത്യസംവിധാനമാണ്. സ്വാശ്രയസ്വഭാവത്തോടെ നില്‍ക്കുന്നതുകൊണ്ടാണു സഹകരണമേഖലയ്ക്ക് ഇങ്ങനെ വളരാന്‍ കഴിഞ്ഞത്. അതില്‍ സഹകരണജീവനക്കാര്‍ക്കു വലിയ പങ്കുണ്ട്. സഹകാരികള്‍ക്കും പങ്കുണ്ട്. സഹകരണമേഖലയെ ഇങ്ങനെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ച സംഘടന എന്ന നിലയില്‍ സഹകരണമേഖലയിലുണ്ടാകുന്ന ഓരോ പ്രശ്‌നത്തെസംബന്ധിച്ചും അതതു സമയത്തു ചര്‍ച്ച നടത്തി, വിശകലനം ചെയ്ത്, സഹകരണമേഖലയ്‌ക്കെതിരായി വരുന്ന കാര്യങ്ങളെ പ്രതിരോധിച്ചുപോരുന്ന സംഘടനയാണു കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍. യു.ഡി.എഫ്.സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ച് പൂര്‍ണമായി വ്യക്തത വന്നിട്ടില്ലെങ്കിലും സഹകരണവിരുദ്ധമായ ചില നിലപാടുകള്‍ അവരും കൈക്കൊണ്ടുവരികയാണ്. സഹകരണമേഖലയെ കുറെക്കൂടി വിപുലപ്പെടുത്താന്‍ കഴിയണം. സമ്മേളനം ഇക്കാര്യവും ഗൗരവത്തോടെ ചര്‍ച്ച ചെയ്യും. സഹകരണം ഒരു പ്രധാനപ്പെട്ട തൊഴില്‍മേഖലകൂടിയാണ്. ഏതാണ്ട് 1,10,000 ആളുകള്‍ നേരിട്ടും മൂന്നു ലക്ഷത്തോളമാളുകള്‍ അനുബന്ധമേഖലയിലും ജോലിചെയ്യുന്നുണ്ട്. മൂന്നുനാലു ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്ന മേഖല എന്ന നിലയിലും കേരളത്തിന്റെ സാമൂഹികപുരോഗതിയില്‍ വലിയ പങ്കു വഹിച്ച പ്രസ്ഥാനം എന്ന നിലയിലും സഹകരണമേഖലയെ നിലനിര്‍ത്തിക്കൊണ്ടുപോവുക എന്നത് ഏറ്റവും പ്രധാനമാണ്. ആ നിലനില്‍പ്പിനാവശ്യമായ ഭാവിപ്രവര്‍ത്തനവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സമീപനങ്ങളെ പ്രതിരോധിക്കാനുള്ള നിലപാടുകളും സ്വീകരിച്ചുകൊണ്ട് സഹകരണമേഖലയെ മുന്നോട്ടു നയിക്കുക എന്നതാണു യൂണിയന്റെ പ്രധാനദൗത്യം. കോഴിക്കോട്ടെ സമ്മേളനം ചരിത്രസംഭവമായി മാറുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് കെ.സി.ഇ.യു. ജനറല്‍ സെക്രട്ടറി പറഞ്ഞു.

23 സംസ്ഥാനക്കമ്മിറ്റിയംഗങ്ങളുള്‍പ്പെടെ 527 പേരാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നു സ്വാഗതസംഘം കണ്‍വീനര്‍ എം.കെ. ശശി അറിയിച്ചു. കഴിഞ്ഞ സമ്മേളനം ഇടുക്കിയിലെ കുമിളിയിലായിരുന്നു. അതു കഴിഞ്ഞിട്ട് 32 മാസമായി. ഈ 32 മാസത്തെ പ്രവര്‍ത്തനം വിലയിരുത്താനാണു കോഴിക്കോട്ട് സമ്മേളനം ചേരുന്നത്. തിങ്കളാഴ്ച രാവിലെ 9.30ന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് സ. ടി.പി. രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു. സംസ്ഥാനക്കമ്മിറ്റിയംഗം സ. എം.വി. ജയരാജന്‍ അഭിവാദ്യം ചെയ്യും. തുടര്‍ന്ന് 32 മാസത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രനും വരവുചെലവു കണക്കുകള്‍ ട്രഷറര്‍ പി.എസ്. ജയചന്ദ്രനും അവതരിപ്പിക്കും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്കുശേഷം ഗ്രൂപ്പ് ചര്‍ച്ചയാരംഭിക്കും. ജില്ലാതലത്തിലും സെക്ടര്‍തലത്തിലും ചര്‍ച്ചയുണ്ടാകും. വൈകിട്ട 4.30 നു പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനമാരംഭിക്കും. കോഴിക്കോട് ജില്ലയിലെ 5600 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രകടനത്തില്‍ പതിനായിരം പേരെയാണു പ്രതീക്ഷിക്കുന്നത്. പൊതുസമ്മേളനത്തില്‍ സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ. ജെ. മേഴ്‌സിക്കുട്ടിയമ്മ, സ. ടി.പി. രാമകൃഷ്ണന്‍, സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി സ. കെ.എന്‍. ഗോപിനാഥ്, സ്വാഗതസംഘം ചെയര്‍മാന്‍ സ. എം. മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനശേഷം കണ്ണൂര്‍ ഷെരീഫിന്റെ ഗാനമേളയുണ്ടാകും.

രണ്ടാംദിവസം വൈകിട്ട് അഞ്ചു മണിക്ക് സഹകരണസമ്മേളനം സഹകരണമന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. സഹകരണമേഖലയിലെ ജീവനക്കാരുടെ പ്രധാനപ്പെട്ട എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. മൂന്നാം ദിവസം ചര്‍ച്ചക്കുള്ള മറുപടി, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, കൗണ്‍സില്‍ തിരഞ്ഞെടുപ്പ്, സംസ്ഥാനക്കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. പിരിഞ്ഞുപോകുന്ന കെ.സി.ഇ.യു. നേതാക്കള്‍ക്കുള്ള യാത്രയയപ്പുസമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി സ. കെ.എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സഹകരണജീവനക്കാരുടെ സംഘടനാചരിത്രമായ ‘ സമരപഥത്തിലെ കാല്‍പ്പാടുകള്‍ ‘ സമ്മേളനവേദിയില്‍ പ്രകാശനം ചെയ്യും. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ടി. വിശ്വനാഥന്‍, സംസ്ഥാന എക്‌സിക്യുട്ടീവ്കമ്മിറ്റിയംഗം വി. ഗിരീഷ്‌കുമാര്‍, സ്വാഗതസംഘം ട്രഷറര്‍ ഇ. സുനില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

എന്‍.സി.ഡി.സി.യില്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ ഒഴിവ്

Indian Cooperator

ധനസഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; പരിശോധിച്ചത് മോണിറ്ററിങ് കമ്മിറ്റി

Indian Cooperator

കാന്താരി മോരും ബനാന ബര്‍ഫിയുമടക്കം അഞ്ച് പുതിയ ഉല്‍പന്നങ്ങളുമായി മില്‍മ

Indian Cooperator
error: Content is protected !!