സഹകരണ വകുപ്പിന് കീഴിലുള്ള ബോര്ഡ്, കോര്പ്പറേഷന് സ്ഥാപനങ്ങളില് ഭരണസമിതിയില്ലാത്തതിന്റെ അനിശ്ചിതത്വം തുടരുകയാണ്. കേരള സഹകരണ വികസന ക്ഷേമനിധി ബോര്ഡില് ഭരണസമതിയില്ലാത്തതിനാല് ധനസഹായ വിതരണത്തിലും പുതിയ അപേക്ഷകളില് തീരുമാനമെടുക്കുന്നതിലും തടസ്സം നേരിടുന്നുണ്ട്. ഇതിന് താല്ക്കാലിക പരിഹാരം ഉണ്ടാക്കുന്നതിനായി, പുതിയ ഭരണസമിതി ചുമതലയേറ്റെടുക്കുന്നതുവരെ റിസ്ക് ഫണ്ടില്നിന്ന് ധനസഹായം അനുവദിക്കുവാന് ബോര്ഡിന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തി സഹകരണ വകുപ്പ് ഉത്തരവിറക്കി.
ഗുരുതരമായ രോഗം ബാധിച്ചവര്ക്കാണ് റിസ്ക് ഫണ്ടില്നിന്ന് സഹായം ലഭിക്കുന്നത്. ഇത്തരം അപേക്ഷകളില് തീരുമാനമെടുക്കുന്നതില് വൈകുന്നത് അവശത അനുഭവിക്കുന്നവര്ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാകുക. ഇതാണ് സഹകരണ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കാന് കാരണം. ബോര്ഡ് സെക്രട്ടറി റിസ്ക് ഫണ്ട് ധനസഹായം അനുവദിക്കുന്ന നടപടികള് പുതുതായി അധികാരമേല്ക്കുന്ന ഭരണസമിതി മുമ്പാകെ സമര്പ്പിച്ച് സാധൂകരിക്കുന്നതിനുള്ള നടപടികള് ബോര്ഡ് സെക്രട്ടറി സ്വീകരിക്കണമെന്ന് നിര്ദ്ദേശിച്ചിട്ടുണ്ട്.
