കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമായി കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്ന സഹകരണസംഘം ജീവനക്കാരുടെയും കമ്മീഷന്‍ഏജന്റുമാരുടെയും മക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ / സ്‌കൂള്‍ കലോത്സവ / സ്‌പോര്‍ട്ട്‌സ് കാഷവാര്‍ഡുകള്‍ക്കും സേവനത്തിലിരിക്കെ മരിച്ച ബോര്‍ഡംഗങ്ങളായ സഹകരണസംഘം ജീവനക്കാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. 2026 ജൂലായ് 31 നകം അപേക്ഷിക്കണം.
സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപേക്ഷകള്‍ അസി. രജിസ്ട്രാറി (ജനറല്‍ ) ല്‍ കുറയാത്ത തസ്തികയിലുള്ള ഓഫീസറും മറ്റു വകുപ്പുകളിലെ സഹകരണസംഘം ജീവനക്കാരുടെ അപേക്ഷകള്‍ അതതു വകുപ്പുകളുടെ താലൂക്ക് / ജില്ലാതലത്തില്‍ കുറയാത്ത ഓഫീസറുമാണു മേലൊപ്പു വെയ്‌ക്കേണ്ടത്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും തിരുവനന്തപുരത്തെ ഹെഡ്ഓഫീസിലോ ബോര്‍ഡിന്റെ മറ്റു റീജ്യണല്‍ ഓഫീസുകളിലോ ബന്ധപ്പെടാവുന്നതാണ്. 2026 മാര്‍ച്ച് 31 നു മുമ്പു ബോര്‍ഡില്‍നിന്ന് അംഗത്വമെടുത്ത ജീവനക്കാരുടെ മക്കള്‍ക്കു മാത്രമേ കാഷവാര്‍ഡിന് അര്‍ഹതയുണ്ടാവൂ.
സേവനത്തിലിരിക്കെ മരിക്കുന്ന ബോര്‍ഡംഗങ്ങളായ സഹകരണസംഘം ജീവനക്കാരുടെ മക്കള്‍ക്ക് 18 വയസ്സു പൂര്‍ത്തിയാകുന്നതുവരെയുള്ള വിദ്യാഭ്യാസത്തിന് ഒരു നിശ്ചിതതുകയാണു വാര്‍ഷിക സ്‌കോളര്‍ഷിപ്പായി നല്‍കുക. ബോര്‍ഡിന്റെ ചട്ടങ്ങളില്‍ വാര്‍ഷിക സ്‌കോളര്‍ഷിപ്പ്‌സംബന്ധിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തിയ 2024 ഫെബ്രുവരി 22 മുതല്‍ സേവനത്തിലിരിക്കെ മരിച്ച ബോര്‍ഡംഗങ്ങളായിരുന്ന ജീവനക്കാരുടെ നിയമാനുസൃതമുള്ള അവകാശികളാണു സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ബോര്‍ഡിന്റെ ചട്ടം 19 ( എ ) പ്രകാരം ഓപ്ഷന്‍ സമര്‍പ്പിച്ച് അംഗത്വം നേടി സേവനത്തിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കു ചട്ടം 26 (എ ) പ്രകാരം മരണാനന്തരധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുള്ള ജീവനക്കാരുടെ 18 വയസ്സില്‍ താഴെയുള്ള മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവൂ. ബോര്‍ഡിലേക്ക് അടവാക്കേണ്ട ജീവനക്കാരുടെ വിഹിതമോ സംഘം / സ്ഥാപനത്തിന്റെ വിഹിതമോ അതോ രണ്ടും കൂടിയോ കുടിശ്ശിക വരുത്തിയിട്ടുള്ള ജീവനക്കാരന്‍ ജോലിയിലിരിക്കെ മരിച്ചാല്‍ മക്കള്‍ക്കു സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവില്ല. ഇന്ത്യയില്‍ എവിടെയും സംസ്ഥാന / സെന്‍ട്രല്‍ സിലബസുകളില്‍ ഒരു അക്കാദമിക് വര്‍ഷത്തില്‍ ഏഴാംക്ലാസ് വരെയുള്ള പഠനത്തിന് 1,500 രൂപയും എട്ടു മുതല്‍ പത്താം ക്ലാസു വരെയുള്ള പഠനത്തിന് 2,500 രൂപയും പ്ലസ്ടു / ഐ.ടി.ഐ / പോളിടെക്‌നിക് പഠനത്തിന് 3,500 രൂപയും ബിരുദപഠനത്തിന് 5,000 രൂപയുമാണു സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
വിദ്യാഭ്യാസ / കലോത്സവ / സ്‌പോര്‍ട്ട്‌സ് / ഗെയിംസ് കാഷവാര്‍ഡുകള്‍ക്കും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുമുള്ള അപേക്ഷകള്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം. വിലാസം: അഡീഷണല്‍ രജിസ്ട്രാര്‍ / സെക്രട്ടറി- ട്രഷറര്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, പി.ബി. നമ്പര്‍ – 427, ഏഴാംനില, ജവഹര്‍ സഹകരണ ഭവന്‍, ഡി.പി.ഐ. ജങ്ഷന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695 014, ഫോണ്‍: 0471 – 2333300. വെബ്‌സൈറ്റ്: www.kscewb.kerala.gov.in. കാഷവാര്‍ഡും സ്‌കോളര്‍ഷിപ്പും സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
