സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള സെക്രട്ടറി, അസി. സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നു സഹകരണസര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. 2026 ഏപ്രില്‍ നാലാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി. ആകെ 30 ഒഴിവുകളാണുള്ളത്. എല്ലാം ജനറല്‍ വിഭാഗത്തിലാണ്. ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ രണ്ടു ഭിന്നശേഷിക്കാര്‍ക്ക് അവസരമുണ്ട്. ഓണ്‍ലൈനില്‍ മാത്രമേ അപേക്ഷിക്കാവൂ.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ (www.cseb.kerala.gov.in ) യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ സംഘങ്ങളിലേക്ക് അപേക്ഷിക്കാം. യോഗ്യത, ഒഴിവുകള്‍, പരീക്ഷാഫീസ് എന്നിവയുടെ വിശദവിവരങ്ങള്‍ പരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ട്.
സെക്രട്ടറിയുടെ മൂന്ന് ഒഴിവാണുള്ളത്. മൂന്നും ജനറല്‍ വിഭാഗത്തിലാണ്. ആലപ്പുഴയിലെ ചേര്‍ത്തല സഹകരണബാങ്ക്, മലപ്പുറത്തെ മഞ്ചേരി ഹൗസിങ് സഹകരണസംഘം, കോഴിക്കോട്ടെ മലബാര്‍ വെല്‍ഫെയര്‍ സഹകരണസംഘം എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. ചേര്‍ത്തലയിലെ സംഘത്തില്‍ സെക്രട്ടറിയുടെ ശമ്പളനിരക്ക് 16,420 – 42,670 രൂപയാണ്. മഞ്ചേരി ഹൗസിങ് സംഘത്തില്‍ 23,310 – 57,340 രൂപയും മലബാര്‍ വെല്‍ഫെയര്‍ സംഘത്തില്‍ 15,110 – 39,700 രൂപയുമാണു ശമ്പളനിരക്ക്.
അസി. സെക്രട്ടറിയുടെയും ചീഫ് അക്കൗണ്ടന്റിന്റെയും മൂന്നൊഴിവു വീതമാണുള്ളത്. എല്ലാ ഒഴിവുകളും ജനറല്‍ വിഭാഗത്തിലാണ്. തിരുവനന്തപുരം ചിറയിന്‍കീഴ് സഹകരണബാങ്കിലും ( ശമ്പളനിരക്ക് 29,500 – 69,250 രൂപ ) കണ്ണൂര്‍ പരിയാരം സഹകരണബാങ്കിലും ( 28,000 – 66,470 രൂപ ) കാസര്‍കോട് ഈസ്റ്റ് എളേരി സഹകരണബാങ്കിലുമാണു ( 28,000 – 66,470 രൂപ ) ചീഫ് അക്കൗണ്ടന്റിന്റെ ഒഴിവുള്ളത്. കോട്ടയം ഏറ്റുമാനൂര്‍ സഹകരണബാങ്ക് ( 29,500 – 69,250 രൂപ ), എറണാകുളത്തെ കീരംപാറ സഹകരണബാങ്ക് ( 28,000 – 66,470 രൂപ ), തൃശ്ശൂര്‍ ജില്ലാ പോലീസ് സഹകരണസംഘം ( 29,500 – 69,250 രൂപ ) എന്നിവിടങ്ങളിലാണ് അസി. സെക്രട്ടറിമാരുടെ ഒഴിവുള്ളത്.
ജൂനിയര്‍ ക്ലാര്‍ക്കിന്റെ 21 ഒഴിവുകളുണ്ട്. ഇവയെല്ലാം ജനറല്‍ വിഭാഗത്തിലാണ്. രണ്ടൊഴിവുകള്‍ ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്. തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക്ക് കോ-ഓപറേറ്റീവ് എംപ്ലോയീസ് സംഘം ( 14,270 – 37,880 രൂപ ), കൊല്ലം തുരുത്തിക്കര സഹകരണബാങ്ക് ( 12,740 – 34,320 രൂപ ), പത്തനംതിട്ട ഏനാത്ത് സഹകരണബാങ്ക് ( 14,270 – 37,880 രൂപ ), ആലപ്പുഴ പൊങ്ങ സഹകരണബാങ്ക് ( 7,900 – 19,300 രൂപ ), കോട്ടയം കാഞ്ഞിരപ്പള്ളി പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്ക് ( രണ്ടൊഴിവ്. ഒന്ന് ഭിന്നശേഷിവിഭാഗം. 19,250 – 51,650 രൂപ ), കോട്ടയം തിരുവാര്‍പ്പ് വില്ലേജ് സഹകരണബാങ്ക് ( 12,740 – 34,320 രൂപ ), ഇടുക്കി വെള്ളിയാമറ്റം സഹകരണബാങ്ക് ( രണ്ടൊഴിവ്. 14,270 – 37,880 രൂപ ), പാലക്കാട് പുലാപ്പറ്റ അര്‍ബന്‍ വായ്പാസംഘം ( 14,270 – 37,880 രൂപ ), മലപ്പുറം ഇരിമ്പിളിയം സഹകരണബാങ്ക് ( 13,480 – 36,060 രൂപ ), മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്ത് വനിതാ സഹകരണസംഘം ( 12,740 – 34,320 രൂപ ), കോഴിക്കോട് ശിവപുരം സഹകരണബാങ്ക് ( രണ്ടൊഴിവ്. 16,420 – 42,670 രൂപ ), കോഴിക്കോട് കാവുന്തറ സഹകരണബാങ്ക് ( രണ്ടൊഴിവ്. 12,740 – 34,320 രൂപ ), കോഴിക്കോട് കാലിക്കറ്റ് വനിതാ സഹകരണസംഘം ( 12,740 – 34,320 രൂപ ), കാസര്‍കോട് ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണസംഘം ( രണ്ടൊഴിവ്. ഒന്ന് ഭിന്നശേഷിവിഭാഗം. 16,420 – 37,880 രൂപ ), കാസര്‍കോട് കൊളത്തൂര്‍ സഹകരണബാങ്ക് ( 14,270 – 37,880 രൂപ ), കാസര്‍കോട് ബളാല്‍ വനിതാ സഹകരണസംഘം ( 12,740 – 34,320 രൂപ ) എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്.
ക്ലാസ് രണ്ടു മുതല്‍ ഏഴുവരെയുള്ള ബാങ്കുകളിലേക്കാണു ജൂനിയര്‍ ക്ലാര്‍ക്കുമാരെ / കാഷ്യര്‍മാരെ വേണ്ടത്. പരീക്ഷാബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍. പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
