വിവിധതരത്തില്‍ നിയന്ത്രണച്ചട്ടങ്ങള്‍ ലംഘിച്ചതിനു മലപ്പുറം താനൂര്‍ അര്‍ബന്‍ സഹകരണബാങ്കുള്‍പ്പെടെ അഞ്ചു സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചു. മൂന്നു ജില്ലാ കേന്ദ്ര സഹകരണബാങ്കുകളെയും രണ്ട് അര്‍ബന്‍ സഹകരണബാങ്കുകളെയുമാണു റിസര്‍വ് ബാങ്ക് ശിക്ഷിച്ചത്. ബാങ്ക് ഡയറക്ടര്‍മാര്‍ക്കു വായ്പ അനുവദിച്ചതുള്‍പ്പെടെയുള്ള കാരണങ്ങള്‍ക്കാണു ബാങ്കുകള്‍ ശിക്ഷിക്കപ്പെട്ടത്. റിസര്‍വ് ബാങ്കും കാര്‍ഷിക, ഗ്രാമവികസനത്തിനായുള്ള ദേശീയ ബാങ്കും ( നബാര്‍ഡ് ) ചേര്‍ന്നു നടത്തിയ വിലയിരുത്തലിന്റെയും പരിശോധനയുടെയും ഭാഗമായാണ് ഈ നടപടി.
കെ.വൈ.സി. ( ഇടപാടുകാരെ അറിയുക ) ഡേറ്റ രജിസ്ട്രിക്ക് അപ്ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണു താനൂര്‍ അര്‍ബന്‍ സഹകരണബാങ്കിനെ അമ്പതിനായിരം രൂപ പിഴയടയ്ക്കാന്‍ ശിക്ഷിച്ചത്. മഹാരാഷ്ട്രയിലെ ലോക്നേതാ ആര്‍.ഡി. അപ്പാ ക്ഷീര്‍സാഗര്‍ സഹകാരി ബാങ്കിനു 30,000 രൂപയാണു പിഴയിട്ടത്. ബാങ്കിന്റെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അവര്‍ക്കു താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വായ്പ അനുവദിച്ചതും പരിശോധനാസമയത്തു മതിയായ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതുമാണ് ഈ ബാങ്കിനെതിരായ കുറ്റം. രണ്ടു ബാങ്ക്ഡയറക്ടര്‍മാര്‍ക്കാണ് ഈ ബാങ്ക് വായ്പ അനുവദിച്ചത്. കര്‍ണാടകയിലെ കൊടക് ജില്ലാ സഹകരണ കേന്ദ്ര ബാങ്കിന് ഒരു ലക്ഷം രൂപയാണു പിഴയിട്ടത്. ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചു ബാങ്ക്ഡയറക്ടര്‍മാര്‍ക്കു വായ്പ നല്‍കിയതാണു വീഴ്ച.
അപകടസാധ്യതാവിഭാഗത്തിലുള്ള ഉപഭോക്താക്കളുടെ തരംതിരിവ് കാലാകാലങ്ങളില്‍ വിലയിരുത്തുന്നതില്‍ പറ്റിയ വീഴ്ചയ്ക്കു രാജസ്ഥാനിലെ പാലി ജില്ലാ കേന്ദ്ര സഹകരണബാങ്കിന് അമ്പതിനായിരം രൂപയാണു പിഴ. കര്‍ണാടകയിലെ മൈസൂര്‍ ആന്റ് ചാമരാജനഗര്‍ ജില്ലാ കേന്ദ്ര സഹകരണബാങ്കിന് ഒരു ലക്ഷം രൂപയാണു പിഴ വിധിച്ചത്. കെ.വൈ.സി. രേഖകള്‍ നിശ്ചിത സമയത്തിനുള്ളില്‍ കേന്ദ്ര കെ.വൈ.സി. റെക്കോഡ്സ് രജിസ്ട്രിയില്‍ അപ്ലോഡ് ചെയ്തില്ല എന്നതും മാനദണ്ഡങ്ങള്‍ ലംഘിച്ചു ഒരു സഹകരണസംഘത്തില്‍ ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്തി എന്നതുമാണ് ഈ ബാങ്കിന്റെ വീഴ്ചകള്‍.
ഒഡിഷയിലെ വേദവ്യാസ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാങ്കിതര ധനകാര്യസ്ഥാപനത്തിനും പിഴ കിട്ടിയിട്ടുണ്ട്. ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട പിഴവുകള്‍ക്കാണ് 30,000 രൂപ പിഴ വിധിച്ചത്. ഒരു ഡയറക്ടറെ നിയമിക്കുന്നതിനുമുമ്പായി ഈ സ്ഥാപനം റിസര്‍വ് ബാങ്കില്‍നിന്നു രേഖാമൂലമുള്ള അനുമതിപത്രം വാങ്ങിയിരുന്നില്ല. സ്വതന്ത്രഡയറക്ടര്‍മാരൊഴികെ സ്ഥാപനത്തിലെ 30 ശതമാനത്തിലധികം ഡയറക്ടര്‍മാരെയും അനുമതിയില്ലാതെ മാറ്റിക്കൊണ്ട് മാനേജ്മെന്റില്‍ മാറ്റങ്ങള്‍ വരുത്തിയെന്നു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി.
