Indian Cooperator

മട്ടാഞ്ചേരിയിലെ മഹാജനിക് അര്‍ബന്‍ ബാങ്കിനെ തൃപ്പുണിത്തുറയിലെ പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് ഏറ്റെടുക്കുന്നു

കേരളത്തില്‍ ഇതാദ്യമായി രണ്ടു അര്‍ബന്‍ സഹകരണബാങ്കുകള്‍ ലയിക്കുന്നു. എറണാകുളത്തെ രണ്ട് അര്‍ബന്‍ബാങ്കുകളാണ് ഏപ്രില്‍ 27 നു ലയിക്കുന്നത്. മട്ടാഞ്ചേരിയിലെ മഹാജനിക് അര്‍ബന്‍ സഹകരണബാങ്കിനെ തൃപ്പുണിത്തുറയിലെ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്കാണ് ഏറ്റെടുക്കുന്നത്. ലയനത്തിനു റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കി.

സാമ്പത്തികപ്രതിസന്ധിയിലായതിനെത്തുടര്‍ന്നാണു മട്ടാഞ്ചേരി മഹാജനിക് അര്‍ബന്‍ സഹകരണബാങ്കിനെ പീപ്പിള്‍സ് അര്‍ബന്‍ബാങ്ക് ഏറ്റെടുക്കുന്നത്. മഹാജനിക് ബാങ്കുമായുള്ള ലയനത്തിനു കഴിഞ്ഞ വര്‍ഷം പീപ്പിള്‍സ് ബാങ്കിന്റെ വിശേഷാല്‍ പൊതുയോഗം അംഗീകാരം നല്‍കിയിരുന്നു. പീപ്പിള്‍സ് ബാങ്കിന് ഇപ്പോള്‍ 23 ശാഖകളാണുള്ളത്. ലയനത്തോടെ മഹാജനിക് ബാങ്കിന്റെ അഞ്ചു ശാഖകള്‍കൂടി പീപ്പിള്‍സ്ബാങ്കിന്റെ ശാഖകളായി മാറും. ഇതോടെ, പീപ്പിള്‍സ് ബാങ്കിനു മട്ടാഞ്ചേരിയിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാവും.

1947 ലാണു മട്ടാഞ്ചേരിയില്‍ മഹാജനിക് അര്‍ബന്‍ബാങ്ക് രൂപംകൊണ്ടത്. അഞ്ചു പേര്‍ ചേര്‍ന്നു തുടങ്ങിയ സഹകരണസംഘമാണു പിന്നീട് അര്‍ബന്‍ബാങ്കായി മാറിയത്. തുടക്കത്തില്‍ 50 അംഗങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ 30,000 അംഗങ്ങളുണ്ട്. തൃപ്പുണിത്തുറയില്‍ 1917 ലാണു പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്ക് സ്ഥാപിച്ചത്.

മഹാരാഷ്ട്രയിലെ രണ്ട് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു ലയിക്കാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കി. മെഖാറിലെ മെഖാര്‍ അര്‍ബന്‍ സഹകരണബാങ്കും നാഗ്പൂരിലെ നാഗ്പൂര്‍ നാഗരിക് സഹകാരി ബാങ്കുമാണു ലയിക്കുന്നത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമപ്രകാരമുള്ള ലയനം ഏപ്രില്‍ 24 നു പ്രാബല്യത്തില്‍ വന്നു. നാഗ്പൂര്‍ അര്‍ബന്‍ സഹകരണബാങ്ക് ഏറ്റെടുക്കുന്ന ആറാമത്തെ സഹകരണബാങ്കാണു മെഖാറിലേത്.

സഹകരണബാങ്കിങ് മേഖലയില്‍ സാമ്പത്തികസ്ഥിരതയും പ്രവര്‍ത്തനമികവും ഇടപാടുകാര്‍ക്കിടയിലെ വിശ്വാസവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു റിസര്‍വ് ബാങ്ക് അര്‍ബന്‍ബാങ്കുകളുടെ ലയനത്തിനു പ്രാധാന്യം നല്‍കുന്നത്.

Related posts

അംഗസമാശ്വാസനിധിയില്‍ അനുവദിച്ചത് 103 കോടി; സഹകാരി സാന്ത്വനം പദ്ധതിയില്‍ വിതരണം ചെയ്തത് 1.22 കോടി

Indian Cooperator

സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടര്‍ തല്‍ക്കാലം മരവിപ്പിച്ചു; കടുത്ത പ്രതിഷേധവുമായി ജീവനക്കാര്‍

Indian Cooperator

സഹകരണ ജീവനക്കാരുടെ സംഘടനാചരിത്രം പുസ്തകമായി പുറത്തിറങ്ങുന്നു; കവര്‍ പ്രകാശനം ചെയ്തു

Indian Cooperator
error: Content is protected !!