പ്രാഥമിക സഹകരണസംഘങ്ങള്‍ക്കിടയില്‍ നവീകരണവും ആധുനികവത്കരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഗ്രാന്റ് അടിസ്ഥാനമാക്കിയുള്ള സഹകാര്‍ ഇന്നൊവേഷന്‍ സ്‌കീമുമായി ( SIS ) ദേശീയ സഹകരണ വികസന കോര്‍പറേഷന്റെ ( എന്‍.സി.ഡി.സി ) ആസൂത്രണ-ഏകോപനവിഭാഗം രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാര്‍ഗനിര്‍ദേശങ്ങള്‍ എന്‍.സി.ഡി.സി. പുറത്തിറക്കി. ഓരോ മേഖലയിലുമുള്ള പ്രാഥമിക സഹകരണസംഘങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന നൂതനവും പ്രായോഗികവുമായ പ്രോജക്ടുകള്‍ക്ക് 100 ശതമാനം ഗ്രാന്റ് ( 25 ലക്ഷം രൂപവരെ ) ലഭിക്കും. പ്രോജക്ടുകള്‍ക്കു ഗ്രാന്റിനൊപ്പംതന്നെ ആവശ്യമെങ്കില്‍ എന്‍.സി.ഡി.സി.യില്‍നിന്നു സംഘങ്ങള്‍ക്കു വായ്പയും ലഭിക്കും.
നവീകരണപ്രോജക്ടുകള്‍ക്കു മറ്റു വായ്പാസ്ഥാപനങ്ങളില്‍നിന്നു വായ്പ കിട്ടാന്‍ ബുദ്ധിമുട്ടുന്ന സഹകരണസംഘങ്ങളെ സഹായിക്കുക, സഹകരണസംഘങ്ങളില്‍ അംഗങ്ങളുടെ പങ്കാളിത്തവും കൂട്ടായ ക്ഷേമവും വര്‍ധിപ്പിക്കുകയും ദേശീയ സഹകരണനയത്തിനൊപ്പം ചേര്‍ന്നുനിന്നു സംഘങ്ങളുടെ സ്വാശ്രയവളര്‍ച്ചക്ക് ആക്കംകൂട്ടുകയും എസ്.ഐ.എസ്. പദ്ധതിയുടെ ലക്ഷ്യങ്ങളില്‍പ്പെടും.
സാമൂഹിക-സാമ്പത്തികരംഗങ്ങളില്‍ ചലനമുണ്ടാക്കുന്ന പ്രായോഗികവും നവീനവുമായ ബിസിനസ്പദ്ധതികള്‍ സമര്‍പ്പിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കാണ് എന്‍.സി.ഡി.സി. ഗ്രാന്റ് അനുവദിക്കുക. ഓരോ കേസും പ്രത്യേകം പരിഗണിച്ചു 25 ലക്ഷം രൂപവരെ സംഘങ്ങള്‍ക്കു ഗ്രാന്റ് അനുവദിക്കും. സഹായം 100 ശതമാനവും ഗ്രാന്റായിരിക്കും. ഗ്രാന്റിനു പുറമേ വായ്പാരൂപത്തിലും എന്‍.സി.ഡി.സി.യുടെ സഹായം കിട്ടും.
കൃഷി, ഡെയറി, ഫിഷറീസ്, ടെക്സ്റ്റയില്‍സ്, കൈവേല, സേവനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതും എന്‍.സി.ഡി.സി. സഹായത്തിന് അര്‍ഹതയുള്ളതുമായ, രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ഈ പദ്ധതിപ്രകാരം അപേക്ഷിക്കാവുന്നതാണ്. സഹകരണസംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്.പി.ഒ. കള്‍ക്കും എഫ്.എഫ്.പി.ഒ.കള്‍ക്കും ഈ പദ്ധതിപ്രകാരം അപേക്ഷിക്കാം. നിലവില്‍ പ്രവര്‍ത്തിക്കുന്നതും പുതുതായി തുടങ്ങിയതുമായ സംഘങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. സാമ്പത്തികഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതും തൊഴില്‍ സൃഷ്ടിക്കുന്നതും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും സുസ്ഥിരവികസന സമ്പ്രദായങ്ങള്‍ പാലിക്കുന്നതുമായ സംഘങ്ങള്‍ക്കു മുന്‍ഗണനയുണ്ടാകും.
സഹകാര്‍ ഇന്നൊവേഷന്‍ ഫണ്ട് വഴിയായിരിക്കും സഹകാര്‍ ഇന്നൊവേഷന്‍ സ്‌കീം നടപ്പാക്കുക. തുടക്കത്തില്‍ ഇതിലേക്കായി പത്തു കോടി രൂപ നീക്കിവെക്കും. മൊത്തം ഫണ്ടിന്റെ 20 ശതമാനം വടക്കുകിഴക്കന്‍ മേഖലയിലും കുന്നിന്‍പ്രദേശങ്ങളിലുമുള്ള സംഘങ്ങള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കായുള്ള സംഘങ്ങള്‍ക്കും നീക്കിവെക്കും. രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്കേ സഹായത്തിന് അര്‍ഹതയുണ്ടാവൂ. ഈ സംഘങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുമുണ്ടാകണം. പുതുതായി രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ മൂന്നു മാസമെങ്കിലും പ്രവര്‍ത്തിച്ചിരിക്കണം. ഇവയ്ക്കു പ്രായോഗികമായ ഒരു ബിസിനസ്പ്ലാനും ഉണ്ടായിരിക്കണം. എന്‍.സി.ഡി.സി.യിലോ ബാങ്കുകളിലോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിലോ ഗ്രാന്റിനപേക്ഷിക്കുന്ന സഹകരണസംഘത്തിനോ അതിലെ ഡയറക്ടര്‍മാര്‍ക്കോ കടബാധ്യതയുണ്ടാകാന്‍ പാടില്ല. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ( ഡി.പി.ആര്‍ ) സഹിതം നിശ്ചിതഫോമിലാണു സംഘങ്ങള്‍ ഗ്രാന്റിനായി അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങളും അപേക്ഷഫോമും ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
