Indian Cooperator

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ കൂടുതലുള്ളത് മഹാരാഷ്ട്രയില്‍; പുതിയ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നകാര്യത്തില്‍ തീരുമാനമായില്ല

എല്ലാനഗരങ്ങളും അര്‍ദ്ധനഗരങ്ങളിലും ഒരു സഹകരണ അര്‍ബന്‍ ബാങ്ക് വേണമെന്നതാണ് കേന്ദ്ര സഹകരണ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ അര്‍ബന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനുള്ള നിലപാടിലേക്ക് റിസര്‍വ് ബാങ്കും മാറിയിട്ടുണ്ട്. എന്നാല്‍, എല്ലാ നഗരങ്ങളിലും അര്‍ബന്‍ ബാങ്കുകള്‍ വേണോയെന്നതില്‍ ധനമന്ത്രാലയം തീര്‍പ്പിലെത്തിയിട്ടില്ല. പുതിയ അര്‍ബന്‍ ബാങ്കുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നതാണ് കേന്ദ്ര ധനമന്ത്രി പാര്‍ല്ലമെന്റില്‍ നല്‍കിയ മറുപടി.

രാജ്യത്തിപ്പോള്‍ പ്രവര്‍ത്തനനിരതമായ 1330 സഹകരണ അര്‍ബന്‍ബാങ്കുകളാണുള്ളത്. ഇവയില്‍ 434 അര്‍ബന്‍ബാങ്കുകളുമായി മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനത്തുള്ള കര്‍ണാടകയില്‍ 237 ഉം മൂന്നാംസ്ഥാനത്തുള്ള ഗുജറാത്തില്‍ 203 ഉം അര്‍ബന്‍ബാങ്കുകളാണുള്ളത്. തമിഴ്‌നാടും ( 102 ) ഉത്തര്‍പ്രദേശു ( 51 ) മാണു തൊട്ടുപിന്നില്‍. വിവിധ വിഭാഗങ്ങളിലായുള്ള സഹകരണസംഘങ്ങളുടെ കണക്കിലും മഹാരാഷ്ട്രയാണു മുന്നില്‍. വിവിധസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 340 ജില്ലാ കേന്ദ്ര സഹകരണബാങ്കുകളാണുള്ളത്. 34 സംസ്ഥാന സഹകരണബാങ്കുകളും രാജ്യത്തുണ്ട്. കേരളത്തിന്റെ കണക്ക് കേന്ദ്രമന്ത്രി നല്‍കിയ കണക്കിലില്ല.

2026 മാര്‍ച്ച് ഒന്നുവരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണു ദേശീയ സഹകരണ ഡേറ്റാബേസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ കണക്ക് ഒരു ചോദ്യത്തിനുള്ള മറുപടിയായി വെളിപ്പെടുത്തിയത്. സഹകരണസംഘങ്ങളുടെ വിപുലമായ ശൃംഖലയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കും ഗ്രാമീണസ്ഥാപനങ്ങള്‍ക്കും വായ്പകള്‍ യഥേഷ്ടം കിട്ടുന്നുണ്ട്.

ദീര്‍ഘകാല വായ്പാരംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ കാര്‍ഷിക, ഗ്രാമവികസനബാങ്കുകളുടെ എണ്ണം 526 ആണ്. സംസ്ഥാന സഹകരണ കാര്‍ഷിക, ഗ്രാമവികസനബാങ്കുകള്‍ പതിനാലെണ്ണം വരും. ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ എണ്ണം 69 ആണ്.

പ്രാഥമിക കാര്‍ഷിക വായ്പാസഹകരണസംഘങ്ങളുടെ ( പാക്‌സ് ) കാര്യത്തിലും മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ദേശീയ സഹകരണ ഡേറ്റാബേസനുസരിച്ച് മഹാരാഷ്ട്രയില്‍ 21,060 പ്രാഥമികസംഘങ്ങളാണുള്ളത്. രണ്ടും മൂന്നും സ്ഥാനവുമായി ഗുജറാത്തും രാജസ്ഥാനും നില്‍ക്കുന്നു. ഗുജറാത്തില്‍ 10,193 പ്രാഥമികസംഘങ്ങളും രാജസ്ഥാനില്‍ 8,187 സംഘങ്ങളുമാണുള്ളത്.  

രാജ്യത്താകെ 8.48 ലക്ഷം സഹകരണസംഘങ്ങളാണുള്ളതെന്നു മന്ത്രി അമിത് ഷാ പറഞ്ഞു. ഇവയില്‍ പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം 6.59 ലക്ഷമാണ്. 1.41 ലക്ഷം പ്രവര്‍ത്തിക്കുന്നില്ല. 47,688 എണ്ണം ലിക്വിഡേഷനിലാണ്. പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ 3.49 ലക്ഷം എണ്ണം ലാഭത്തിലാണ്. നഷ്ടത്തിലുള്ളത് 2.11 ലക്ഷം സംഘങ്ങളാണ്. 99,325 സംഘങ്ങളുടെ ലാഭനഷ്ടക്കണക്കുകള്‍ കിട്ടിയിട്ടില്ല മന്ത്രി അറിയിച്ചു.

എല്ലാ വിഭാഗങ്ങളിലുമായി 2.25 ലക്ഷം സഹകരണസംഘങ്ങളുമായി മഹാരാഷ്ട്രതന്നെ മുന്നില്‍. ഗുജറാത്ത് ( 86,519 ), കര്‍ണാടക ( 46,969 ) എന്നീ സംസ്ഥാനങ്ങളാണു രണ്ടും മൂന്നും സ്ഥാനത്ത്. ബിഹാര്‍, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലും സഹകരണസംഘങ്ങള്‍ ഏറെയുണ്ട്.

Related posts

സഹകരണമേഖലയുടെ അടിമുടിമാറ്റം ലക്ഷ്യമിട്ട് സഹകരണമന്ത്രാലയത്തിന്റെ ആറ് നിര്‍ദേശങ്ങള്‍

Indian Cooperator

മൂന്നു അര്‍ബന്‍ബാങ്കുകള്‍ക്ക്11.10 ലക്ഷം രൂപറിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator

പരമ്പരാഗത സഹകരണ സംഘങ്ങള്‍ വെല്ലുവിളിനേരിടുന്നു; തൊഴില്‍ സുരക്ഷയില്ലാതെ തൊഴിലാളികള്‍

Indian Cooperator
error: Content is protected !!