Indian Cooperator

ടി.ഡി.എസ്. കേരളത്തിലെ സഹകരണ മേഖലയുടെ നിശബ്ദ കൊലയാളിയാകും

ഹകരണ സംഘങ്ങള്‍ നികുതി നല്‍കുന്നതിന് എന്തിനാണ് എതിര്‍ക്കുന്നത്?  ലാഭത്തില്‍നിന്നുള്ള ഒരുഭാഗമല്ലേ നികുതിയായി നല്‍കേണ്ടതുള്ളൂ. ഒരുവര്‍ഷം 50ലക്ഷത്തില്‍ കൂടുതല്‍ പലിശ വരുമാനം ലഭിക്കുമ്പോഴല്ലേ കേരളാബാങ്ക് സഹകരണ സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. (ഉറവിടത്തില്‍നിന്ന് നികുതി) പിടിക്കുന്നുള്ളൂ. 50 കോടിയലധികം വാര്‍ഷിക ടേണ്‍ ഓവറുള്ള സംഘങ്ങള്‍ മാത്രമല്ലേ ടി.ഡി.എസ്. പിടിച്ച് ആദായനികുതിക്ക് നല്‍കേണ്ടതുള്ളൂ. 2020ല്‍ ഫിനാന്‍സ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് ശേഷം സഹകരണ സംഘങ്ങളുടെ വരുമാനത്തിനും ടി.ഡി.എസ്. ബാധകമാക്കിയപ്പോള്‍ മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.

രാജ്യത്തെ നികുതി സംവിധാനത്തെ എതിര്‍ക്കേണ്ടതുണ്ടോയെന്നതാണ് ഇതിന്റെ അടിസ്ഥാനപരമായ ചോദ്യം. സഹകരണ സംഘങ്ങളിലെ ജീവനക്കാരും സഹകാരികളും ഇതേക്കുറിച്ച് പഠിക്കുകയോ പരിശോധിക്കുകയോ എന്താണ് അപകടം എന്ന് തിരിച്ചറിയുകയോ ചെയ്തിട്ടില്ലെന്ന്, ഇത്തരം ചോദ്യങ്ങള്‍ക്ക് കാര്യമായ മറുപടി ഉയരാത്തതില്‍നിന്ന് വ്യക്തമാകുന്നുണ്ട്. കേരളത്തിലെ സഹകരണ സംഘങ്ങള്‍ മാത്രമാണ് ടി.ഡി.എസ്. പിടിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളൂവെന്നതും, കേരളത്തില്‍ മാത്രമെന്താണ് പ്രശ്‌നമെന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്. ശരിക്കും എന്താണ് ടി.ഡി.എസ്.? എന്താണ് അതുണ്ടാക്കുന്ന പ്രശ്‌നം? കേരളത്തിലെ സഹകരണ മേഖലയുടെ അന്തകനാകാന്‍ പാകത്തില്‍ ടി.ഡി.എസ്. എങ്ങനെയാണ് മാറുന്നത്. വിശദമായി പരിശോധിക്കേണ്ടതുണ്ട്.

നിയമത്തിലെ പ്രധാനമാറ്റം

ഫിനാന്‍സ് ആക്ടില്‍ വകുപ്പ് 194(എ), 194(എന്‍) എന്നീ രണ്ടുവകുപ്പുകളിലെ വ്യവസ്ഥകളാണ് സഹകരണ സംഘങ്ങളെ പ്രധാനമായും ബാധിക്കുന്നത്. ഒരുവര്‍ഷം ഒരുകോടിരൂപയിലധികം പണമായി പിന്‍വലിക്കുകയാണെങ്കില്‍ രണ്ടുശതമാനം നികുതി നല്‍കണമെന്നാണ് 194(എന്‍)യിലെ വ്യവസ്ഥ. ഒരു കോടിരൂപ എന്നത് ഇപ്പോള്‍ മൂന്നുകോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ കേരളത്തിലെ സഹകരണ സംഘങ്ങളെ ബാധിക്കില്ലെന്നായിരുന്നു നമ്മള്‍ ആദ്യം വിലയിരുത്തിയത്. പ്രത്യേകിച്ച് പ്രാഥമിക സഹകരണ ബാങ്കുകളെ. പക്ഷേ, ആ വ്യവസ്ഥ ബാധകമായി. കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ എന്നിവയെല്ലാം വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളാണ്. 62ലക്ഷം പേര്‍ക്കാണ് ഒരുമാസം ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. 1045 കോടിരൂപയാണ് ഒരുമാസം ഇതിനായി വേണ്ടത്. ഇത്രയും തുക പണമായി പിന്‍വലിക്കേണ്ടിവരുന്നത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാണ്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ദൗത്യം സഹകരണ സംഘങ്ങള്‍ക്കില്ല. അതിനാല്‍, പിന്‍വലിക്കുന്ന പണത്തിന് നികുതി എന്നത് കേരളത്തിലെ സഹകരണ സംഘങ്ങളെ മാത്രം ബാധിക്കുന്ന വ്യവസ്ഥയാണ്.

194(എ) എന്നത് സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുന്ന പലിശ വരുമാനത്തില്‍നിന്ന് ടി.ഡി.എസ്. പിടിക്കുന്നതിനുള്ള വ്യവസ്ഥയാണ്. ഒരുവര്‍ഷം 50,000 രൂപയ്ക്ക് മുകളില്‍ പലിശലഭിക്കുമ്പോഴാണ് ടി.ഡി.എസ്. ബാധകമാകുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളും പ്രാഥമിക സഹകരണ ബാങ്കുകളും കേരളാബാങ്കിലാണ് അവരുടെ നിക്ഷേപം സൂക്ഷിക്കുന്നത്. അംഗങ്ങളില്‍നിന്ന് വാങ്ങുന്ന നിക്ഷേപമാണ് സഹകരണ ബാങ്കുകള്‍ കേരളാബാങ്കില്‍ നിക്ഷേപിക്കുന്നത്. ഇതിന്റെ പലിശ വരുമാനത്തില്‍നിന്ന് 10 ശതമാനം ടിഡിഎസ് പിടിക്കണമെന്നാണ് വ്യവസ്ഥ. പാന്‍ നമ്പറില്ലാത്ത, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത സംഘങ്ങളാണെങ്കില്‍ ടി.ഡി.എസ്. 20ശതമാനമാകും. അതായത്, സംഘങ്ങള്‍ അവരുടെ അംഗങ്ങളുടെ നിക്ഷേപത്തിന് പലിശ നല്‍കേണ്ടതുണ്ട്. അതിന് ലഭിക്കേണ്ട വരുമാനമാണ് ടി.ഡി.എസ്സായി നല്‍കേണ്ടത്. ഇത് സംഘങ്ങളെ ബാധിക്കും. 50 കോടി വാര്‍ഷിക ടേണ്‍ ഓവറുള്ള സഹകരണ സംഘങ്ങളും നിക്ഷേപകരില്‍നിന്ന് ടി.ഡി.എസ്. പിടിച്ച് ആദായനികുതി വകുപ്പിന് നല്‍കണം. ഇത് ഇത്തരം സംഘങ്ങളില്‍ നിക്ഷേപകരെ അകറ്റാന്‍ ഇടയാക്കും.

ടി.ഡി.എസ്. ഉണ്ടാക്കുന്ന ആഘാതം

സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നത് 8.5 ശതമാനംവരെ പലിശ നല്‍കിയാണ്. ഈ നിക്ഷേപമാണ് കേരളാബാങ്കില്‍ ഇടുന്നത്. കേരളാബാങ്ക് ഈ നിക്ഷേപത്തിന് നല്‍കുന്ന പലിശ പരമാവധി 7.5 ശതമാനമാണ്. അതായത്, നിക്ഷേപിക്കുന്ന ഘട്ടത്തില്‍തന്നെ ഒരുശതമാനം നഷ്ടം പ്രാഥമിക സംഘങ്ങള്‍ക്ക് സംഭവിക്കുന്നുണ്ട്. കേരളാബാങ്ക് നല്‍കുന്ന പലിശയില്‍നിന്ന് ടി.ഡി.എസ്. പിടിക്കുമ്പോള്‍, സംഘങ്ങള്‍ക്ക് ലഭിക്കുന്ന അറ്റപലിശ എന്നത് 6.84 ശതമാനമായി മാറും.

ഈ നിക്ഷേപം പണമായി പിന്‍വലിക്കുമ്പോള്‍ രണ്ടുശതമാനം അധിക നികുതി നല്‍കുന്നതിലൂടെയുള്ള നഷ്ടം വേറെയുമുണ്ട്. ഈ മേഖല തകര്‍ന്നുവീഴാന്‍ ഈ അവസ്ഥ മാത്രം മതിയെന്ന് സാരം.  

രാജ്യത്താകെ നിലവിലുള്ള നിയമത്തില്‍ കേരളത്തില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന സംശയവും സ്വാഭാവികം. കേരളത്തില്‍മാത്രമാണ് ഇത്രയും തുക പ്രാഥമിക സംഘങ്ങളില്‍ നിക്ഷേപമായുള്ളൂ. കേരളത്തില്‍ മാത്രമാണ് ഇത്രയും തുക സംസ്ഥാന സഹകരണ ബാങ്കുകളില്‍ പ്രാഥമിക സംഘങ്ങള്‍ നിക്ഷേപിക്കുന്നുമുള്ളൂ. കേരളത്തില്‍ മാത്രമാണ് ഇത്രയും പ്രാഥമിക സംഘങ്ങള്‍ക്ക് പണമായി പിന്‍വലിക്കേണ്ട അവസ്ഥയുള്ളൂ. ഇതാണ് കേരളത്തെ മാത്രം ഈ വ്യവസ്ഥ ബാധിക്കാന്‍ കാരണം.

കേരളത്തിലെ ഒരു പ്രാഥമിക സഹകരണ ബാങ്കിന്റെ (പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘം) ശരാശരി നിക്ഷേപം 82 കോടിരൂപയാണ്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളെല്ലാം ചേര്‍ത്ത് അവിടുത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന്റെ ശരാശരി നിക്ഷേപം 53 ലക്ഷം രൂപയാണ്.

അപ്പോള്‍ ടി.ഡി.എസ്. ഒരു നികുതി പ്രശ്‌നമല്ല, കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ത്തില്ലാതാക്കുന്ന അപകടകരമായ സാഹചര്യമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

Related posts

സഹകരണ സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. ഈടാക്കാനുള്ള നിര്‍ദ്ദേശം നിക്ഷേപങ്ങളെ ബാധിക്കുമെന്ന് സഹകരണ മന്ത്രി

Indian Cooperator

കോടതിവിധിയുടെ ഇളവില്ല; സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. പിടിക്കാന്‍ കേരളാബാങ്കിന്റെ സര്‍ക്കുലര്‍

Indian Cooperator

കുടിശ്ശിക നിവാരണ പദ്ധതിയില്‍ പരമാവധി ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Indian Cooperator
error: Content is protected !!