Indian Cooperator

ജില്ലാബാങ്കുകളിലെ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്; നിയമിക്കാനുള്ള അധികാരം പിഎസ്.സി.ക്കുമുണ്ടെന്ന് ഹൈക്കോടതി

കേരളാബാങ്ക് നിയമനത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. പലവട്ടം കോടതി കയറിയും വിധിവന്നും കൊണ്ടിരിക്കുന്ന കേസിലാണ്, ജില്ലാബാങ്കുകളിലെ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് കേരളാബാങ്ക് നിയമനത്തിലും അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കേരളാബാങ്കിന് പുതിയ നിയമന ചട്ടമാണെന്നും അത് അംഗീകരിച്ചുമാത്രമേ നിയമനം നടത്താന്‍ പാടുള്ളൂവെന്നായിരുന്നു കേരളാബാങ്കിന്റെയും സര്‍ക്കാരിന്റെയും വാദം. നേരത്തെയുള്ള ജില്ലാബാങ്കുകള്‍ ഇപ്പോഴില്ല. ജില്ലാബാങ്കുകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമാണ് കേരളാബാങ്കിന്റെ ജോലിയില്‍ സംരക്ഷണം ലഭിക്കുന്നത്. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പരിരക്ഷയില്ലെന്നും കേരളാബാങ്ക് ബാധിച്ചു. എന്നാല്‍, ലയനം കൊണ്ടുമാത്രം നിയമനത്തിന്റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കേരളാബാങ്ക് രൂപവത്കരണത്തിന് മുമ്പ് ജില്ലാസഹകരണ ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ റാങ്ക് പട്ടിക നിലവിലുണ്ടായിരുന്നു. എന്നാല്‍, കേരളാബാങ്ക് നിലവില്‍വന്നതോടെ ആ പട്ടിക അസാധുവായി. അതിലുള്‍പ്പെട്ടവര്‍ക്ക് പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ പിന്നീടുള്ള അവസരം ലഭിക്കുമായിരുന്നില്ല. ഇതോടെയാണ് റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ കോടതിയെ സമീപിച്ചത്. 2022 ജുലായ് 12ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞു. എന്നാല്‍, ആലപ്പുഴ ജില്ലാസഹകരണ ബാങ്കിന്റെ ക്ലര്‍ക്ക്- ക്യാഷ്യര്‍ തസ്തികയിലുള്ളവര്‍ നല്‍കിയ ഹരജി മറ്റൊരു സിംഗിള്‍ ബെഞ്ച് തള്ളുകയും ചെയ്തു. അനുകൂലവിധിക്കെതിരെ സര്‍ക്കാരും കേരളാബാങ്കും അപ്പീല്‍ നല്‍കിയിരുന്നു. പ്രതികൂല ഉത്തരവിനെതിരെ ആലപ്പുഴ ജില്ലാബാങ്കിലെ ഉദ്യോഗാര്‍ത്ഥികളും അപ്പീല്‍ നല്‍കി. ഉദ്യോഗാര്‍ത്ഥികളുടെ അപ്പീലിലാണ് ഇപ്പോള്‍ ചീഫ്ജസ്റ്റിസ് നിതിന്‍ ജംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയുമടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വിധി പറഞ്ഞിട്ടുള്ളത്. ഇതുപ്രകാരം, ജില്ലാബാങ്കുകള്‍ കേരളബാങ്കില്‍ ലയിക്കുംമുമ്പുണ്ടായിരുന്ന റാങ്കുലിസ്റ്റില്‍നിന്ന്് ഹര്‍ജിക്കാര്‍ക്ക് നിയമനാര്‍ഹത ലഭിക്കും. സര്‍ക്കാരിന്റെയും കേരളബാങ്കിന്റെയും അപ്പീല്‍ തളളുകയും ചെയ്തിട്ടുണ്ട്.

സ്ഥാപനങ്ങളുടെ ലയനം അതിലെ നിയമനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് സാഹചര്യവും വസ്തുതയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തേണ്ടതെന്നാണ് കോടതി സ്വീകരിച്ച നിലപാട്. ഓരോ ലയനത്തിനും വ്യത്യസ്തമായ പ്രത്യാഘാതമായിരിക്കും ഉണ്ടാകുക. അതിനാല്‍, എല്ലാ ലയനങ്ങളെയും ഒറ്റമാനദണ്ഡം വച്ചു വിലയിരുത്തരുത്. ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടുന്നതുപോലെയല്ല ലയനമെന്നു കേന്ദ്രപ്രിന്‍സിപ്പല്‍ ആദായനികുതികമ്മീഷണറും മഹാഗുണ്‍റിയാല്‍റ്റേഴ്സും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ലയനത്തോടെ നേരത്തേയുള്ള സ്ഥാപനങ്ങള്‍ പുതിയൊരു പേരില്‍ തുടരുകയാണ്. നേരത്തെയുള്ള സ്ഥാപനം നശിച്ചുപോയെന്ന് ഇതിലൂടെ കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

കേരളാബാങ്കിന്റെ വാദം

നേരത്തെ ജില്ലാസഹകരണ ബാങ്കുകളിലെ നിയമനത്തിനുള്ള അധികാരം പി.എസ്.സി.ക്കായിരുന്നു. നിയമഭേദഗതിയിലൂടെ ആ അധികാരം ഇല്ലാതായി. ഇപ്പോള്‍ ജില്ലാബാങ്കുകളിലേക്ക് അഡൈ്വസ് മെമ്മോ അയക്കാന്‍ പി.എസ്.സി.ക്ക് അധികാരമില്ല. 2021 മുതല്‍ കേരളാബാങ്കിന് പുതിയ നിയമനചട്ടം ബാധകമായി. അത് പാലിക്കേണ്ടതിനാല്‍, നേരത്തെ ജില്ലാബാങ്കുകളുടെ റാങ്ക് പട്ടികയ്ക്ക് പ്രാബല്യം നല്‍കുന്നത് റദ്ദാക്കപ്പെടേണ്ടതാണ്.

ഉദ്യോഗാര്‍ത്ഥികളുടെ വാദം

കേരളാബാങ്ക് രൂപവത്കരണത്തിനായി കൊണ്ടുവന്ന നിയമഭേദഗതിയില്‍തന്നെ ലയനത്തിന് മുമ്പുള്ള എല്ലാ റിട്ട ഹരജികളും തുടരുമെന്നും ബാങ്കിന് നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലയിച്ചതിനാല്‍ നിലവിലെ റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്താനാവില്ലെന്ന വാദവും നിയമപരമായി നിലനില്‍ക്കുന്നതല്ല. റിപ്പോര്‍ട്ടുചെയ്ത ഒഴിവുകളിലേക്കു നിയമനം അഡ്വൈസ് ചെയ്യാന്‍ പി.എസ്.സിക്കു നിയമപരമായ ബാധ്യതയുണ്ട്. ലയനത്തിനുമുമ്പുള്ള എല്ലാ നിയമനടപടികളും ചുമതലകളും തുടരാന്‍ കേരളബാങ്ക് ബാധ്യസ്ഥമാണ്. നേരത്തെയുണ്ടായിരുന്ന ഒഴിവുകള്‍ പലതും നികത്തിയിട്ടില്ല. കോഴിക്കോട് ജില്ലാബാങ്കില്‍ 130 ഒഴിവുണ്ടായിരുന്നു. നിയമിച്ചത് 40 പേരെ മാത്രമാണ്. ഇടുക്കി ജില്ലാബാങ്കില്‍ നിലവിലെ പട്ടികയില്‍നിന്ന് നിയമനം നടത്തിയിട്ടുണ്ട്. താല്‍കാലികജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശം വന്നിരിക്കുന്നത് ഇനിയും കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നതിനു തെളിവാണ്. അതുകൊണ്ടു റാങ്കുലിസ്റ്റുകളുടെ കാര്യത്തില്‍ അധികൃതരുടെ നിലപാടുകള്‍ ഇരട്ടത്താപ്പാണ്. ഉദ്യോഗാര്‍ഥികള്‍ നിയമവിരുദ്ധമായ വിവേചനത്തിന് ഇരയാകുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു.

ഹൈക്കോടതിയുടെ നിരീക്ഷണം

ലയനത്തോടെ എല്ലാം അവസാനിച്ചു എന്ന വാദം അംഗീകരിക്കാവുന്നതല്ല. ലയനത്തിനു ഏറെകാലത്തിനുശേഷവും, 2023 മാര്‍ച്ച് 30നും 2024 മെയ് 23നുമിടയില്‍,വിവിധജില്ലാബാങ്കുകളുടെ ഇതേ റാങ്കുലിസ്റ്റുകളില്‍നിന്നുതന്നെ ഹര്‍ജിക്കാര്‍ക്കു നിയമനോപദേശവും നിയമനവും നല്‍കിയിട്ടുണ്ട്. ഇതിന്റെ പട്ടികയുമുണ്ട്. 2023 ഓഗസ്റ്റ് 25ലെ റാങ്കുലിസ്റ്റില്‍നിന്നു കാസര്‍ഗോഡ് ജില്ലാസഹകരണബാങ്കിന്റെ ശാഖാമാനേജര്‍ തസ്തികയിലേക്കു പി.എസ്.സി. നിയമന അഡ്വൈസ് നല്‍കിയതായി ഒരു ഉദ്യോഗാര്‍ഥി അറിയിച്ചിട്ടുണ്ട്. അതിനുശേഷം ചില പ്യൂണ്‍/വാച്ച്മാന്‍, ഡ്രൈവര്‍ നിയമനങ്ങളും നടത്തിയിട്ടുണ്ട്. ഇതിനൊന്നിനും കാര്യമായ വിശദീകരണം നല്‍കിയിട്ടില്ല. ഉദ്യോഗാര്‍ഥികള്‍ക്കു നിയമപരമായി അവകാശമൊന്നുമില്ലെന്നും നിലവിലില്ലാതായിക്കഴിഞ്ഞ ബാങ്കുകളുടെ പേരില്‍ പി.എസ്.സി.ക്ക് അഡ്വൈസ് അയക്കാനാവില്ലെന്നും വാദിക്കുകമാത്രമാണ് അധികൃതര്‍ ചെയ്യുന്നത്. ഇത് തങ്ങള്‍ക്ക് അനുകൂലമായത് മാത്രം ചിന്തിച്ച് നടപ്പാക്കുന്ന രീതിയാണ്. അത് അംഗീകരിക്കാനാവില്ല.

ജില്ലാബാങ്കുകള്‍ക്ക് അഡൈ്വസ് അയക്കാന്‍ പി.എസ്.സി.ക്ക് അധികാരമില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായുള്ള കോടതിവിധിയിലൊന്നും പി.എസ്.സി. അപ്പീല്‍ നല്‍കിയിട്ടില്ല. ലയനത്തിനുശേഷവും ഇടുക്കി ജില്ലസഹകരണബാങ്കിന്റെ കാര്യത്തില്‍ അഡ്വൈസ് നല്‍കിയിട്ടുമുണ്ട്. ഇതിനെ അധികൃതര്‍ എതിര്‍ത്തിട്ടുമില്ല. ജില്ലാ ബാങ്കുകളില്‍ ഒഴിവുണ്ടായിരുന്ന തസ്തികയിലേക്കാണ് പി.എസ്.സി. റാങ്ക് പട്ടിക തയ്യാറാക്കിയത്. കേരളാബാങ്ക് വന്ന് നിയമം മാറ്റിയാല്‍ നേരത്തെ പി.എസ്.സി.ക്കുണ്ടായിരുന്ന ഉത്തരവാദിത്തം ഇല്ലാതാകുമോയെന്നത് പ്രസക്തമായ ചോദ്യമാണ്. പി.എസ്.സി.യുടെ അധികാരത്തെ സംരക്ഷിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ സ്വതന്ത്രസംവിധാനമായ പി.എസ്.സിയുടെ പദവി ചെറുതായിപ്പോകും. അതുകൊണ്ട് കേരളാബാങ്ക് രൂപവത്കരണത്തിനുള്ള 2019-ലെ ആക്ടിനുമുമ്പ് തയ്യാറാക്കപ്പെട്ട റാങ്കുപട്ടികയുടെ കാര്യത്തില്‍, പുതിയ ഭേദഗതി വന്നതോടെ പി.എസ്.സി.യുടെ അധികാരം ഇല്ലാതാവില്ല. മാത്രവമല്ല, ആ റാങ്കുപട്ടികകളുടെ കാലാവധി തീരുംവരെ ആ അധികാരം നിലനില്‍ക്കുകയും ചെയ്യും.

ലയനത്തോടെ ജില്ലാബാങ്കുകള്‍ ഇല്ലാതായെന്നും അതുകൊണ്ടു റാങ്കുലിസ്റ്റിലുള്ളവര്‍ക്ക് അനുകൂലമായ സിംഗിള്‍ബെഞ്ച് ഉത്തരവു പ്രായോഗികമല്ലെന്നുമായിരുന്നു അധികൃതരുടെ ഒരു വാദം. വസ്തുതകളുടെ അടിസ്ഥാനത്തില്‍ അധികൃതരുടെ വാദം സ്വീകാര്യമല്ല. മുന്‍ റാങ്ക് പട്ടികയിലുള്ളവരുടെ നിയമനത്തിന്റെ കാര്യത്തില്‍ നേരത്തെ സിംഗിള്‍ബെഞ്ച് വിധി പറഞ്ഞതാണ്. അതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ വിശദമായി പഠിക്കുകയും 2023 ജൂണ്‍ എട്ടിന് ഒരു ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. അതുപ്രകാരം കേരളബാങ്ക് വരുംമുമ്പ് 14 ജില്ലാബാങ്കിനുംകൂടി 1762 ക്ലര്‍ക്ക് -കാഷ്യര്‍ തസ്തികയാണുണ്ടായിരുന്നത്. അതില്‍ 1468 തസ്തികകളില്‍ പി.എസ്.സി. നിയമനം നടത്തി. കേരളബാങ്ക് രൂപവല്‍കരണഘട്ടത്തില്‍ പി.എസ്.സി.വഴി നിയമനം കിട്ടിയവരുടെ എണ്ണം 1265 ആണ്. കേരളബാങ്ക് വന്നശേഷം നിയമനം കിട്ടിയത് എട്ടുപേര്‍ക്കാണ്. 154 ഒഴിവുകള്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു കേരളബാങ്ക് രൂപവല്‍കരണത്തിനുമുമ്പുള്ള അനുപാതത്തില്‍ നിയമനം നടത്താന്‍ കേരളബാങ്കിനോട് ഉത്തരവിടുകയും ചെയ്തുകൊണ്ടുള്ളതാണ് രജിസ്ട്രാറുടെ ഉത്തരവ്. പക്ഷേ, 2023 സെപ്റ്റംബര്‍ ഏഴിന് ഇതു പിന്‍വലിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞാണു പിന്‍വലിച്ചത്. സിംഗിള്‍ബെഞ്ചിന്റെ ഉത്തരവു നടപ്പാക്കാനാവുമായിരുന്നുവെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. പ്രായോഗികമോ നിയമപരമോ ആയ ബുദ്ധിമുട്ടൊന്നും പറയാതെ അതു നടപ്പാക്കാന്‍ ശ്രമിച്ചതുമാണ്. അതിനുശേഷമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. ഒഴിവുകള്‍ കണ്ടെത്താന്‍ സാധ്യമാണെന്നും പ്രായോഗികമാണെന്നും ഇതൊക്കെ സൂചിപ്പിക്കുന്നു. അതിനുശേഷം സിംഗിള്‍ബെഞ്ചിന്റെ ഉത്തരവു നടപ്പാക്കുന്നതു പ്രായോഗികമല്ലെന്നു വാദം സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കോടതി വിധിപകര്‍പ്പ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://hckinfo.keralacourts.in/digicourt/orders/2023/215400015832023_6.pdf

Related posts

കേരളാബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ ഇനി ബാങ്ക് നേരിട്ട് നല്‍കും

Indian Cooperator

സംഘങ്ങളുടെ എം.ഡി.എസ്സുകള്‍ക്ക് ജി.എസ്.ടി. ബാധകമാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

Indian Cooperator

ടി.ഡി.എസ്. കേരളത്തിലെ സഹകരണ മേഖലയുടെ നിശബ്ദ കൊലയാളിയാകും

Indian Cooperator
error: Content is protected !!