Indian Cooperator

അടച്ചുപൂട്ടുന്ന സഹകരണ സംഘത്തിന്റെ ഭൂമി ലേലം ചെയ്യുമ്പോള്‍ ലഭിക്കാവുന്ന പണം ചൂണ്ടിക്കാട്ടി കൈക്കൂലി ആവശ്യപ്പെട്ടു

സഹകരണ ഹൗസിങ് സൊസൈറ്റിയില്‍നിന്നു ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ലിക്വിഡേറ്ററും ഓഡിറ്ററും കൈക്കൂലിയായി ചോദിച്ചത് എട്ടു കോടി രൂപ. ആദ്യഗഡുവായി കൈപ്പറ്റിയതു മുപ്പതു ലക്ഷം രൂപ. പക്ഷേ, ബാക്കി വാങ്ങാന്‍ യോഗമുണ്ടായില്ല. അപ്പോഴേക്കും രണ്ടു പേരും പോലീസിന്റെ വലയില്‍ കുരുങ്ങി.

മഹാരാഷ്ട്രയിലെ പുണെയിലാണു സംഭവം. സംസ്ഥാനത്തെ സഹകരണവകുപ്പ് നിയമിച്ച ലിക്വിഡേറ്റര്‍ വിനോദ് മാണിക്റാവു ദേശ്മുഖ് ( 50 ), ചാര്‍ട്ടേര്‍ഡ് ഓഡിറ്റര്‍ ഭാസ്‌കര്‍ രാജാറാം പോള്‍ ( 56 ) എന്നിവരാണു അറസ്റ്റിലായത്. ധനക് വാഡിയിലെ ഏക്താ സഹകരണ ഹൗസിങ് സൊസൈറ്റിയിലെ പുതിയ അംഗമായ ബിസിനസ്സുകാരനാണു പരാതിക്കാരന്‍. 2005 ല്‍ ബിസിനസ്സുകാരനടക്കം 33 പേര്‍ തുടക്കക്കാരായ അംഗങ്ങളില്‍നിന്നു ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണു സംഘത്തില്‍ അംഗങ്ങളായത്. സംഘത്തിലെ അംഗത്വത്തെച്ചൊല്ലി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്നു സഹകരണവകുപ്പ് 2020 ല്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. അഡ്മിനിസ്ട്രേറ്റര്‍ പിന്നീട് ലിക്വിഡേഷന്‍ പ്രഖ്യാപിച്ചു. 2024 ല്‍ ദേശ്മുഖിനെ ലിക്വിഡേറ്ററായി നിയമിച്ചു. പുതിയ അംഗങ്ങളെല്ലാം ലിക്വിഡേറ്ററെ സമീപിച്ച് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയെങ്കിലും പരാതിക്കാരനായ ബിസിനസ്സുകാരന്റെ അപേക്ഷയില്‍മാത്രം തീരുമാനമെടുക്കുന്നതു നീട്ടിക്കൊണ്ടുപോയി. ഹിയറിങ് വേളയില്‍ ഹാജരായില്ല എന്നു പറഞ്ഞാണു ബിസിനസ്സുകാരനെ ഇവര്‍ വട്ടംചുറ്റിച്ചത്.

2025 സെപ്റ്റംബറില്‍ പരാതിക്കാരന്‍ ഓഡിറ്ററെ സമീപിച്ചപ്പോള്‍ മൂന്നു കോടി രൂപയാണു തനിക്കുള്ള കൈക്കൂലിയായി ആവശ്യപ്പെട്ടത്. സംഘത്തിന്റെ ഭൂമിയില്‍ പില്‍ക്കാലത്തു നടക്കാന്‍ സാധ്യതയുള്ള ലേലത്തിന്റെ പേരില്‍ ബിസിനസ്സുകാരനില്‍നിന്നു ഇരുവരുംകൂടി അഞ്ചു കോടി രൂപ വേറെയും കൈക്കൂലിയായി ചോദിച്ചു. തുടര്‍ന്നാണു ബിസിനസ്സുകാരന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഷാനിവാര്‍ പെര്‍ത്തിലുള്ള പരാതിക്കാരന്റെ ഓഫീസില്‍വെച്ചു കൈക്കൂലിയുടെ ആദ്യഗഡുവായ മുപ്പതു ലക്ഷം വാങ്ങവെ ലിക്വിഡേറ്ററും ഓഡിറ്ററും കൈയോടെ പിടിക്കപ്പെടുകയും ചെയ്തു.

32 അംഗങ്ങള്‍ ചേര്‍ന്ന് 2005 ലാണു ഈ ഭവനനിര്‍മാണ സഹകരണസംഘം രൂപവത്കരിച്ചത്. പിന്നീട് ചിലര്‍ പഴയ അംഗങ്ങളില്‍നിന്നു ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി. 2020 ല്‍ പഴയ അംഗങ്ങളും പുതിയ അംഗങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തപ്പോഴാണു അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനിടയായത്. സംഘത്തിന്റെ ഒരു ഹെക്ടറിലധികം ഭൂമിയാണു ചില അംഗങ്ങള്‍ ചേര്‍ന്നു വാങ്ങിയത്. ഇപ്പോഴത്തെ വിപണിവിലയനുസരിച്ച് ഈ ഭൂമിക്ക് 45 കോടി രൂപയിലധികം വില കണക്കാക്കുന്നുണ്ട്.

Related posts

വിദേശപൗരനും സഹകരണ സംഘങ്ങളില്‍ അംഗമാകാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; രാജ്യമാകെ ഉറ്റുനോക്കുന്ന തര്‍ക്കം കോടതിയില്‍

Indian Cooperator

മൂന്നു കുട്ടികളുള്ള അച്ഛന് സഹകരണസംഘം ഭരണസമിതിയില്‍ അയോഗ്യത

Indian Cooperator

51 രാജ്യങ്ങളില്‍ മികച്ച സ്ഥാപനമായി എന്‍.എസ്.; ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സഹകരണ സ്ഥാപനം

Indian Cooperator
error: Content is protected !!