Indian Cooperator

സഹകരണ ബാങ്കുകളുംആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍

രാജ്യത്തെ സഹകരണ ബാങ്കുകളെയും ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) പുതിയ ചട്ടക്കൂട് തയ്യാറാക്കി. ആധാര്‍ ബയോമെട്രിക് സംവിധാനം പണമിടപാടിനുള്ള ഒരു അടിസ്ഥാന രേഖയാക്കി മാറ്റാനാകുമെന്നതാണ് ഇതിന്റെ നേട്ടം. നേരത്തെ സഹകരണ ബാങ്കുകള്‍ക്ക് ഇതിന് നേരിട്ടുള്ള അനുമതി നല്‍കിയിരുന്നില്ല. സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാസഹകരണ ബാങ്കുകളുമാണ് ഇപ്പോള്‍ ഈ സംവിധാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നബാര്‍ഡിന്റെ ആവശ്യം പരിഗണിച്ചാണ്, നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനും യു.ഐ.ഡി.എ.ഐ.യും ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. സാധാരണ ജനങ്ങളിലേക്ക് അടക്കം ഡിജിറ്റല്‍ പണമിടപാട് സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017-ല്‍ ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനം രാജ്യത്ത് നടപ്പാക്കുന്നത്. ഈ ലക്ഷ്യം പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാകണമെങ്കില്‍ സഹകരണ ബാങ്കുകളെ കൂടി ഈ സംവിധാനത്തിന്റെ ഭാഗമായി ചേര്‍ക്കണമെന്ന അഭിപ്രായമാണ് നബാര്‍ഡ് മുന്നോട്ടുവെച്ചത്. സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്നതും നബാര്‍ഡിന്റെ മേല്‍നോട്ടത്തിലുള്ളവയുമാണ്. ഇത്തരം ബാങ്കുകളെപോലും ആധാര്‍ പെയ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമാക്കാത്തതിന്റെ യുക്തിരാഹിത്യമാണ് നബാര്‍ഡ് ചൂണ്ടിക്കാണിച്ചത്.

സഹകരണ മേഖലയെയും ആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി ചട്ടക്കൂട് പരിഷ്‌കരണമെന്ന ആവശ്യവും അതിന്റെ സാധ്യത ചൂണ്ടിക്കാട്ടിയുള്ള നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ കേന്ദ്രസഹകരണ മന്ത്രാലയം പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 മെയ് 23ന് സഹകരണമന്ത്രാലയവും നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനും ചേര്‍ന്ന് ഒരു സമിതിയെ നിയോഗിച്ചു. യുഐഡിഎഐ ചെയര്‍മാന്റെ അധ്യക്ഷതയിലായിരുന്നു സമിതി. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ നടപടി സ്വീകരിച്ചിട്ടുള്ളത്. ആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍ സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി. ഇതിനായി മാര്‍ഗരേഖ പുതുക്കിയിറക്കി. ‘യു.ഐ.ഡി.എ.ഐ. ഫ്രെയിംവര്‍ക്ക് ഫോര്‍ ഓണ്‍ബോര്‍ഡിങ് ഓഫ് കോഓപ്പറേറ്റീവ് ബാങ്ക്’- എന്ന പേരിലാണ് പുതുക്കിയ മാര്‍ഗ രേഖ പുറത്തിറക്കിയിട്ടുള്ളത്. യു.ഐ.ഡി.എ.ഐ., നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍, സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍, നബാര്‍ഡ് എന്നിവരാണ് ഈ ഫ്രെയിംവര്‍ക്കിലുള്‍പ്പെടുന്ന കക്ഷികള്‍. രാജ്യത്തുടനീളമുള്ള 34 സംസ്ഥാന സഹകരണ ബാങ്കുകളും 351 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും ഈ ചട്ടക്കൂടിന് കീഴില്‍ വരും. സഹകരണ മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന നടപടിയെന്നാണ് നബാര്‍ഡ് ഇതിനെ വിലയിരുത്തുന്നത്.

രാജ്യത്തെ പൗരന്മാര്‍ക്ക് ഏകീകൃത തിരിച്ചറിയില്‍ രേഖയായി ആധാര്‍ നടപ്പാക്കിയതുമുതല്‍ ഇത് സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള രേഖയാക്കി മാറ്റുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നു. ഒരുവ്യക്തിയുടെ ആധികാരിക ഉറപ്പാക്കുന്ന ഡിജിറ്റല്‍ പരിശോധന ആധാറിലൂടെ നടപ്പാക്കാനാകുമെന്നതായിരുന്നു ഇതിന്റെ കാരണം. സര്‍ക്കാര്‍ സേവനങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍, സബ്‌സിഡി വിതരണം എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കി എന്ന് ഉറപ്പിക്കാന്‍ ഇതിലൂടെ കഴിയും. ഇതിന്റെ അടിസ്ഥാനത്തിലാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഡിജിറ്റല്‍ പെയ്‌മെന്റിനുള്ള ആദ്യത്തെ ചട്ടക്കൂട് തയ്യാറാക്കുന്നത്. ആധാര്‍ -ടാര്‍ജറ്റ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അദര്‍ സബ്‌സിഡീസ് ബെനിഫിറ്റ് ആന്‍ഡ് സര്‍വീസസ്- ആക്ട് 2016 കൊണ്ടുവന്നത് അതിനുവേണ്ടിയാണ്.

ഈ നിയമപ്രകാരം വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കാനുള്ള അധികാരം യു.ഐ.ഡി.എ.ഐ.യ്ക്ക് ലഭിച്ചു. ഇതിന് പിന്നാലെയാണ് ഗ്രാമീണ മേഖലയിലെ ജനങ്ങളെ എല്ലാം സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ഭാഗമാക്കുന്നതിന് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനം (എ.ഇ.പി.എസ്.) വികസനിപ്പിക്കുന്നത്. ഈ സംവിധാനത്തിലൂടെ ആധാര്‍ നമ്പറും ബയോ മെട്രിക് തിരിച്ചറിയലും ഉപയോഗിച്ച് മൈക്രോ എ.ടി.എം., കസ്റ്റമര്‍ സര്‍വീസ് പോയിന്റ് (സി.എസ്.പി.) എന്നിവ ലഭ്യമാക്കാനായി. ഇതോടെ, സാമ്പത്തികവും സാമ്പത്തികേതരവുമായ സേവനങ്ങള്‍ അധാര്‍ അധിഷ്ഠിതമായി നല്‍കാനായി. എന്നാല്‍, സഹകരണ ബാങ്കുകളിലൂടെ ഈ സേവനം നല്‍കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയാണ് നബാര്‍ഡ് സഹകരണ ബാങ്കുകളെ കൂടി ഇതിന്റെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുമ്പിലും നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന് മുമ്പിലും അവതരിപ്പിച്ചതാണ്. അതാണ് ഇപ്പോള്‍ നടപ്പാകുന്നതും.

ഡി.സി.ബി.-ഐ.ഡി. ഒരോ ജില്ലാബാങ്കിനും പ്രത്യേകമായി നല്‍കും. സംസ്ഥാന സഹകരണ ബാങ്കിന്റെ ശുപാര്‍ശയോടെയാണ് ഇത് നല്‍കുക. യു.ഐ.ഡി.എ.ഐ.യുടെ അനുമതിയില്ലാതെ സംസ്ഥാന ബാങ്കിന് നേരിട്ട് ഒരു ജില്ലാബാങ്കിനെയും ഈ ശൃംഖലയില്‍ ഉള്‍പ്പെടുത്താനോ ഇതില്‍നിന്ന് ഒഴിവാക്കാനോ കഴിയില്ല. പരിഷ്‌കരിച്ച സംവിധാനത്തിന് കീഴില്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ മാത്രമേ യു.ഐ.ഡി.എ.ഐ.യില്‍ ഓതന്റിക്കേഷന്‍ യൂസര്‍ ഏജന്‍സികള്‍ (എ.യു.എ) ആയും ഇ-കെ.വൈ.സി. യൂസര്‍ ഏജന്‍സികള്‍ (കെ.യു.എ.) ആയും രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. അതോടൊപ്പം, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അതത് സംസ്ഥാന സഹകരണ ബാങ്കുകളുടെ ആധാര്‍ ഓതന്റിക്കേഷന്‍ ആപ്ലിക്കേഷനും ഐടി ഇന്‍ഫ്രാസ്ട്രക്ചറും തടസ്സമില്ലാതെ ഉപയോഗിക്കാന്‍ കഴിയും. ഈ സമീപനം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേക ഐടി സംവിധാനങ്ങള്‍ ഒരുക്കേണ്ടതില്ല.


ആധാര്‍ പെയ്‌മെന്റ് രീതിക്കുള്ള സാങ്കേതിക സംവിധാനം ഒരുക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനാണ് സംസ്ഥാന ബാങ്കിനെ പ്രധാന അംഗമാക്കുകയും ജില്ലാബാങ്കുകളെ ഇതിന്റെ അംഗബാങ്കുകളാക്കി മാറ്റുകയും ചെയ്യുന്ന രീതി സ്വീകരിച്ചത്. ഇത് നബാര്‍ഡിന്റെ കൂടി നിര്‍ദ്ദേശം കണക്കിലെടുത്താണ്. ഇതിന് ആവശ്യമായ സാങ്കേതിക സൗകര്യമൊരുക്കുന്നതിന് നബാര്‍ഡ് സാമ്പത്തിക സഹായവും നല്‍കും.


സഹകരണ ബാങ്കുകള്‍ പുതിയ പെയ്‌മെന്റ് ചട്ടക്കൂട് വിജയകരമായി നടപ്പിലാക്കുന്നതിലും അംഗങ്ങളുടെ പ്രയോജനത്തിനായി അത് പ്രയോജനപ്പെടുത്തുന്നതിലും നബാര്‍ഡ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി ഇത് സംബന്ധിച്ചുള്ള യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ എല്ലാം നല്‍കാന്‍ കഴിയുമെന്നത് സഹകരണ ബാങ്കുകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് ഗ്രാമീണ, അര്‍ദ്ധ നഗര ഇന്ത്യയിലേക്ക് സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ വ്യാപ്തി ഗണ്യമായി വികസിപ്പിക്കും. പ്രാദേശിക തലത്തില്‍ ബാങ്കിങ് ഇടപാട് എളുപ്പമാക്കാനാകുന്നതോടെ, സഹകരണ ബാങ്കുകള്‍ ശക്തമായ സ്വാശ്രയ സാമ്പത്തിക സ്ഥാപനങ്ങളായി മാറുമെന്നാണ് നബാര്‍ഡിന്റെ പ്രതീക്ഷ. എല്ലാ സംസ്ഥാനങ്ങളിലും ഒരു അപ്പക്‌സ് ബാങ്ക് വേണമെന്ന നിര്‍ദ്ദേശവും ഇതിനൊപ്പം നബാര്‍ഡ് മുന്നോട്ടുവെക്കുന്നുണ്ട്. സംസ്ഥാന സഹകരണ ബാങ്കും ജില്ലാസഹകരണ ബാങ്കുകളും എന്ന രീതിയില്‍ സഹകരണ വായ്പാ ഘടന എല്ലാസംസ്ഥാനങ്ങളിലും ഒരേപോലെയാക്കാനുള്ള ആലോചനയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ളത്. എല്ലാ ജില്ലകളിലും ഒരു ജില്ലാബാങ്ക് വേണമെന്ന നിര്‍ദ്ദേശം ദേശീയ സഹകരണ നയത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.

രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഒരു തീവ്രയജ്ഞപരിപാടിയായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചപ്പോള്‍തന്നെ അതിന് സാധ്യമായ വഴികളെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. സാമ്പത്തിക ഇടപാടിന് ആധാര്‍ ഒരു ഡിജിറ്റല്‍ രേഖയാക്കി മാറ്റിയാല്‍ അത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രക്രീയയ്ക്ക് വ്യാപ്തി കൂടും എന്ന വിലയിരുത്തലുണ്ടായി. ഗ്രാമീണ-അര്‍ദ്ധനഗര മേഖലകളിലെ ജനങ്ങളെ ബാങ്കിങ് ഇടപാടിന്റെ ഭാഗമാക്കി മാറ്റുകയെന്നതാണ് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നതിന്റെ പ്രധാന ലക്ഷ്യം. കറന്‍സികളുടെ വിനിമയം കുറയ്ക്കുമ്പോള്‍ കള്ളപ്പണ ഇടപാടുകള്‍ പരിമിതപ്പെടും. അത് സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തും. ഇതിനെല്ലാമുള്ള വഴിയാണ് സാധാരണക്കാരെ അടക്കം സാമ്പത്തിക ഉള്‍പ്പെടുത്തിലിന്റെ ഭാഗമാക്കുക എന്നത്.

അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള ബാങ്ക് ഇടപാടുകള്‍ ക്ലിഷ്ടതയില്ലാതെ വേഗത്തില്‍ നടത്താനാകുമെന്ന വേഗത്തില്‍ ബാങ്ക് സാധ്യമാക്കാനുള്ള പരിശോധനയാണ് റിസര്‍വ് ബാങ്ക് ആദ്യം നടത്തിയത്. ഇതിനായി മൈക്രോ എടിഎം മാനദണ്ഡങ്ങള്‍, കേന്ദ്ര അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും എന്നിവയെക്കുറിച്ച് ആര്‍ബിഐ രണ്ട് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപത്കരിച്ചു. ആര്‍ബിഐ, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, എന്‍പിസിഐ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്‌നോളജി, ബാങ്കുകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന ചില പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെട്ടത്.


മൈക്രോ എടിഎം മാനദണ്ഡങ്ങളും കേന്ദ്ര അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അവരുടെ റിപ്പോര്‍ട്ട് ആര്‍ബിഐക്ക് സമര്‍പ്പിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമായി, യുഐഡിഎഐയുടെ പ്രാമാണീകരണ- എന്‍ക്രിപ്ഷന്‍ മാനദണ്ഡങ്ങള്‍ സംയോജിപ്പിച്ച് ഒരു ലാബ് ലെവല്‍ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് (പിഒസി) നടത്താന്‍ നിര്‍ദ്ദേശിച്ചു. മൈക്രോ എടിഎം മാനദണ്ഡങ്ങളുടെയും ആധാര്‍ ഉപയോഗിച്ചുള്ള ഇടപാടുകളുടെയും കുറ്റമറ്റ പ്രവര്‍ത്തനം പരിശോധിക്കാന്‍ പരീക്ഷണം നടത്തി. പണം കൈമാറ്റം പൂര്‍ത്തിയാകുന്നതിന് മുമ്പ് യഥാര്‍ത്ഥ ഇടപാടുകാരന്റെ കെവൈസി ഉറപ്പാക്കാന്‍ ആധാര്‍ ബയോ മെട്രിക് സംവിധാനം പൂര്‍ണായി ഫലപ്രദമാണോ എന്നതായിരുന്നു പരിശോധിച്ചത്. ഇത് വിജയകരമായതിന് ശേഷമാണ് രാജ്യത്ത് ആധാര്‍ അധിഷ്ഠിത പണമിടപാട് രീതി നടപ്പാക്കിയത്.


ആധാറിന് നല്‍കിയ ബയോമെട്രിക് ഉപയോഗിച്ച് ഏതൊരു ബാങ്കിന്റെയും ബിസിനസ് കറസ്‌പോണ്ടന്റ് വഴി പി.ഒ.എസില്‍ (മൈക്രോഎടിഎം) ഓണ്‍ലൈനായി ധനകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടുകളില്‍നിന്ന് പരസ്പരം ഇടപാട് അനുവദിക്കുന്ന ഒരു മോഡലാണ് എഇപിഎസ്. ആറ് തരം ഇടപാടുകള്‍ നടത്താന്‍ എഇപിഎസ് വഴി കഴിയും. ബാങ്ക് പേര്, ആധാര്‍ നമ്പര്‍, എന്റോള്‍മെന്റ് സമയത്ത് പകര്‍ത്തിയ ബയോമെട്രിക്‌സ് എന്ന മാത്രം ഉപയോഗിച്ച് ഒരു ഇടപാട് നടത്താന്‍ ഉപഭോക്താവിന് കഴിയും. പണം നിക്ഷേപിക്കല്‍, പണം പിന്‍വലിക്കല്‍, അക്കൗണ്ട് ബാലന്‍സ് അന്വേഷണം, മിനി സ്റ്റേറ്റ്‌മെന്റ്, ആധാര്‍ ലിങ്ക് ചെയ്ത മറ്റൊരു അക്കൗണ്ടിലേക്കുള്ള ഫണ്ട് കൈമാറ്റം, ഭീം ആധാര്‍ പേ, ഇ-കെവൈസി എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും.

ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം അല്ലെങ്കില്‍ എഇപിഎസ് എന്നത് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ചെടുത്ത ഒരു സംവിധാനമാണ്. ഇതിലൂടെ ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരാമര്‍ശിക്കേണ്ടതില്ല. ആളുകള്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ മാത്രം നല്‍കി വിരലടയാളം/ഐറിസ് സ്‌കാന്‍ ഉപയോഗിച്ച് പരിശോധിച്ചുറപ്പിച്ചുകൊണ്ട് പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) അല്ലെങ്കില്‍ മൈക്രോഎടിഎമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനാകും. ഈ പേയ്‌മെന്റ് സംവിധാനത്തിന്റെ സഹായത്തോടെ, ആളുകള്‍ക്ക് അവരുടെ ആധാര്‍ നമ്പറുകള്‍ വഴി ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം അയയ്ക്കാന്‍ കഴിയും. ഈ സംവിധാനം ഒരു കേന്ദ്രീകൃത സെര്‍വറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, സ്വീകര്‍ത്താവിന്റെ അക്കൗണ്ട് ഏത് ബാങ്കിലാണെങ്കിലും ആളുകള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് ഏത് അക്കൗണ്ടിലേക്കും പണം അയയ്ക്കാന്‍ കഴിയും. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്ക് വിശദാംശങ്ങള്‍ നല്‍കേണ്ടതില്ലാത്തതിനാലും ഇടപാട് അംഗീകരിക്കുന്നതിന് അക്കൗണ്ട് ഉടമയുടെ ബയോമെട്രിക്‌സ് ആവശ്യമായി വരുന്നതിനാലും ഈ സംവിധാനം സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കുന്നുണ്ട്.

ബാങ്കിങ് രംഗത്ത് ബിസിനസ് കറസ്‌പോണ്ടന്റ് (ബി.സി) രീതി നടപ്പാക്കാന്‍ എളുപ്പമാര്‍ഗമായാണ് ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനം മാറിയത്. ബാങ്കുകള്‍ക്ക് അവരുടെ ശാഖകളില്ലാത്ത സ്ഥലങ്ങളിലും ഒരു കൂട്ടം വ്യക്തികള്‍ക്കിടയിലും വ്യക്തികളെയും സ്ഥാപനങ്ങളെയും അവയുടെ ഏജന്റായി നിശ്ചായിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. ഓരോ ഇടപാടിന് ഏജന്റിന് കമ്മീഷന്‍ ലഭിക്കും. ബാങ്കുകള്‍ക്കും വേണ്ടി ചില ഇടപാടുകള്‍ നടത്താനാകുമെന്നതാണ് ബിസിനസ് കറസ്‌പോണ്ടന്റുമാരെ നിയോഗിക്കുന്നതിലൂടെയുള്ള നേട്ടം. ബി.സി. വഴിയുള്ള പണം പിന്‍വലിക്കുന്നതിനും മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറുന്നതിനുമില്ല ബാങ്കുകള്‍ പരിധി നിശ്ചയിക്കാറുണ്ട്. ഇത് ഓരോ ബാങ്കുകളുമാണ് നിശ്ചയിക്കുന്നത്. ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ആഭ്യന്തര നയത്തിന്റെ ഭാഗമായുള്ള നിയന്ത്രണം മാത്രമാണിത്.

ബാങ്കിംഗ്, ബാങ്കിംഗ് ഇതര ഇടപാടുകള്‍ ഒരു ബാങ്കിംഗ് കറസ്‌പോണ്ടന്റ് (ബിസി) വഴി നടത്താം. ഒരു ബാങ്കിലെ ബാങ്കിംഗ് കറസ്‌പോണ്ടന്റുമാര്‍ക്ക് മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ക്കും ഇടപാടുകള്‍ നടത്താന്‍ കഴിയും. എ.ഇ.പി.എസ് വഴി ഇടപാടുകള്‍ നടത്താന്‍ ആളുകള്‍ അവരുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നല്‍കേണ്ടതില്ല. ഇടപാട് പ്രാമാണീകരണത്തിന് വിരലടയാളമാണ് ആവശ്യം. അത് ഇടപാടുകളെ സുരക്ഷിതമാക്കുന്നുവെന്നതാണ് ബാങ്കുകള്‍ക്കുള്ളു. വിദൂര ഗ്രാമങ്ങളിലെ ആളുകള്‍ക്ക് തല്‍ക്ഷണം ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ മൈക്രോ പിഒഎസ് മെഷീനുകള്‍ വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയും. വീട്ടുപടിക്കല്‍ സേവനം നല്‍കാന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നവര്‍ക്ക് ഈ സേവനം ലഭിക്കും.

കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലും ഡയറി-ഫിഷറീസ് സംഘങ്ങളിലും നടപ്പാക്കാനുള്ള മോഡല്‍ ബൈലോ ഈ ആശയം മുന്‍നിര്‍ത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികളെല്ലാം സഹകരണ സംഘങ്ങളിലൂടെ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കണമെന്നതാണ് കേന്ദ്രസഹകരണ മന്ത്രാലയം തയ്യാറാക്കിയ എസ്.ഒ.പി.യിലുള്ളത്. പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ഡിജിറ്റല്‍ ബാങ്കിങ് ഇടപാട് നടത്താനാകുമെന്നതാണ് ഇതിന്റെ നേട്ടം. എന്നാല്‍, പ്രാഥമിക സംഘങ്ങളിലെ അംഗങ്ങളെല്ലാം സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളിലെ അക്കൗണ്ട് ഉടമകളായി മാറണമെന്നതാണ് ഇതിന്റെ പ്രത്യേകത.

കേരളത്തില്‍ ബിസിനസ് കറസ്‌പോണ്ടന്റ് രീതി സഹകരണ മേഖലയില്‍ അത്ര സ്വീകാര്യമല്ല. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. വാണിജ്യ ബാങ്കുകളുടെ സഹായത്തോടെ ആര്‍.ടി.ജി.എസ്-എന്‍.ഇ.എഫ്.ടി. പോലുള്ള ഡിജിറ്റല്‍ ബാങ്കിങ് സേവനം പ്രാഥമിക സഹകരണ ബാങ്കുകള്‍ അതിലെ അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സാങ്കേതിക സംവിധാനത്തിന്റെയും ഡിജിറ്റല്‍ പെയ്‌മെന്റിന്റെയും സാധ്യതകളും ഉപയോഗപ്പെടുത്തി സ്വന്തമായ ഒരു ബാങ്കിങ് ബിസിനസാണ് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ നിലനിര്‍ത്തുന്നത്. പുതിയ സാഹചര്യത്തില്‍ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നാണ് ഇനി അറിയാനുള്ളത്.

ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രപ്രദേശ്. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ 99.1 ശതമാനവും സജീവ തൊഴിലാളികളില്‍ 99.8 ശതമാനവും ഇതിന് യോഗ്യരാണ്. പബ്ലിക് പോളിസ് വാച്ച് ഡോഗ് ഗ്രൂപ്പായ ലിബ് ടെക് ഇന്ത്യയുടെ നാവിഗേറ്റിങ് എംജിഎന്‍ആര്‍ഇജി അസസിങ് ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് ഇംപാക്ട് എ.പി.(2019-24) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 1.07 കോടി പേരാണ് ആന്ധ്രയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെയെല്ലാം ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് ആന്ധ്രാപ്രദേശിന്റെ നേട്ടം.

80,176 കോടിരൂപയുടെ ഇടപാട് ആധാര്‍ അധിഷ്ഠിത ഇടപാട് ശരാരശരി ഒരുമാസം നടക്കുന്നുണ്ടെന്നാണ് എന്‍.പി.സി.ഐ.യുടെ റിപ്പോര്‍ട്ട്. ഇത് 2025 ആഗസ്റ്റിലെ കണക്കാണ്. സപ്തംബര്‍ 15വരെയുള്ള ശരാശരി കണക്ക് 86,838 കോടിയാണ്. പുതിയ പാന്‍കാര്‍ഡ് എടുക്കുന്നതിന് ഇനി ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ ആപ്ലിക്കേഷന്‍ നല്‍കുന്നതിന് ഇതുവരെ ആധാര്‍ നിര്‍ബന്ധമായിരുന്നില്ല. ജുലായ് ഒന്നുമുതല്‍ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ വിവരങ്ങള്‍ നല്‍കിയേ തീരുവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഐഡി പ്രൂഫ് ഇതുവരെ ഉപയോഗിക്കാനാകുമായിരുന്നു. എന്നാല്‍ നികുതി ദായകരെ തിരിച്ചറിയുന്നതിനും കബളിപ്പിക്കല്‍ തടയുന്നതിനുമാണ് പുതിയ നീക്കം. കിസാന്‍ ക്രഡിറ്റ് കാര്‍ഡിനും കേന്ദ്രം ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാറുമായി ലിങ്ക് ചെയ്യാത്ത കിസാന്‍ ക്രഡിറ്റ് കാര്‍ഡ് അംഗങ്ങളായ കര്‍ഷകര്‍ക്ക് പലിശ സബ്‌സിഡി ലഭ്യമാകില്ലെന്ന് നബാര്‍ഡും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളിലേക്ക് എത്താനുള്ള ഒരു ജനകീയ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായി എ.ഇ.പി.എസ്. മാറാനുള്ള സാധ്യത ഏറെയാണ്. ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങളുടെ സാനിധ്യമുള്ള സംസ്ഥാനമാണ് കേരളം. ഒരു പഞ്ചായത്തില്‍ ശരാശരി 20ലധികം സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ട്. കേരളജനസംഖ്യയുടെ മുക്കാല്‍പങ്കും സഹകരണ സംഘങ്ങളിലെ അംഗങ്ങളാണ്. ഇതില്‍തന്നെ, പ്രാദേശിക-ഗ്രാമീണ-കര്‍ഷക-തൊഴിലാളി മേഖലകളില്‍നിന്നുള്ളവരില്‍ ഭൂരിഭാഗവും സഹകരണ സംഘങ്ങളുമായി ബന്ധപ്പെടുന്നവരാണ്. ഇവരുടെ പ്രാതിനിധ്യം വാണിജ്യ ബാങ്കുകളില്‍ കുറവുമാണ്. കുടുംബശ്രീ പോലുള്ള സ്വാശ്രയ കൂട്ടായ്മകളും തൊഴിലുറപ്പ് പദ്ധതിയില്‍ ആക്ടീവ് അംഗങ്ങളും കേരളത്തിന്റെ സവിശേഷമാണ് പ്രത്യേകതയാണ്.


കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണ് അയല്‍ക്കൂട്ടങ്ങള്‍. ഓരോ ജനവാസ പ്രദേശത്തെയും 10 മുതല്‍ 20 വരെ സ്ത്രീകളുടെ കൂട്ടായ്മയാണ് കുടുംബശ്രീ അയല്‍ക്കൂട്ടം. സംസ്ഥാനത്ത് 3,17,724 അയല്‍ക്കൂട്ടങ്ങളാണ് ഉള്ളത്. ഇതില്‍ 2,57,627 എണ്ണവും ഗ്രാമീണ മേഖലയിലാണ്. 59,966 എണ്ണമാണ് നഗരപ്രദേശങ്ങളിലുള്ളത്. ഇത്രയും കുടുംബങ്ങളുമായി ഒരു ബാങ്കിങ് ബന്ധം സൃഷ്ടിക്കാന്‍ കഴിയുമെന്നതാണ് സഹകരണ മേഖലയുടെ സാധ്യത. കുടുംബശ്രീയുടെ പ്രവര്‍ത്തന രീതിയും ഒരു സാമ്പത്തിക ഇടപാടുരീതിയുമായി ബന്ധപ്പെട്ടുള്ളതാണ്. അയര്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ എല്ലാ ആഴ്ചയും ഒന്നിക്കുന്നു. അവര്‍ ഒരു വിഹിതം സമ്പാദ്യമായി സ്വരൂപിക്കുന്നു. ഈ സാമ്പാദ്യം ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ അവര്‍ ലിങ്കേജ് വായ്പയ്ക്ക് അര്‍ഹത നേടുന്നു. അയല്‍ക്കൂട്ടങ്ങള്‍ ബാങ്ക് ലിങ്കേജിന് യോഗ്യത നേടാന്‍ ഗ്രേഡിങ്ങിന് വിധേയമാക്കുന്നുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ ബാങ്കുകളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ അവര്‍ക്ക് വായ്പ എടുക്കുവാനും ഫണ്ടുകള്‍ വഴി അംഗങ്ങള്‍ക്ക് വായ്പ കൊടുക്കുവാനും സാധിക്കും. കേരളത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ പ്രതിവാര സമ്പാദ്യം എല്ലാം കൂടി 9619 കോടിരൂപയായി കഴിഞ്ഞു. 29,000 കോടിരൂപയുടെ വായ്പ ഇതുവരെ കുടുംബശ്രീ നേടിയിട്ടുണ്ട്. സംരംഭവായ്പകള്‍ വേറെയാണ്. ഇതൊന്നും സഹകരണബാങ്കുകളിലൂടെയുള്ള ഇടപാടുകളായി മാറുന്നില്ല. ഇനി മറ്റൊരു വിഭാഗമാണ് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍. 59.76 ലക്ഷം പേരാണ് കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 22.89 ലക്ഷം പേര്‍ ആക്ടീവ് വര്‍ക്കര്‍ ആണ്. ആന്ധ്രയിലെ എല്ലാ തൊഴിലുറപ്പ് തൊഴിലാളികളെയു അവര്‍ എ.ഇ.പി.എസ്സിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്നതാണ് അവരുടെ നേട്ടമായി പറയുന്നത്. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും എ.ഇ.പി.എസ്. വഴി സഹകരണ ബാങ്കുകളുടെ ഇടപാടുകാരാക്കി മാറ്റാനായാല്‍ അത് വലിയമാറ്റമാകും.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി.) 2025 ആഗസ്റ്റ് ഒന്നുമുതല്‍ രാജ്യവ്യാപകമായി ഉപഭോക്തൃ ഇടപാടുകള്‍ക്കായി ആധാര്‍ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, ബയോമെട്രിക് പ്രാമാണീകരണ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും ആക്‌സസ് എളുപ്പമാക്കുന്നതിനും സാമ്പത്തിക ഉള്‍പ്പെടുത്തലിനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിഷ്‌കാരം തപാല്‍വകുപ്പ് സ്വീകരിക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ചട്ടക്കൂടിന് കീഴില്‍ വികസിപ്പിച്ചെടുത്ത ഈ സവിശേഷത, വിരലടയാളം അല്ലെങ്കില്‍ ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) പോലുള്ള ഫിസിക്കല്‍ ബയോമെട്രിക്‌സുകളുടെ ആവശ്യകത ഇല്ലാതാക്കിക്കൊണ്ട്, മുഖം തിരിച്ചറിയല്‍ ഉപയോഗിച്ച് ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നുണ്ട്.

അക്കൗണ്ട് തുറക്കല്‍, ബാലന്‍സ് അന്വേഷണങ്ങള്‍, ഫണ്ട് ട്രാന്‍സ്ഫറുകള്‍, യൂട്ടിലിറ്റി പേയ്‌മെന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഈ പരിഷ്‌കാരത്തിലൂടെ തപാല്‍ ബാങ്ക് ഉറപ്പാക്കും. കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ തപാല്‍ വകുപ്പിന് കീഴില്‍ 2018 -ലാണ് തപാല്‍ ബാങ്ക് സ്ഥാപിതമാകുന്നത്. ഏകദേശം 1.65 ലക്ഷം പോസ്റ്റ് ഓഫീസുകളുടെയും 3 ലക്ഷത്തിലധികം തപാല്‍ ജീവനക്കാരുടെയും വിശാലമായ ശൃംഖലയിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 5.57 ലക്ഷം ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി 11 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് തപാല്‍ ബാങ്ക് ഇപ്പോള്‍ സേവനം നല്‍കുന്നുണ്ട്. പേപ്പര്‍ രഹിതമായ ബാങ്കിംഗ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ നല്‍കുമെന്നതാണ് തപാല്‍ ബാങ്കിന്റെ വാഗ്ദാനം. ഇന്ത്യ സ്റ്റാക്ക് സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഇതിന്റെ ഡിജിറ്റല്‍ മോഡല്‍ പ്രവര്‍ത്തിക്കുന്നത്.

തപാല്‍ ബാങ്കിന്റെ ഈ മാറ്റം കേരളത്തിലെ സഹകരണ ബാങ്കുകളും സംഘങ്ങളും ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്. എ.ഇ.പി.എസ്സിന്റെ ഉപയോഗം പ്രാദേശിക തലത്തില്‍ ഇടപാടുകാരുമായുള്ള ബന്ധം ദൃഢവും വിപുലവുമാക്കുമെന്ന് തപാല്‍ ബാങ്ക് തിരിച്ചറിയുന്നുണ്ട്. തപാല്‍ ബാങ്കിന്റെ ജനകീയത ഒരര്‍ത്ഥത്തില്‍ സഹകരണ ബാങ്കുകളെയും സംഘങ്ങളെയുമാണ് ബാധിക്കുക. സാങ്കേതിക ഇടപാടുസൗകര്യവും ബാങ്കിങ് സേവനവും കൂടുതല്‍ ലഭ്യമാകുമ്പോള്‍ സഹകരണ ബാങ്കുകളുമായി ബന്ധമുള്ളവര്‍ ക്രമേണ തപാല്‍ബാങ്കിലേക്ക് മാറുന്ന സ്ഥിതിയുണ്ടാകും. ഇത് ജനകീയ ബാങ്കിങ് എന്ന സഹകരണ ബാങ്കുകളും സ്വത്വം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയും പ്രവര്‍ത്തനത്തിന് മാന്ദ്യം നേരിടുന്ന അവസ്ഥയും ഉണ്ടാക്കും. തപാല്‍ ബാങ്ക് കമ്മ്യൂണിക്കേഷന്‍ വകുപ്പിന് കീഴിലാണെന്നത് അവരെ സാങ്കേതികമായി കൂടുതല്‍ ശക്തരാക്കാന്‍ സാധ്യതയുള്ള ഒരു ഘടകവുമാണ്. അതിനാല്‍, സഹകരണ മേഖല സാങ്കേതികമായി പുതിയ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.


Related posts

കെ.കെ.സഹകാരിയായസഖാവ് – കെ.കെ.നാരായണനെക്കുറിച്ചുള്ള അനുസ്മരണം

Indian Cooperator

ഭവനസമുച്ചയത്തിലേക്ക് സഹകരണസംഘം പണിത റോഡ് പൊതുനിരത്താക്കാനുള്ള ശ്രമം കോടതി തടഞ്ഞു

Indian Cooperator

സഹകരണസംഘം ജീവനക്കാര്‍ സെലീനയുടെ കുടുംബത്തിന്അഞ്ചു ലക്ഷം രൂപ കൈമാറി

Indian Cooperator
error: Content is protected !!