Indian Cooperator

സഹകരണ സംഘം നിയമവരുദ്ധമായാണ് ഭൂമി അനുവദിച്ച് സെയില്‍ഡീഡ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ വകുപ്പ് ഉദ്യോഗസ്ഥന് തിരുത്താമെന്ന് ഹൈക്കോടതി

രു സഹകരണസംഘം നിയമവിരുദ്ധമായി അലോട്ട് ചെയ്ത സ്ഥലത്തിന്റെ സെയില്‍ ഡീഡ് ( തീറാധാരം ) രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍പ്പോലും റദ്ദാക്കാന്‍ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്നു കര്‍ണാടക ഹൈക്കോടതി വിധിച്ചു. സഹകരണ ഭവനനിര്‍മാണസംഘങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിനു കേസുകളെ ഈ വിധി ബാധിക്കുമെന്നാണു കരുതപ്പെടുന്നത്.

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തീറാധാരത്തില്‍ ഇടപെടാനുള്ള രജിസ്ട്രാറുടെ അധികാരത്തെ ചോദ്യംചെയ്തുകൊണ്ട് ബംഗളൂരുനിവാസിയായ സുരേഷ എന്നൊരാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജാണു ഈ നിര്‍ണായകവിധി പുറപ്പെടുവിച്ചത്. നിയമവിരുദ്ധ അലോട്ട്‌മെന്റ് റദ്ദാക്കിയശേഷം രജിസ്ട്രാര്‍ക്ക് അതിന്മേലുള്ള തുടര്‍നടപടിക്കു പ്രാദേശിക സബ്‌രജിസ്ട്രാറെ സമീപിക്കാന്‍ കഴിയുമെന്നു ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് വ്യക്തമാക്കി. സെയില്‍ഡീഡ് റദ്ദാക്കിക്കൊണ്ടുള്ള നടപടിക്കുശേഷം അക്കാര്യമറിയിച്ചുകൊണ്ട് ആവശ്യമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ക്കു വിവരം നല്‍കണമെന്നു കോടതി അഭിപ്രായപ്പെട്ടു. ഇതു ചെയ്യുംമുമ്പ് തീര്‍ച്ചയായും നിയമവിരുദ്ധ അലോട്ട്‌മെന്റ് ലഭിച്ച വ്യക്തിക്കു പറയാനുള്ളതുകൂടി രജിസ്ട്രാര്‍ കേള്‍ക്കണം. കര്‍ണാടക സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 70 നു കീഴില്‍ വരുന്ന രജിസ്ട്രാറുടെ അധികാരത്തിനു പരിമിതിയൊന്നുമില്ലെന്നു കരുതരുതെന്നു കോടതി ഓര്‍മിപ്പിച്ചു. കര്‍ണാടക സഹകരണസംഘം നിയമങ്ങളോ ചട്ടങ്ങളോ അല്ലെങ്കില്‍ സംഘത്തിന്റെ നിയമാവലിയോ ലംഘിച്ചതായി ആരോപണമില്ലെങ്കില്‍ അംഗങ്ങളോ അംഗമോ മൂന്നാംകക്ഷിയോ തമ്മിലുള്ള ഇടപാടുകളില്‍ സെക്ഷന്‍ 70 ന്റെ അധികാരപരിധി ബാധകമാക്കരുത്  കോടതി പറഞ്ഞു.

ബംഗളൂരു സൗത്തിലെ ഛന്നസാന്ദ്ര വില്ലേജിലെ 4,026 സ്‌ക്വയര്‍ഫീറ്റുള്ള സൈറ്റാണു കേസിനാധാരം. ഈ പ്ലോട്ട് ബി.ഇ.എം.എല്‍. എംപ്ലോയീസ് സഹകരണസംഘമാണു സംഘാംഗമായ ബി.എം. യോഗേഷിന് അനുവദിച്ചത്. 2013 ജനുവരി 19നു സെയില്‍ഡീഡ് രജിസ്റ്റര്‍ ചെയ്തു. അതിനുശേഷം പ്ലോട്ട് സുരേഷയ്ക്കും ഭാസ്‌കറിനും വിറ്റു. 2015 ല്‍ ഭാസ്‌കര്‍ തന്റെ ഓഹരി വിറ്റു. സുരേഷ മാത്രമായി പിന്നെ ഉടമ. സുരേഷ അവിടെ ഒരു ബഹുനിലക്കെട്ടിടം പണിയാന്‍ തുടങ്ങി. സീനിയോറിറ്റി മറികടന്നുകൊണ്ടാണു യോഗേഷിനു ഭൂമി അനുവദിച്ചതെന്നും അതിനാല്‍ ഇതു നിയമവിരുദ്ധമാണെന്നും പിന്നീട് സഹകരണസംഘം അവകാശപ്പെട്ടു. തുടര്‍ന്നു തീറാധാരം റദ്ദാക്കണമെന്നും യോഗേഷിനനുകൂലമായി തീറാധാരം നടത്തിക്കൊടുത്ത അന്നത്തെ സംഘംഭാരവാഹികളായ പ്രസിഡന്റ്് ജെ. മുന്നഗപ്പയില്‍നിന്നും വൈസ് പ്രസിഡന്റ്് എന്‍. രാമകൃഷ്ണയില്‍നിന്നും 62 കോടി രൂപ 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ഭവനനിര്‍മാണ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാറെ സമീപിച്ചു.

അഡീഷണല്‍ രജിസ്ട്രാര്‍ ഈയാവശ്യം തള്ളിയതിനെത്തുടര്‍ന്നു 2020 ജൂലായ് ഒമ്പതിനു കര്‍ണാടക അപ്പലറ്റ് അതോറിറ്റി ഇടപെട്ട് അഡീഷണല്‍ രജിസ്ട്രാര്‍തന്നെ ഇക്കാര്യത്തില്‍ പുതുതായി തീരുമാനമെടുക്കണമെന്നു നിര്‍ദേശിച്ചു. ഇതു ചോദ്യം ചെയ്തുകൊണ്ടാണു സുരേഷ ഹൈക്കോടതിയില്‍ റിട്ട്ഹര്‍ജി ഫയല്‍ ചെയ്തത്. രജിസ്‌ട്രേഡ് തീറാധാരത്തിന്മേല്‍ തീരുമാനമെടുക്കാന്‍ അഡീഷണല്‍ രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്നും താനും ഭാസ്‌കറും സംഘത്തില്‍ അംഗങ്ങളായിരുന്നില്ലെന്നും സുരേഷ വാദിച്ചു. ഭരണസമിതി
നിയമവിരുദ്ധമായി തീരുമാനമെടുത്തതിനാല്‍ സിവില്‍കോടതിക്കു മാത്രമേ പ്രശ്‌നത്തില്‍ തീര്‍പ്പുണ്ടാക്കാനാവൂ എന്നും സുരേഷ വാദിച്ചു. എന്നാല്‍, ഭരണസമിതിയുടെ തെറ്റായ തീരുമാനം തിരുത്താന്‍ സംഘത്തിനു സിവില്‍കേസിനു പോകാനാവില്ലെന്നും തീറാധാരത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞെങ്കിലും അഡീഷണല്‍ രജിസ്ട്രാര്‍ക്കും മറ്റു രജിസ്ട്രാര്‍മാര്‍ക്കും പ്രശ്‌നത്തില്‍ ഇടപെടാന്‍ നിയമപ്രകാരം അധികാരമുണ്ടെന്നും ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് നിരീക്ഷിച്ചു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും അഡീഷണല്‍ രജിസ്ട്രാര്‍ പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Related posts

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ കൂടുതലുള്ളത് മഹാരാഷ്ട്രയില്‍; പുതിയ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നകാര്യത്തില്‍ തീരുമാനമായില്ല

Indian Cooperator

കോടതി വിധിക്ക് കാത്തുനില്‍ക്കാതെ നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഭരണസമതി അംഗങ്ങളുടെ അയോഗ്യത പ്രാബല്യത്തിലാക്കി

Indian Cooperator

പി.എം.സി. ബാങ്കിനെ ലിക്വിഡേറ്റ് ചെയ്യുന്നതിന് പകരം ലയനം നടപ്പാക്കിയത് ഗുണം ചെയ്‌തെന്നു കോടതി

Indian Cooperator