Indian Cooperator

സഹകരണസംഘം പുതിയതീരുമാനമെടുത്തെന്നു പറഞ്ഞ്കാലാവധിയെത്തിയ നിക്ഷേപംതിരിച്ചുകൊടുക്കാതിരിക്കരുത്- ഓംബുഡ്‌സ്മാന്‍

സഹകരണസംഘം സ്വന്തംനിലയ്ക്കു വാര്‍ഷിക പൊതുയോഗത്തിലെടുക്കുന്ന തീരുമാനങ്ങളുടെയോ സാമ്പത്തികപ്രയാസങ്ങളുടെയോ പേരില്‍ നിക്ഷേപകന്റെ അവകാശങ്ങളെ ഹനിക്കാന്‍ പാടില്ലെന്നു കേന്ദ്ര സഹകരണസംഘം ഓംബുഡ്‌സ്മാന്‍ അലോക് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. നിക്ഷേപം കാലാവധിയെത്തുമ്പോള്‍ തിരിച്ചുകൊടുക്കുക എന്നതു കരാര്‍പ്രകാരമുള്ള ബാധ്യതയാണെന്നും ഇതു പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ ബീഡിലുള്ള ഗോദാവരി മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ വായ്പാസംഘം ലാത്തൂരിലെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ വായ്പാസംഘത്തിനു നല്‍കാനുള്ള പണം 30 ദിവസത്തിനകം തിരിച്ചുകൊടുക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. പലിശസഹിതം 1.29 കോടി രൂപ തിരിച്ചുകൊടുക്കാനാണ് ഉത്തരവ്. നിക്ഷേപകാലാവധി കഴിഞ്ഞിട്ടും ഏറെക്കാലമായി ഗോദാവരി മള്‍ട്ടി സ്‌റ്റേറ്റ്‌സംഘം പണം തിരിച്ചുകൊടുക്കാതെ ലാത്തൂര്‍സംഘത്തെ ബുദ്ധിമുട്ടിക്കുകയായിരുന്നു.

2023 ജൂണിലാണു ലാത്തൂരിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഒരു കോടി രൂപ 396 ദിവസത്തേക്കു ഫിക്‌സഡ് ഡെപ്പോസിറ്റായി ഗോദാവരി മള്‍ട്ടി സ്റ്റേറ്റ്് സഹകരണസംഘത്തില്‍ നിക്ഷേപിച്ചത്. 2024 ജൂലായില്‍ നിക്ഷേപം കാലാവധിയെത്തി. പക്ഷേ, ഗോദാവരി മള്‍ട്ടിസംഘം പണം തിരിച്ചുകൊടുത്തില്ല. പല തവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. 2025 ആഗസ്റ്റില്‍ ഇമെയിലടക്കം അയച്ച് പണമാവശ്യപ്പെട്ടു. ഫലമുണ്ടായില്ല. ലിക്വിഡിറ്റി പ്രശ്‌നവും സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തിലെ ഒരു തീരുമാനവും ചൂണ്ടിക്കാട്ടി ഗോദാവരിസംഘം ഉടക്കിനിന്നു. സംഘത്തിലെ വലിയ നിക്ഷേപങ്ങള്‍ 2026-27 സാമ്പത്തികവര്‍ഷം മുതല്‍ നാലു വാര്‍ഷിക ഗഡുക്കളായി തിരിച്ചുകൊടുത്താല്‍ മതിയെന്നു വാര്‍ഷികപൊതുയോഗത്തില്‍ തങ്ങള്‍ തീരുമാനമെടുത്തതായി ഗോദാവരി സംഘം അവകാശപ്പെട്ടു. ലാത്തൂര്‍സംഘം ഇതിനു വഴങ്ങിയില്ല. തുടര്‍ന്നാണു കേന്ദ്ര സഹകരണഓംബുഡ്‌സ്മാനെ സമീപിച്ചത്.

നിക്ഷേപം കാലാവധിയെത്തുമ്പോള്‍ തിരിച്ചുകൊടുക്കുക എന്നതു കരാര്‍പ്രകാരമുള്ള ബാധ്യതയാണെന്നും ഇതു പാലിക്കണമെന്നും ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമായി എടുക്കുന്ന തീരുമാനങ്ങളോ സാമ്പത്തികവിഷമതകളോ നിക്ഷേപകന്റെ അവകാശങ്ങളെ ഹനിക്കാന്‍ പാടില്ലെന്നു ഓംബുഡ്‌സ്മാന്‍ അഭിപ്രായപ്പെട്ടു. 30 ദിവസത്തിനകം പലിശഹിതം നിക്ഷേപം തിരിച്ചുകൊടുക്കണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും അയയ്ക്കണം- ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു.

Related posts

ഭവനസംഘത്തിന്റെ പൊതുയോഗംവിളിച്ചില്ല; മൂന്നു ഭാരവാഹികള്‍ പുറത്ത്

Indian Cooperator

സഹകരണത്തില്‍ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം കേന്ദ്രവും അംഗീകരിക്കുന്നു

Indian Cooperator

ഓരോ പത്തു വര്‍ഷം കൂടുമ്പോഴും ഇനി അന്താരാഷ്ട്ര സഹകരണവര്‍ഷം

Indian Cooperator
error: Content is protected !!