Indian Cooperator

മഹാരാഷ്ട്രയില്‍ സഹകരണ നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നിക്ഷേപ ഇന്‍ഷുറന്‍സ് വരുന്നു

മഹാരാഷ്ട്രയിലെ വായ്പാ സഹകരണസംഘങ്ങളിലെ നിക്ഷേപകരെ സഹായിക്കാനായി ഇന്‍ഷുറന്‍സ് കമ്പനികളുമായിച്ചേര്‍ന്നു പുതിയൊരു നിക്ഷേപ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരാന്‍ സഹകരണവകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ 19,948 വായ്പാ സഹകരണസംഘങ്ങളിലെ നിക്ഷേപസംരക്ഷണത്തിനാണ് ഈ പദ്ധതി.

സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളിലെ മൊത്തം നിക്ഷേപം 90,500 കോടി രൂപയിലധികമാണ്. നിക്ഷേപകരിലധികവും ഗ്രാമീണമേഖലയിലുള്ളവരാണ്. നേരത്തേ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സഹകരണമേഖലയില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയാണുണ്ടായത്.

സംസ്ഥാനത്തു ലിക്വിഡേഷനിലാകുന്ന വായ്പാ സഹകരണസംഘങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന്റെയും സാമ്പത്തികക്രമക്കേടുകളിലൂടെ നിക്ഷേപനഷ്ടം സംഭവിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണു നിക്ഷേപ ഇന്‍ഷുറന്‍സ് നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇടപാടുകാരുടെ നിക്ഷേപസംരക്ഷണത്തിനായി സഹകരണവകുപ്പ് ഇന്‍ഷുറന്‍സ്‌കമ്പനികളില്‍നിന്നു താത്പര്യപത്രങ്ങള്‍ ക്ഷണിച്ചുകഴിഞ്ഞു.

നിക്ഷേപസംരക്ഷണത്തിനായി ഇന്‍ഷുറന്‍സ്‌കമ്പനികള്‍ സംഘങ്ങളില്‍നിന്ന് ഒരു പ്രീമിയം ഈടാക്കുമെന്നാണു കരുതപ്പെടുന്നത്. സഹകരണബാങ്കുകളിലെ നിക്ഷേപസംരക്ഷണത്തിനു പ്രത്യേകസംവിധാനം നിലവിലുണ്ട്. എന്നാല്‍, വായ്പാസംഘങ്ങളില്‍ അങ്ങനെയൊന്നില്ല. ‘ ഇത്തരമൊരു ആശയവുമായി ഇന്‍ഷുറന്‍സ്‌കമ്പനികള്‍ ഞങ്ങളെ സമീപിച്ചു. സാമ്പത്തിക ക്രമക്കേടു കാരണം നിക്ഷേപം നഷ്ടപ്പെടുകയോ സംഘം പൊളിയുകയോ ചെയ്താല്‍ നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ്‌കമ്പനികള്‍ നഷ്ടപരിഹാരം നല്‍കും ‘ – സഹകരണവകുപ്പിലെ ഒരുദ്യോഗസ്ഥന്‍ വിശദീകരിച്ചു.

കഴിഞ്ഞ കൊല്ലം സംസ്ഥാനസര്‍ക്കാര്‍ വായ്പാസംഘങ്ങള്‍ക്ക് ഇത്തരമൊരു സംരക്ഷണപദ്ധതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച്, സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള കോര്‍പ്പസ് ഫണ്ടിലേക്കു മൂന്നു വര്‍ഷം വായ്പാസംഘങ്ങള്‍ തങ്ങളുടെ നിക്ഷേപത്തിന്റെ 0.1 ശതമാനം നല്‍കേണ്ടിയിരുന്നു.

കോര്‍പ്പസ് ഫണ്ടിലേക്കു സര്‍ക്കാരിന്റെ സംഭാവനയായി 100 കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, സംഘങ്ങളില്‍നിന്നുള്ള എതിര്‍പ്പു കാരണം പദ്ധതി നടപ്പായില്ല. നല്ല സാമ്പത്തികശേഷിയുള്ള പല സംഘങ്ങളും പദ്ധതിയെ എതിര്‍ത്തു. ദുര്‍ബലമോ സാമ്പത്തികസ്ഥിരതയില്ലാത്തതോ ആയ സംഘങ്ങളുടെ ബാധ്യതകൂടി തങ്ങള്‍ ചുമക്കേണ്ടിവരും എന്നതായിരുന്നു ഈ സംഘങ്ങളുടെ വാദം.

മൂന്നു വര്‍ഷം കോര്‍പ്പസ് ഫണ്ടിലേക്കു സംഭാവന ചെയ്യണമെന്ന ആശയത്തെയും അവര്‍ എതിര്‍ത്തു. മൂന്നു വര്‍ഷം പറ്റില്ല, അത് ഒരു വര്‍ഷമാക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. മാത്രവുമല്ല, കോര്‍പ്പസ് ഫണ്ട് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനോടും പല സംഘങ്ങള്‍ക്കും എതിര്‍പ്പായിരുന്നു. പുതിയ പദ്ധതിയെ സ്വാഗതം ചെയ്ത ചില ഇന്‍ഷുറന്‍സ്‌കമ്പനികള്‍ 3000 കോടി രൂപയുടെ വരെ ബാധ്യത ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

Related posts

ഭവനസംഘത്തിന്റെ പൊതുയോഗംവിളിച്ചില്ല; മൂന്നു ഭാരവാഹികള്‍ പുറത്ത്

Indian Cooperator

കര്‍ണാടക ജില്ലാബാങ്കിലെ കാലാവധി പിന്നിട്ട ഡയറക്ടര്‍മാരെ നീക്കാനാവില്ലെന്ന് സഹകരണവകുപ്പ്

Indian Cooperator

ബാങ്കിങ്നിയന്ത്രണ നിയമത്തിനെതിരെ ആന്ധ്രഹൈക്കോടതിയിലുംഹര്‍ജി

Indian Cooperator
error: Content is protected !!