Indian Cooperator

ശമ്പളക്കുടിശ്ശികയും ഗ്വാറ്റ്വിറ്റിയും ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

രു ഭവനനിര്‍മാണ സഹകരണസംഘമോ ഒരു കെട്ടിടത്തിന്റെ കൂട്ടായ നടത്തിപ്പിനായി രൂപംകൊണ്ട അപ്പാര്‍ട്ടുമെന്റുകളുടെ അസോസിയേഷനോ എന്തെങ്കിലും ബിസിനസ്സിലോ വ്യാപാരത്തിലോ വാണിജ്യത്തിലോ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവയെ ഗ്രാറ്റ്വിറ്റിനിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനമായി പരിഗണിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ അവയിലെ ജീവനക്കാര്‍ ഗ്രാറ്റ്വിറ്റിക്ക് അര്‍ഹരല്ലെന്നും ബോംബെ ഹൈക്കോടതി വിധിച്ചു.

വ്യാപാരത്തിലോ ബിസിനസ്സിലോ ഏര്‍പ്പെട്ടിട്ടുള്ള സഹകരണസംഘത്തെയോ അസോസിയേഷനെയോ മാത്രമേ ഒരു സ്ഥാപനം ( എസ്റ്റാബ്ലിഷ്മെന്റ് ) എന്നു വിളിക്കാനാവൂ എന്നും അങ്ങനെയുള്ള സ്ഥാപനത്തിനു മാത്രമേ പത്തോ അതിലധികമോ ജീവനക്കാരുണ്ടെങ്കില്‍ ഗ്രാറ്റ്വിറ്റി നല്‍കേണ്ട ബാധ്യതയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തില്‍, തന്റെ ശമ്പളക്കുടിശ്ശികയും ഗ്രാറ്റ്വിറ്റിയും ആവശ്യപ്പെട്ട് ഒരു മുന്‍ ബില്‍ഡിങ്മാനേജര്‍ നല്‍കിയ പരാതിയില്‍ ഒരു സഹകരണ ഭവനനിര്‍മാണസംഘത്തിനെതിരെ ആരംഭിച്ച നിയമനടപടികള്‍ ജസ്റ്റിസ് സന്ദീപ് മാര്‍നെ തള്ളി. ഒരു ഭവനനിര്‍മാണ സഹകരണസംഘത്തെ മഹാരാഷ്ട്ര ഷോപ്സ് നിയമത്തിന്റെ കീഴില്‍ വ്യവസായമായോ സ്ഥാപനമായോ പരിഗണിക്കാനാവില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

അപ്സര ഭവനനിര്‍മാണ സഹകരണസംഘത്തിനെതിരെയാണു പരാതി ഉയര്‍ന്നത്. ഈ സംഘം 2013 ആഗസ്റ്റ് മുതല്‍ 2022 ഒക്ടോബര്‍ വരെ ബില്‍ഡിങ്മാനേജരായി നിയമിച്ചയാളാണു പരാതിക്കാരന്‍. തന്റെ സ്റ്റാഫിനു നാലര ലക്ഷം രൂപ ഗ്രാറ്റ്വിറ്റി ആവശ്യപ്പെട്ടാണു മുന്‍മാനേജര്‍ പരാതി കൊടുത്തത്. ഈ പരാതിക്കെതിരെ രണ്ടു വാദങ്ങളാണു ഭവന സഹകരണസംഘം ഹൈക്കോടതിയില്‍ ഉന്നയിച്ചത്. കെട്ടിടത്തിന്റെ കൂട്ടായ നടത്തിപ്പിനു ഫ്ളാറ്റുടമകള്‍ ചേര്‍ന്നു രൂപവത്കരിച്ച ഭവനനിര്‍മാണ സഹകരണസംഘം ഒരു വ്യവസായമാണോ എന്നും അതിനെതിരെ 1947 ലെ വ്യവസായത്തര്‍ക്കനിയമമനുസരിച്ചു ലേബര്‍കോടതിയില്‍ നടന്നുവരുന്ന നടപടികള്‍ ശരിയാണോ എന്നുമായിരുന്നു ആദ്യത്തെ വാദം. 1971 ലെ ഗ്രാറ്റ്വിറ്റിനിയമം ബാധകമാവുന്നതരത്തില്‍ ഈ സഹകരണസംഘം ഷോപ് പോലുള്ള സ്ഥാപനമാണോ എന്നതായിരുന്നു രണ്ടാമത്തെ വാദം.

തങ്ങളുടെ വീടുകളും കെട്ടിടവും നോക്കാന്‍ വീട്ടുടമകള്‍ യോജിച്ചു കൂട്ടായി തീരുമാനമെടുത്ത് ജീവനക്കാരെ നിയോഗിച്ചു എന്ന കാരണത്താല്‍മാത്രം വീട്ടുടമകളുടെ അസോസിയേഷനെ മഹാരാഷ്ട്ര ഷോപ്സ് നിയമത്തിലെ ഇരുപതാം സെക്ഷനനുസരിച്ച് ഒരു സ്ഥാപനമായി പരിഗണിക്കാനാവില്ലെന്നു ജസ്റ്റിസ് സന്ദീപ് മാര്‍നെ വിധിന്യായത്തില്‍ പറഞ്ഞു. അതിനാല്‍, ഒരു സഹകരണസംഘത്തെയോ സഹകരണ കമേഴ്സ്യല്‍ സംഘങ്ങളെയോ പി.ജി. നിയമത്തിന്റെ പരിധിയില്‍പ്പെടുത്താനാവില്ല – അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാറ്റ്വിറ്റിയും ശമ്പളക്കുടിശ്ശികയും ആവശ്യപ്പെട്ട് മുന്‍മാനേജര്‍ ലേബര്‍കോടതിയില്‍ കൊടുത്ത പരാതിയില്‍ നടപടി തുടരുന്നതിന്റെ സാധുതയെ ഭവനനിര്‍മാണ സഹകരണസംഘം ചോദ്യം ചെയ്തു. ഒരു വ്യവസായം അല്ലെങ്കില്‍ സ്ഥാപനം എന്ന നിലയില്‍ സഹകരണസംഘം ചിട്ടയായ ഒരു വാണിജ്യപ്രവര്‍ത്തനവും നടത്തുന്നില്ല. സംഘത്തിന്റെ പരിസരത്ത് ഒരു ടെലികമ്യൂണിക്കേഷന്‍ ആന്റിനയും ക്ലബ്ഹൗസും ഉള്ളതുകൊണ്ടുമാത്രം സംഘം ചിട്ടയായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ലേബര്‍കോടതിയുടെ നിഗമനം ന്യായീകരിക്കാനാവുന്നതല്ല – സംഘം വാദിച്ചു. അതേസമയം, തനിക്കു ബോണസ്സും അവധിവേതനവും നല്‍കാതിരുന്നതിനാല്‍ അതു കണക്കുകൂട്ടുന്നതിനാണു പ്രശ്നം വ്യവസായത്തര്‍ക്ക പരിഹാരനിയമത്തിനു കീഴില്‍ വരുന്ന ലേബര്‍കോടതിയിലേക്കു കൊണ്ടുവന്നതെന്നു മുന്‍മാനേജര്‍ വാദിച്ചു.

ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സോ വ്യാപാരമോ തൊഴിലോ ചെയ്യാത്ത ഒരു ചാരിട്ടബിള്‍ ട്രസ്റ്റിനെ എസ്റ്റാബ്ലിഷ്മെന്റ്് എന്ന നിര്‍വചനത്തില്‍പ്പെടുത്താനാവില്ലെന്നു ജസ്റ്റിസ് സന്ദീപ് മാര്‍നെ വ്യക്തമാക്കി. ഒരു സ്ഥാപനത്തെ മഹാരാഷ്ട്ര ഷോപ്സ്നിയമത്തിനു കീഴില്‍ കൊണ്ടുവരണമെങ്കില്‍ ആ സ്ഥാപനം ബിസിനസ്സോ വ്യാപാരമോ വാണിജ്യമോ നടത്തിയിരിക്കണമെന്നത് അത്യാവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ് എന്നിങ്ങനെ സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ ജോലിക്കാര്‍ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുമ്പോള്‍ സംഘം നേരിട്ടു നിയമിച്ച തനിക്കും അവയൊക്കെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന മുന്‍മാനേജരുടെ വാദവും കോടതി അനുവദിച്ചില്ല. ഈവാദം അസ്ഥാനത്താണ്. കാരണം, സംഘം ഏല്‍പിച്ചിട്ടുള്ള കോണ്‍ട്രാക്ടര്‍മാര്‍ പലര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നവരാണ്. അതിനാല്‍ അതൊക്കെ ഷോപ്സ് ആക്ടിന്റെ പരിധിയില്‍ വരും. ഈ കേസില്‍ ഹര്‍ജിക്കാരായ ഭവനനിര്‍മാണ സഹകരണസംഘം ഏതെങ്കിലും തരത്തിലുള്ള വ്യാപാരമോ ബിസിനസ്സോ നടത്തുന്നില്ല – ഹൈക്കോടതി വ്യക്തമാക്കി.

Related posts

ഏഴ് നഗരങ്ങളില്‍ സൂപ്പര്‍ ഹിറ്റ്; മൂന്നു വര്‍ഷത്തിനകം ഭാരത് ടാക്സി ഇന്ത്യയിലെങ്ങും ഓടും

Indian Cooperator

കര്‍ണാടകത്തിലെ സഹകരണആരോഗ്യപദ്ധതിയില്‍ ഇക്കൊല്ലം50 ലക്ഷം പേരെ ചേര്‍ക്കും

Indian Cooperator

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

Indian Cooperator
error: Content is protected !!