Indian Cooperator

മാര്‍ക്ക് ഫെഡ് വിവരാവകാശനിയമത്തിന്‍ കീഴില്‍ വരുമെന്ന് ഹൈക്കോടതി

മധ്യപ്രദേശ് സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് ( മാര്‍ക്ക്ഫെഡ് ) 2005 ലെ വിവരാവകാശ നിയമപ്രകാരം ( RTI Act ) പൊതുസ്ഥാപന ( പബ്ലിക് അതോറിറ്റി ) മാണെന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് വിധിച്ചു. സഹകരണമേഖലയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഈ വിധി ശക്തി പകരുമെന്നു കരുതപ്പെടുന്നു. വിവരാവകാശനിയമപ്രകാരം മാര്‍ക്ക്ഫെഡ് പൊതുജനങ്ങള്‍ക്കു സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണു ഹൈക്കോടതി ജസ്റ്റിസ് വിവേക് റൂസിയ വിധി പുറപ്പെടുവിച്ചത്.

തങ്ങളുടേത് ഒരു സഹകരണസ്ഥാപനമാണെന്നും അതിന്മേല്‍ സര്‍ക്കാരിനു നേരിട്ട് നിയന്ത്രണമൊന്നുമില്ലെന്നും അതിനാല്‍ത്തന്നെ വിവരാവകാശനിയമത്തിലെ സെക്ഷന്‍ 2 (എച്ച് ) ന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു മാര്‍ക്ക്ഫെഡിന്റെ വാദം. എന്നാല്‍, ഹൈക്കോടതി ഈ വാദം തള്ളി. ഫെഡറേഷന്റെ മാനേജ്മെന്റിലും പ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നു കോടതി നിരീക്ഷിച്ചു. മാര്‍ക്ക്ഫെഡിനു സര്‍ക്കാരിന്റെ ഗണ്യമായ സാമ്പത്തികസഹായം കിട്ടുന്നുണ്ടെന്നും മാനേജിങ് ഡയറക്ടറുള്‍പ്പെടെ സീനിയര്‍ ഉദ്യോഗസ്ഥരെ സംസ്ഥാനസര്‍ക്കാരാണു നിയമിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതോ ഗണ്യമായ തോതില്‍ പൊതുപണം കിട്ടുന്നതോ ആയ സ്ഥാപനങ്ങള്‍ വിവരാവകാശനിയമത്തിന്‍കീഴില്‍ പൊതുസ്ഥാപനങ്ങളാണെന്നു കോടതി വ്യക്തമാക്കി. സഹകരണസ്ഥാപനങ്ങളില്‍ വളംവിതരണത്തിലും സംഭരണപ്രവര്‍ത്തനങ്ങളിലും ഭരണനിര്‍വഹണത്തിലും സുതാര്യത മെച്ചപ്പെടുത്താന്‍ ഈ വിധി സഹായിക്കുമെന്നാണു കരുതപ്പെടുന്നത്.

കര്‍ണാടക സംസ്ഥാന അപക്സ് ബാങ്ക് 2005 ലെ വിവരാവകാശനിയമപ്രകാരം പൊതുസ്ഥാപനമാണെന്നു കര്‍ണാടക ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ വിധിച്ചത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ഹനമന്ത് വസന്ത് ഷിന്‍ഡെ എന്നൊരാള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവുണ്ടായത്. തന്റെ ഔദ്യോഗിക പദവിക്കനുസരിച്ചു സഹകരണസംഘം രജിസ്ട്രാറാണു അപക്സ് ബാങ്ക് സ്ഥാപിച്ചതെന്നും പിന്നീടത് സംസ്ഥാന സഹകരണബാങ്കായി നിയോഗിക്കപ്പെടുകയാണുണ്ടായതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ബാങ്കിന്റെ ഓഹരിമൂലധനത്തില്‍ സര്‍ക്കാരിന്റെ സംഭാവനയുണ്ടെന്നും നിര്‍ണായകമായ ഭരണ, സാമ്പത്തികനിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തുടരുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ബാങ്കിന്റെ റെക്കോഡുകള്‍ പരിശോധിക്കാനും ഓഡിറ്റിന് ഉത്തരവിടാനും പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം നടത്താനും രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ബാങ്കിന്റെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ നിയമസഭയുടെ മേശപ്പുറത്തു വെക്കേണ്ടതുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നയങ്ങളാലും നിര്‍ദേശങ്ങളാലുമാണു നയിക്കപ്പെടുന്നത് – കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Related posts

അര്‍ബന്‍ ബാങ്കുകളുടെ ശാക്തീകരണത്തിനായി സാക്ഷം പരിശീലനപദ്ധതി

Indian Cooperator

പത്തു വര്‍ഷം പിന്നിട്ട അര്‍ബന്‍ബാങ്ക് ഡയറക്ടര്‍മാര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ മറുതന്ത്രവുമായി മഹാരാഷ്ട്ര

Indian Cooperator

റിസര്‍വ് ബാങ്ക് പിഴശിക്ഷയിട്ടത് നാല് അര്‍ബന്‍ ബാങ്കുകള്‍ക്കും ഒരു ജില്ലാബാങ്കിനും

Indian Cooperator
error: Content is protected !!