രാജ്യത്തു നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണസംഘങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ദ്രുത സര്‍വേ ( റാപിഡ് സര്‍വേ ) നടത്താന്‍ തീരുമാനിച്ചു. 2026 ഏപ്രിലില്‍ സര്‍വേ ആരംഭിക്കും. സഹകരണസംഘങ്ങള്‍ സാമ്പത്തികരംഗത്തിനു നല്‍കുന്ന സംഭാവനകളെപ്പറ്റിയും സംഘങ്ങള്‍ എത്രത്തോളം തൊഴില്‍ സൃഷ്ടിക്കുന്നു എന്നതിനെപ്പറ്റിയുമുള്ള കണക്കെടുക്കുകയാണു സര്‍വേയുടെ ലക്ഷ്യം.
സ്ഥിതിവിവരക്കണക്കിനും പദ്ധതിനടത്തിപ്പിനുമായുള്ള കേന്ദ്രമന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി റാവു ഇന്ദ്രജിത് സിങ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയിലാണു സര്‍വേയെക്കുറിച്ചു പറഞ്ഞത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നു ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണു ദ്രുത സര്‍വേ നടത്തുന്നതെന്നു മന്ത്രി അറിയിച്ചു. പ്രധാന സഹകരണമേഖലകള്‍ അഖിലേന്ത്യാതലത്തില്‍ സൃഷ്ടിക്കുന്ന മൊത്ത മൂല്യവര്‍ധനയായ ഗ്രോസ് വാല്യൂ ആഡഡ് ( ഒരു സമ്പദ്‌വ്യവസ്ഥയിലെ ഉത്പാദനപ്രക്രിയയില്‍ ഉത്പന്നങ്ങളുടെയോ സേവനങ്ങളുടെയോ മൂല്യത്തിലുണ്ടാകുന്ന വര്‍ധനവാണു മൊത്ത മൂല്യവര്‍ധന അഥവാ GVA. ഉത്പാദിപ്പിച്ച ചരക്കുകളുടെ ആകെ മൂല്യത്തില്‍നിന്ന് ഉത്പാദനത്തിനായി ഉപയോഗിച്ച അസംസ്‌കൃതവസ്തുക്കളുടെ ചെലവു കുറച്ചാണ് ഇതു കണക്കാക്കുന്നത് ), ഒരു നിശ്ചിത കാലയളവില്‍ ഒരു സമ്പദ്‌വ്യവസ്ഥയിലോ വ്യവസായത്തിലോ ഉത്പാദിപ്പിക്കപ്പെട്ട ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം വിപണീമൂല്യമായ ഗ്രോസ് വാല്യൂ ഓഫ് ഔട്ട്പുട്ട് (GVO ) എന്നിവയും സഹകരണസംഘങ്ങള്‍മുഖേന സൃഷ്ടിക്കപ്പെടുന്ന തൊഴിലും കണക്കാക്കാനാണു സര്‍വേ നടത്തുന്നത്.
സര്‍വേയ്ക്കുള്ള സാംപ്‌ളിങ് ഫ്രെയിമായി ദേശീയ സഹകരണ ഡേറ്റാ ബെയ്‌സാണു ഉപയോഗപ്പെടുത്തുക എന്നു മന്ത്രി റാവു ഇന്ദ്രജിത് സിങ് വിശദീകരിച്ചു. കൃഷി, ഡെയറി, ഫിഷറീസ്, ഹൗസിങ്, ലേബര്‍, മള്‍ട്ടി പര്‍പ്പസ് സംഘങ്ങള്‍ തുടങ്ങി 30 മേഖലകളിലെ പ്രാഥമിക സഹകരണസംഘങ്ങളെയും അവയുടെ ഫെഡറേഷനുകളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തും. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളെയും സഹകരണസംഘങ്ങളുടെ ജില്ലാ-സംസ്ഥാന-ദേശീയതല ഫെഡറേഷനുകളെയും സര്‍വേയില്‍പ്പെടുത്തും. 2020-21, 2023-24 സാമ്പത്തികവര്‍ഷങ്ങളില്‍ സഹകരണസംഘങ്ങള്‍ക്കുണ്ടായിട്ടുള്ള ചെലവുകള്‍, വരവുകള്‍, നികുതികള്‍, കിട്ടിയിട്ടുള്ള സബ്‌സിഡികള്‍, തേയ്മാനച്ചെലവുകള്‍, സൃഷ്ടിച്ച തൊഴില്‍ തുടങ്ങിയവസംബന്ധിച്ച വിവരങ്ങളാണു സര്‍വേയില്‍ രേഖപ്പെടുത്തുക.
അര്‍ബന്‍ സഹകരണബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്നു തൊഴില്‍സംബന്ധമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കുകയുള്ളു. രാജ്യത്തെ സഹകരണമേഖലയെ ശക്തിപ്പെടുത്താനുള്ള നയരൂപവത്കരണത്തിനു തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ദ്രുത സര്‍വേയിലൂടെ കിട്ടുന്ന വിവരങ്ങള്‍ സര്‍ക്കാരിന് ഏറെ സഹായം ചെയ്യുമെന്നു മന്ത്രി പറഞ്ഞു.
