Indian Cooperator

സംഭരിച്ച നെല്ല് മില്ലുകാര്‍ ഏറ്റെടുക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടുമെന്ന് മില്ലുടമകള്‍

നെല്ല് സംഭരണത്തിനായുള്ള സഹകരണ പദ്ധതി വിജയകരമായ ലക്ഷ്യത്തിലെത്തിക്കാനുള്ള നടപടിക്ക് വേഗം വെക്കുകയാണ്. സഹകരണ സംഘങ്ങളുടെ നെല്ല് സംഭരണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മില്ലുടമകളും അറിയിച്ചുകഴിഞ്ഞു. മന്ത്രി ജി.ആര്‍.അനിലുമായി മില്ലുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കരാര്‍ ഒപ്പിടാമെന്ന് മില്ലുടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഔട്ട് ടേണ്‍ റേഷ്യോയിലെ നഷ്ടപരിഹാരത്തുകയായ 63.37 കോടിരൂപ ബജറ്റില്‍ വകയിരുത്തി അനുവദിക്കുമെന്ന ഉറപ്പും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മില്ലുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.

നെല്ല് സംഭരണം സര്‍ക്കിരിന് കീറാമുട്ടിയായി മാറിയിട്ട് കുറെക്കാലമായി. കേന്ദ്രത്തിന്റെ വ്യവസ്ഥകളും പണം അനുവദിക്കാത്ത നയവുമാണ് സംസ്ഥാന സര്‍ക്കാരിന് കര്‍ഷകനെ സഹായിക്കുന്ന നടപടിക്ക് തടസ്സമായി മാറിയത്. സഹകരണ മേഖലയിലൂടെ നെല്ല് സംഭരിക്കാനുള്ള പദ്ധതി 2023-ല്‍ അടക്കം രണ്ട് തവണ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭരിക്കുന്ന നെല്ല് ശേഖരിച്ച് വക്കാനോ സംസ്‌കരിക്കാനോ ഇടമില്ല എന്നതാണ് പ്രധാന പ്രശ്‌നമായി മാറിയത്. അതുകൂടി പരിഹരിച്ചുകൊണ്ട് കുറ്റമറ്റ രീതിയിലാണ് ഇപ്പോള്‍ സഹകരണ നെല്ല് സംഭരണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

സപ്ലൈയ്‌കോയും സഹകരണ സംഘങ്ങളും യോജിച്ച് മുന്നോട്ട് പോകാനാണ് ധാരണ. നെല്ലെടുക്കുന്ന സമയത്ത് തന്നെ പ്രാഥമിക സഹകരണ സംഘങ്ങള്‍ വില കര്‍ഷകന് നല്‍കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നം ഉണ്ടെങ്കില്‍ അത് കേരള ബാങ്ക് ഇടപെട്ട് പരിഹരിക്കും വിധമാണ് ഇപ്പോഴത്തെ ക്രമീകരണം. സംസ്‌കരണത്തിനും സംഭരിച്ച നെല്ല് ശേഖരിക്കുന്നതിനും മില്ലുടമകള്‍ ഇതിന്റെ ഭാഗമാകും.

ഔട്ട് ടേണ്‍ റേഷ്യോയുമായി ബന്ധപ്പെട്ട് നല്‍കാനുള്ള നഷ്ടപരിഹാരത്തുകയായ 63.37 കോടിരൂപ അനുവദിക്കുമെന്ന് നേരത്തെ മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിരുന്നു. ഇത് ബജറ്റില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നാണ് കഴിഞ്ഞദിവസം മന്ത്രി ജി.ആര്‍. അനില്‍ മില്ലുടമകളെ അറിയിച്ചത്. ഒന്നാം വിളയിലേതു പോലെ അരിയുടെ അനുപാതം (ഔട്ട് ടേണ്‍ റേഷ്യോ) ക്വിന്റലിന് 66.5 കിലോയായി തുടരാനും ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ നേതൃത്വത്തില്‍ കൊച്ചി സപ്ലൈയ്‌കോയില്‍ ചേര്‍ന്ന മില്ലുടമകളുടെ യോഗത്തില്‍ ധാരണയായി.

68 ശതമാനമാണ് കേന്ദ്രം നിശ്ചയിച്ച ഔട്ട് ടേണ്‍ റേഷ്യോ. ഇതില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ നെല്ല് സംഭരിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. നാലുകിലോ ഇളവ് സംസ്ഥാനം മില്ലുടമകള്‍ക്ക് നല്‍കിയിരുന്നു. ഇളവായി അനുവദിച്ച അരിയുടെ പണം മില്ലുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്‍കണം. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിച്ചതോടെ കഴിഞ്ഞ സീസണില്‍ ഇത് റദ്ദാക്കിയിരുന്നു. 68 കിലോ സപ്ലൈകോയ്ക്ക് നല്‍കേണ്ടിവരികയും ചെയ്തു. എന്നാല്‍, മില്ലുടമകള്‍ക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.

കേന്ദ്ര വ്യവസ്ഥയനുസരിച്ച് കേരളത്തില്‍ നെല്ല് സംഭരണത്തിന് പ്രശ്‌നമുണ്ടെന്ന് പലതവണ കേരളം കേന്ദ്രത്തെ അറിയിച്ചതാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള നടപടിയുണ്ടാകണമെന്നും അവശ്യപ്പെട്ടിരുന്നു. നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് അനുവദിച്ചുതരണമെന്നും കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൊന്നും അനുകൂല നടപടി കേന്ദ്രത്തില്‍നിന്നുണ്ടായിട്ടില്ല. 2025-26 വര്‍ഷം മുതല്‍ ഔട്ട് ടേണ്‍ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മില്ലുടമകളെ അറിയിച്ചിരുന്നു. ഇത് മില്ലുടമകള്‍ക്കും സ്വീകാര്യമായി. സഹകരണ സംഘങ്ങളിലൂടെ നെല്ല് സംഭരണത്തില്‍ മില്ലുടമകളും പങ്കാളിയാകുന്നതോടെ, കര്‍ഷകരുടെയും മില്ലുടമകളുടെയും പ്രശ്‌നങ്ങളാണ് അവസാനിക്കുന്നത്. ഇനി പാടത്തെ പണിക്ക് വരമ്പത്ത് കൂലി നല്‍കാന്‍ സഹകരണ സംഘങ്ങളുണ്ടാകും.

Related posts

സഹകരണ മേഖലയിലും ഇനി ‘മെഡിസെപ്’ മോഡല്‍; സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി

Indian Cooperator

സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി

Indian Cooperator

ഐ.സി.എ. മേഖലാസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പി.രാജേന്ദ്രന്‍ പങ്കെടുക്കും

Indian Cooperator
error: Content is protected !!