സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍നിന്നു വ്യതിചലിച്ച് സഹകരണസംഘത്തിനു നഷ്ടമുണ്ടാക്കുന്ന രീതിയില്‍ ആദായമില്ലാത്ത സ്ഥലത്തോ കെട്ടിടത്തിലോ പണം മുടക്കാന്‍ തീരുമാനമെടുക്കുന്ന കമ്മിറ്റിയംഗങ്ങള്‍ ആയതിന് ഉത്തരവാദികളാവുമെന്നു സഹകരണസംഘം രജിസ്ട്രാര്‍. സഹകരണസ്ഥാപനങ്ങള്‍ക്കു സ്ഥലവും കെട്ടിടവും വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള വില്‍ക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടുള്ള സര്‍ക്കുലറിലാണ് (3/2026) ഇക്കാര്യമുള്ളത്. സഹകരണ സംഘങ്ങള്‍ പാലിക്കേണ്ട ഒമ്പതു മാര്‍ഗനിര്‍ദേശങ്ങളാണ് പുതിയ സര്‍ക്കുലറിലുള്ളത്.
സ്ഥാവരവസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനും സഹകരണസംഘങ്ങള്‍ രജിസ്ട്രാറുടെ മുന്‍കൂര്‍അനുമതി വാങ്ങിയിരിക്കണം. സംഘത്തിന്റെ പ്രവര്‍ത്തനമേഖലയില്‍ പ്രചാരമുള്ള രണ്ടു ദിനപത്രങ്ങളില്‍ ഇതുസംബന്ധിച്ചു പരസ്യം നല്‍കേണ്ടതാണ്. സംഘത്തിന്റെ പേര്, സ്ഥാവരവസ്തു വാങ്ങാനുദ്ദേശിക്കുന്ന പ്രദേശം, വസ്തുവിന്റെ അളവ് എന്നിവ പരസ്യത്തില്‍ കാണിക്കണം. സംഘത്തിന്റെ ദൈനംദിനവ്യാപാരത്തെ ബാധിക്കാത്തവിധത്തിലാവണം വസ്തുക്കള്‍ വാങ്ങേണ്ടത്. പ്രവര്‍ത്തനമൂലധനത്തില്‍നിന്നാണ് ഇതിനുള്ള തുക ചെലവഴിക്കുന്നതെങ്കില്‍ അത് അഞ്ചു ശതമാനത്തില്‍ കൂടരുതെന്നും ഈ തുക പത്തു വര്‍ഷത്തിനുള്ളില്‍ തുല്യവാര്‍ഷികഗഡുക്കളായി തിരികെ സ്വരൂപിക്കണമെന്നും രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നു.
വാങ്ങാനോ വില്‍ക്കാനോ ഉദ്ദേശിക്കുന്ന വസ്തുവിന്റെ മൂല്യനിര്‍ണയത്തിന് ഒരു സംയുക്തസമിതി ഉണ്ടായിരിക്കണമെന്നതാണു മറ്റൊരു നിര്‍ദേശം. ജില്ലയിലെ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ), ജോയിന്റ് ഡയറക്ടര്‍ ( ഓഡിറ്റ് ), ബന്ധപ്പെട്ട സഹകരണസംഘത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ വാല്യുവേഷന്‍ ഓഫീസര്‍, റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍റാങ്കില്‍ കുറയാത്ത തസ്തികയില്‍നിന്നും രജിസ്ട്രേഷന്‍വകുപ്പിലെ സബ് രജിസ്ട്രാര്‍റാങ്കില്‍ കുറയാത്ത തസ്തികയില്‍നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍, വസ്തുവില്‍ കെട്ടിടമുണ്ടെങ്കില്‍ വിലനിര്‍ണയം നടത്താന്‍ പൊതുമരാമത്ത് വകുപ്പില്‍നിന്നോ തദ്ദേശസ്വയംഭരണവകുപ്പില്‍നിന്നോ അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണു വിലനിര്‍ണയിക്കേണ്ടത്.
കമ്മിറ്റിയിലെ സ്വതന്ത്രവാല്യൂവര്‍മാര്‍ സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവിലെ പട്ടികയില്‍പെട്ടവരാകണം. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫെയര്‍ വാല്യുവിന്റെയോ ബന്ധപ്പെട്ട തഹസില്‍ദാര്‍ നല്‍കുന്ന വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റിന്റയോ അല്ലെങ്കില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നടത്തിയിട്ടുള്ള സമാനസ്വഭാവമുള്ള ഭൂമികൈമാറ്റങ്ങളിലെയോ ശരാശരിവില പരിഗണിച്ചാണു വില നിര്‍ണയിക്കേണ്ടത്. ഇവയില്‍ വരുന്ന കൂടുതല്‍ തുകയാണ് അടിസ്ഥാനവിലയായി കണക്കാക്കേണ്ടത്. നിശ്ചയിക്കുന്ന തുക നിലവിലുള്ള വിപണിമൂല്യവുമായി ഒത്തുപോകുന്നില്ലെങ്കില്‍ കമ്മിറ്റിക്കു വസ്തുക്കളുടെ വില നിശ്ചയിക്കാമെന്നു ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
സംഘത്തിന്റെ എക്സിക്യൂഷന്റെ ഭാഗമായി ആര്‍ജിക്കുന്ന സ്ഥാവരവസ്തുക്കള്‍ വില്‍ക്കുമ്പോഴും വിലനിര്‍ണയവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ബാധകമായിരിക്കും. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സംഘത്തിനു നഷ്ടമുണ്ടാക്കുന്ന രീതിയില്‍ ആദായമില്ലാത്ത സ്ഥാവരവസ്തുക്കളില്‍ നിക്ഷേപിക്കാന്‍ തീരുമാനമെടുത്താല്‍ ആ നഷ്ടത്തിനു കമ്മിറ്റിയംഗങ്ങള്‍ ഉത്തരവാദിയാവും. ജില്ലകളുടെ ചുമതലയുള്ള അഡീഷണല്‍ രജിസ്ട്രാര്‍മാര്‍ ഇത്തരം ഇടപാടുകളുടെ ഫയലുകള്‍ പരിശോധിച്ച് ആധികാരികതയും നിയമപരമായ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നു. ഒരു സഹകരണ സംഘം നടത്തിയ മൊത്തം ഭൂമി ഇടപാടുകളുടെ നാലിലൊന്ന് ഫയലെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം. സഹകരണസ്ഥാപനങ്ങള്‍ പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതു ജില്ലകളിലെ ജോയിന്റ് രജിസ്ട്രാറും ജോയിന്റ് ഡയറക്ടറുമാണ്.
