Indian Cooperator

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

ടസ്സവാദങ്ങളുന്നയിച്ച് ഗവര്‍ണര്‍ തിരിച്ചയച്ച തമിഴ്നാട് സഹകരണസംഘം ( ഭേദഗതി ) ബില്‍ തമിഴ്നാട് നിയമസഭ ജനുവരി 24ന് വീണ്ടും അംഗീകരിച്ചു. 2024 ഡിസംബര്‍ പത്തിനു നിയമസഭ അംഗീകരിച്ച് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കയച്ച ഭേദഗതിബില്‍ 2025 ജൂലായ് 16 നാണു തിരിച്ചയച്ചത്. നിയമസഭ വീണ്ടും അംഗീകരിച്ച ഈ ബില്‍ വീണ്ടും ഗവര്‍ണര്‍ക്കയക്കും. ഒരിക്കല്‍ തിരിച്ചയച്ച ബില്‍ വീണ്ടും നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചാല്‍ അത് തിരിച്ചയക്കാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ. അതിനാല്‍, വീണ്ടും പാസാക്കിയ സഹകരണ നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമാകും.

സാമ്പത്തികതിരിമറിയോ മറ്റു ക്രമക്കേടുകളോ കാണിക്കുന്ന സഹകരണസംഘങ്ങളുടെ ഭരണസമിതിയെ ഉടനടി സസ്പെന്റ് ചെയ്യാനും പകരം ഇടക്കാല അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനും സഹകരണസംഘം രജിസ്ട്രാറെ അധികാരപ്പെടുത്തുന്നതാണു നിയമസഭ അംഗീകരിച്ച സഹകരണസംഘം ഭേദഗതിബില്‍. നടപടിക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമാക്കിവെക്കുന്നതും നിയമപരമായ വ്യക്തതക്കുറവും സ്വാഭാവികനീതിയുടെ ലംഘനവും സഹകരണസംഘങ്ങളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള ഭരണഘടനാപരമായ ആശങ്കയും നിയന്ത്രണാധികാരങ്ങളുടെ നീതിരഹിതമായ വിപുലീകരണവും മറ്റും ചൂണ്ടിക്കാണിച്ചാണു ഗവര്‍ണര്‍ ഭേദഗതിബില്‍ തിരിച്ചയച്ചത്. 2020 ലെ തദ്ദേശസ്വയംഭരണസ്ഥാപനബില്ലിന്റെ ആവര്‍ത്തനമാണിതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

സഹകരണസംഘങ്ങളിലെ ക്രമക്കേടുകള്‍ തടയാന്‍ ഈ ഭേദഗതിബില്‍ ആവശ്യമാണെന്നു ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സഹകരണമന്ത്രി കെ.ആര്‍. പെരിയകറുപ്പന്‍ അഭിപ്രായപ്പെട്ടു. ഭരണസമിതി പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടയിലെ രണ്ടു മാസത്തെ ഇടവേളക്കാലത്തു ചില ഭരണസമിതികള്‍ അക്കൗണ്ട് ബുക്കുകളും രേഖകളും നശിപ്പിക്കാറുണ്ട്. അതു തടയാന്‍ ഭരണസമിതിയെ ഉടനടി സസ്പെന്റ് ചെയ്തു കാര്യങ്ങള്‍ നടത്താന്‍ ഇടക്കാല സ്പെഷല്‍ഓഫീസറെ നിയമിക്കേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.

ഡി.എം.കെ. സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കാരണം നിയമസഭ പാസാക്കിയ പല ബില്ലുകളും വീണ്ടും പാസാക്കേണ്ടിവന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള ചൂതാട്ടം നിരോധിച്ചുകൊണ്ടുള്ള 2022 ലെ ബില്‍ തിരിച്ചയച്ചതിനെത്തുടര്‍ന്ന് 2023 മാര്‍ച്ച് 23 നു നിയമസഭ വീണ്ടും അംഗീകരിക്കുകയുണ്ടായി. ഗവര്‍ണര്‍ അനുമതി തടഞ്ഞുവെച്ചതിനെത്തുടര്‍ന്നു 2023 നവംബര്‍ 23 നു പത്തു ബില്ലുകള്‍ സഭയ്ക്കു വീണ്ടും പാസാക്കേണ്ടതായി വന്നു. അതുപോലെ, 2022 ഏപ്രിലില്‍ പാസാക്കിയ തമിഴ്നാട് സിദ്ധ മെഡിക്കല്‍ യൂണിവേഴ്സിറ്റി ബില്‍ ഗവര്‍ണര്‍ മടക്കിയതിനെത്തുടര്‍ന്നു 2025 ഒക്ടോബര്‍ 16 നു സഭ വീണ്ടും അംഗീകരിച്ചു. ആദ്യത്തെ ബില്ലില്‍ മാറ്റമൊന്നും വരുത്താതെയാണു സഭ വീണ്ടും ഇതംഗീകരിച്ചത്. 2024 ഫെബ്രുവരി 22 നു പാസാക്കിയ തമിഴ്നാട് പൊതുധനവിനിയോഗ ഉത്തരവാദിത്ത ( ഭേദഗതി ) ബില്ലും ചില നിരീക്ഷണങ്ങളോടെ ഗവര്‍ണര്‍ തിരിച്ചയക്കുകയുണ്ടായി. ഈ ബില്‍ 2025 ഒക്ടോബര്‍ 17 നു നിയമസഭ വീണ്ടും പാസാക്കി.

Related posts

നിക്ഷേപം തിരിച്ചു നൽകിയില്ല; 30 ദിവസത്തിനകം പലിശ സഹിതം നൽകണമെന്ന് ഓംബുഡ്സ്മാൻ്റെ ഉത്തരവ്

Indian Cooperator

മൂന്നു അര്‍ബന്‍ബാങ്കുകള്‍ക്ക്11.10 ലക്ഷം രൂപറിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator

സഹകരണ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി കോണ്‍ഗ്രസ് നേതാക്കളെ നോമിനേറ്റ് ചെയ്ത് അധികാരം പിടിക്കുന്നരീതി നടപ്പാക്കുന്നു

Indian Cooperator
error: Content is protected !!