- സാമ്പത്തികോത്പന്നങ്ങളും സേവനങ്ങളും വില്‍ക്കുമ്പോള്‍ ഹിഡന്‍ അജണ്ടയും
അമിതനിരക്കും പാടില്ല
തങ്ങളുടെ സാമ്പത്തികോത്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം നല്‍കുമ്പോഴും വിപണനവും വില്‍പ്പനയും നടത്തുമ്പോഴും അര്‍ബന്‍ സഹകരണബാങ്കുകളും റൂറല്‍ സഹകരണബാങ്കുകളും അനുവര്‍ത്തിക്കേണ്ട കര്‍ശന വ്യവസ്ഥകള്‍സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഉപഭോക്താക്കളുടെ സംരക്ഷണത്തിനായാണു സമഗ്രമായ ഈ ചട്ടക്കൂടുണ്ടാക്കിയിരിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ 2027 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. ബാങ്കുകള്‍ സ്വന്തമായും തേര്‍ഡ് പാര്‍ട്ടിയായും സാമ്പത്തികോത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ മിസ് സെല്ലിങ് (mis-selling ) തടയുകയും ഉപഭോക്താവിന്റെ സമ്മതം വാങ്ങുകയും ഇടപാടിലെ സുതാര്യത മെച്ചപ്പെടുത്തുകയും ചെയ്യുക എന്നീ ഉദ്ദേശ്യങ്ങളോടെയാണു റിസര്‍വ് ബാങ്ക് ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ നിര്‍ദേശങ്ങളനുസരിച്ച് ഏതെങ്കിലും സാമ്പത്തികോത്പന്നമോ സേവനമോ ഓഫര്‍ ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നതിനു മുമ്പു അര്‍ബന്‍ബാങ്കുകളും റൂറല്‍ബാങ്കുകളും ഉപഭോക്താവിന്റെ വ്യക്തമായ സമ്മതം വാങ്ങിയിരിക്കണം. ഇത്തരത്തില്‍ സമ്മതം വാങ്ങുംമുമ്പ് ഉത്പന്നത്തിന്റെ / സേവനത്തിന്റെ പ്രധാന സവിശേഷതകളും ഈടാക്കുന്ന ചാര്‍ജും പലിശനിരക്കും അപകടസാധ്യതകളും നിശ്ചിതകാലാവധിക്കുമുമ്പു കരാര്‍ അവസാനിപ്പിക്കുമ്പോള്‍ ബാധകമായ നിയന്ത്രണങ്ങളും പിഴയും ( lock-in conditions ) ഇടപാടില്‍നിന്നു പുറത്തുകടക്കാനുള്ള വ്യവസ്ഥകളും ഉപഭോക്താവിനെ ധരിപ്പിക്കണം. മിസ് സെല്ലിങ്ങിനു സഹകരണ ബാങ്കിങ്‌മേഖലയില്‍ ഇതാദ്യമായാണു റിസര്‍വ് ബാങ്ക് ഔപചാരികനിര്‍വചനം നല്‍കുന്നത്. അനുയോജ്യമല്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുക, തെറ്റിദ്ധരിപ്പിക്കുന്നതോ അപൂര്‍ണമായതോ ആയ വിവരങ്ങള്‍ നല്‍കുക, ഉപഭോക്താവിന്റെ സമ്മതമില്ലാതെ വില്‍ക്കുക, ഉത്പന്നങ്ങളുടെയോ സേവനത്തിന്റെയോകൂടെ മറ്റൊരു ഉത്പന്നം വാങ്ങണമെന്ന നിബന്ധന വെയ്ക്കുന്ന കംപല്‍സറി ബണ്ടിങ് ( compulsory bunding ) എന്നിവയാണു മിസ് സെല്ലിങ് നിര്‍വചനത്തില്‍പ്പെടുന്നത്. ഉപഭോക്താക്കളുടെ പ്രായം, വരുമാനം, സാമ്പത്തികശേഷി, അപകടസാധ്യത എന്നിവയെ അടിസ്ഥാനപ്പെടുത്തി ചില ഉത്പന്നങ്ങള്‍ അവര്‍ക്ക് അനുയോജ്യമാണോ എന്നും അര്‍ബന്‍ബാങ്കുകള്‍ വിലയിരുത്തണം.
ഉപഭോക്താവിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതരത്തില്‍ ഉപഭോക്താവിന്റെ അനുവാദമില്ലാതെ / അറിയാതെ അധികഉത്പന്നങ്ങളോ സേവനങ്ങളോ അവരുടെ കാര്‍ട്ടില്‍ / ബാസ്‌കറ്റില്‍ ചേര്‍ത്ത് അധികപണം ഈടാക്കുന്ന ബാസ്‌കറ്റ് സ്‌നീക്കിങ് രീതി പ്രയോഗിക്കുന്നതും ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി അവരെ കബളിപ്പിക്കാനോ അവരറിയാതെ അവരെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാനോ വെബ്‌സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുന്ന വഞ്ചനാപരമായ ഡിസൈന്‍തന്ത്രങ്ങളായ ഡാര്‍ക്ക് പാറ്റേണ്‍സ് ( dark patterns ) ഉപയോഗിക്കുന്നതും റിസര്‍വ് ബാങ്ക് തടയുന്നു. വഞ്ചനാപരമായ ഡിജിറ്റല്‍രീതികള്‍, അനാവശ്യമായ തിടുക്കം കൂട്ടല്‍, വരിസംഖ്യയിലൂടെയുള്ള കെണികള്‍, ആവശ്യമില്ലാത്ത ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിര്‍ണായകമായ വിശദാംശങ്ങള്‍ ഒളിച്ചുവെയ്ക്കല്‍, വില കുറഞ്ഞ ഉത്പന്നങ്ങള്‍ കാട്ടി ആകര്‍ഷിക്കുകയും പിന്നീട് ഉയര്‍ന്ന വിലയുള്ളതോ ഗുണനിലവാരം കുറഞ്ഞതോ ആയ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വഞ്ചനാപരമായ വിപണനതന്ത്രമായ ബെയ്റ്റ് ആന്റ് സ്വിച്ച് ( Bait-and- switch ) ), ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി സാധാരണഉള്ളടക്കംപോലെ തോന്നിപ്പിക്കുന്ന രീതിയില്‍ തയ്യാറാക്കുന്ന പ്രച്ഛന്ന പരസ്യങ്ങള്‍ നല്‍കല്‍ എന്നിവയും റിസര്‍വ് ബാങ്ക് കര്‍ശനമായി തടയുന്നു.
സമ്മതം നല്‍കുന്നതിനുമുമ്പ് ഉപഭോക്താക്കള്‍ നിബന്ധനകളും വ്യവസ്ഥകളും വിലയിരുത്തിയിട്ടുണ്ടെന്നു ഉറപ്പാക്കാനാവശ്യമായ ഡിജിറ്റല്‍ സമ്മതസംവിധാനം ബാങ്കുകളുണ്ടാക്കണം. സമ്മതമല്ലെന്നു വ്യക്തമാക്കാന്‍ ഇല്ല എന്നോ എനിക്കു സമ്മതമല്ല എന്നോ രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ തയ്യാറാക്കിവെക്കണം.
നേരിട്ട് വില്‍പ്പനയും വിപണനവും നടത്തുന്ന ഏജന്റുമാരെ നിയന്ത്രിക്കുന്ന സംവിധാനവും ഇനിമുതല്‍ റിസര്‍വ് ബാങ്ക് ശക്തിപ്പെടുത്തും. ഇത്തരം ഏജന്റുമാരുടെ പട്ടിക സഹകരണബാങ്കുകളുടെ കൈവശമുണ്ടായിരിക്കണം. അവരുടെമേല്‍ ജാഗ്രത പുലര്‍ത്തുകയും അവര്‍ക്കായി പെരുമാറ്റച്ചട്ടം ഉണ്ടാക്കുകയും വേണം. ഒരു മിസ് സെല്ലിങ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ ബാങ്കുകള്‍ ഉപഭോക്താവിന്റെ പണം മുഴുവന്‍ തിരിച്ചുകൊടുക്കുകയും അവര്‍ക്കുണ്ടായ നഷ്ടത്തിന് അംഗീകൃതനയമനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുകയും വേണം. 2026 ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരട്‌നിര്‍ദേശങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായനിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് അന്തിമമായി അംഗീകരിച്ചതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു.
