Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കുകളെദീര്‍ഘകാലം റിസര്‍വ് ബാങ്കിന്പിരിച്ചുവിടാം – സുപ്രീംകോടതി

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണബാങ്കുകളുടെ ഭരണസമിതി ആറു മാസത്തിലേറെക്കാലത്തേക്കു പിരിച്ചുവിട്ട് പകരംസമിതിയെ വെയ്ക്കാന്‍ ( സൂപ്പര്‍സീഡ് ചെയ്യുക ) റിസര്‍വ് ബാങ്കിന് അധികാരമുണ്ടെന്നു സുപ്രീംകോടതി വിധിച്ചു. മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കുകള്‍ക്കു ബാങ്കിങ്‌നിയന്ത്രണനിയമമാണു ബാധകമാവുകയെന്നും ഈ നിയമത്തിലെ സെക്ഷന്‍ 36 എ.എ.എ. പ്രകാരമുള്ള റിസര്‍വ് ബാങ്കിന്റെ അധികാരം സാധുവാണെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മള്‍ട്ടിസ്റ്റേറ്റ് ബാങ്കുകളുടെ ഡയറക്ടര്‍ബോര്‍ഡ് പിരിച്ചുവിടുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

മുംബൈയിലെ അഭ്യുദയ മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് പിരിച്ചുവിട്ടുകൊണ്ടും പകരം അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ടുമുള്ള റിസര്‍വ് ബാങ്കിന്റെ നടപടിയാണു സുപ്രീംകോടതി ശരിവെച്ചത്. ഭരണഘടനയുടെ അനുച്ഛേദം 243 ഇസെഡ്. എല്‍. ( ഒന്ന് ) പ്രകാരം സഹകരണബാങ്കിന്റെ ഭരണസമിതിയെ ആറുമാസത്തിലധികം കാലത്തേക്കു പിരിച്ചുവിടാനോ മരവിപ്പിച്ചുനിര്‍ത്താനോ അധികാരമില്ലെന്നായിരുന്നു അഭ്യുദയ ബാങ്കിന്റെ മുന്‍ ഡയറക്ടര്‍മാരുടെ വാദം. എന്നാല്‍, മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കുകള്‍ ബാങ്കിങ്‌നിയന്ത്രണനിയമത്തിനു കീഴില്‍ വരുമെന്ന് ഇതേ അനുച്ഛേദത്തിലെ മൂന്നാം ഉപവകുപ്പില്‍ പറയുന്നുണ്ടെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കുകളുടെ ഡയറക്ടര്‍ബോര്‍ഡ് പിരിച്ചുവിടാന്‍ റിസര്‍വ് ബാങ്കിനു സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയൊന്നും ആവശ്യമില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നിലപാടാണ് ഇതോടെ സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്.

ഭരണനിര്‍വഹണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി 2023 നവംബര്‍ 24 നാണു റിസര്‍വ് ബാങ്ക് അഭ്യുദയ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് സത്യപ്രകാശ് പഥക്കിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. 2024 നവംബറില്‍ ഈ നടപടിയുടെ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി. 2025 നവംബറില്‍ ഇതു വീണ്ടും ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. ഇതിനെതിരെ ഭരണസമിതിയംഗങ്ങള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണു സുപ്രീംകോടതിയെ സമീപിച്ചത്.

ഭരണഘടനയുടെ അനുച്ഛേദം 243 ഇസഡ്.എല്‍ ( ഒന്ന് ) അനുസരിച്ച് ഒരു സഹകരണസംഘത്തിന്റെ ഭരണസമിതിയെ ആറുമാസത്തിനപ്പുറം സൂപ്പര്‍സീഡ് ചെയ്യാന്‍ റിസര്‍വ് ബാങ്കിന് അധികാരമില്ലെന്നായിരുന്നു മുന്‍ഡയറക്ടര്‍മാരുടെ വാദം. ഭരണസമിതി പിരിച്ചുവിടുംമുമ്പ് സംസ്ഥാനസര്‍ക്കാരിന്റെ സമ്മതം വാങ്ങേണ്ടതായിരുന്നുവെന്നും അവര്‍ വാദിച്ചിരുന്നു. ബാങ്കുകളെ നിയന്ത്രിക്കാനും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനുമുള്ള റിസര്‍വ് ബാങ്കിന്റെ ശേഷിയെ ഇടുങ്ങിയതരം വ്യാഖ്യാനങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. വിശാലമായ താത്പര്യമാണു ബാങ്കിങ് നിയന്ത്രണനടപടികള്‍ക്കു പിന്നിലുള്ളത്. ഇതിനെ ഒരു ആറുമാസ കാലയളവിനുള്ളില്‍ പരിമിതപ്പെടുത്താനാവില്ല. പിരിച്ചുവിടലിനു മുമ്പു സംസ്ഥാനസര്‍ക്കാരുമായി ആലോചിക്കേണ്ടതുണ്ടെന്ന വാദം സംസ്ഥാനസഹകരണസംഘങ്ങളുടെ രജിസ്ട്രാര്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘങ്ങള്‍ക്കു മാത്രമേ ബാധകമാവൂ. അഭ്യുദയബാങ്ക് മള്‍ട്ടിസ്റ്റേറ്റ് ബാങ്കായതിനാല്‍ ഈ വിഭാഗത്തില്‍പ്പെടുന്നില്ല – സുപ്രീംകോടതി പറഞ്ഞു.  

മഹാരാഷ്ട്ര സഹകരണസംഘംനിയമപ്രകാരമാണ് അഭ്യുദയ സഹകരണസംഘം ആദ്യം തുടങ്ങിയത്. 1965 ല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ സഹകരണബാങ്കായി മാറി. പിന്നീട് മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കായും മാറി. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലായി 106 ശാഖകളാണ് അഭ്യുദയ ബാങ്കിനുള്ളത്. ശാഖകളില്‍ ബഹുഭൂരിഭാഗവും മുംബൈ മെട്രോപോളിറ്റന്‍ മേഖലയിലാണ്. സഞ്ചിതനഷ്ടം 371.5 കോടി രൂപയില്‍നിന്നു 346.52 കോടി രൂപയിലേക്കു കുറച്ചുകൊണ്ടുവന്ന അഭ്യുദയബാങ്കിനു 2024-25 സാമ്പത്തികവര്‍ഷം 5.22 കോടി രൂപ അറ്റലാഭമുണ്ട്.

Related posts

സഹകരണ ബാങ്കുകൾക്കായുള്ള കേന്ദ്ര വ്യവസ്ഥയില്‍ ഇടപെടാനാവില്ലെന്ന് മുംബൈ ഹൈക്കോടതി

Indian Cooperator

സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിയമാവലിയുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

Indian Cooperator

മുംബൈയിലെ സര്‍വോദയ അര്‍ബന്‍ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Indian Cooperator
error: Content is protected !!