Indian Cooperator

മഹാരാഷ്ട്രയിലെ33 മള്‍ട്ടി സ്റ്റേറ്റ്സംഘങ്ങള്‍ക്കെതിരെഅടച്ചുപൂട്ടല്‍ നടപടി

വര്‍ത്തിച്ചുള്ള ഗുരുതരമായ നിയമലംഘനങ്ങളുടെ പേരില്‍ മഹാരാഷ്ടയിലെ 33 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കെതിരെ കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ അടച്ചുപൂട്ടല്‍നടപടികളാരംഭിച്ചു. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 120 ല്‍ പറയുന്ന വ്യവസ്ഥകള്‍ ലംഘിച്ചതിനാണു നടപടി. ഒരു സംസ്ഥാനത്തെ ഇത്രയധികം മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘങ്ങള്‍ക്കെതിരെ ഒരുമിച്ചു നടപടിയെടുക്കുന്നത് ഇതാദ്യമാണ്.

സാമ്പത്തികവര്‍ഷം അവസാനിച്ച് ആറുമാസത്തിനുള്ളില്‍ സംഘങ്ങളുടെ വാര്‍ഷികറിട്ടേണുകളും സാമ്പത്തിക സ്റ്റേറ്റുമെന്റുകളും മറ്റു നിയമപരമായ രേഖകളും കേന്ദ്ര സഹകരണസംഘം രജിസ്ട്രാറുടെ പോര്‍ട്ടല്‍വഴി ഫയല്‍ ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് അടച്ചുപൂട്ടല്‍നടപടി കൈക്കൊള്ളുന്നത്. ഔദ്യോഗികമായി നോട്ടീസുകളയച്ചിട്ടും പ്രതികരിക്കാനോ തെറ്റുകള്‍ തിരുത്താനോ ഈ സംഘങ്ങള്‍ തയ്യാറായില്ല. തുടര്‍ച്ചയായി നിയമം പാലിക്കാതെവന്നപ്പോള്‍ സംഘങ്ങള്‍ക്കെതിരെ സെക്ഷന്‍ 108 പ്രകാരം പരിശോധനകള്‍ക്ക് ഉത്തരവിട്ടു. മഹാരാഷ്ട്രസര്‍ക്കാരിന്റെ സഹകരണസംഘം രജിസ്ട്രാറാണു പരിശോധനകള്‍ നടത്തിയത്. ഇവയില്‍ പല സംഘങ്ങളും പ്രവര്‍ത്തനരഹിതമാണെന്നും ചിലത് രജിസ്റ്റര്‍ ചെയ്ത വിലാസത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടാതിരിക്കാനുള്ള കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ 33 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കു നോട്ടീസയച്ചത്. നോട്ടീസ് കിട്ടി 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ലിക്വിഡേഷന്‍നടപടികള്‍ ആരംഭിക്കും.

മുംബൈ, നവിമുംബൈ, അഹമ്മദ് നഗര്‍, ജല്‍ഗാവ്, ബീഡ്, സോളാപ്പൂര്‍, പുണെ, കോലാപ്പൂര്‍, സത്താറ, ധാരാശിവ് ( ഒസ്മാനാബാദ് ), ലാത്തൂര്‍ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ഈ സംഘങ്ങളില്‍ ജീവനക്കാരുടെ വായ്പാസംഘങ്ങളും അര്‍ബന്‍സംഘങ്ങളും ഉള്‍പ്പെടും. മഹാരാഷ്ട്രയിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സഹകരണസംഘം രജിസ്ട്രാറുടെ പോര്‍ട്ടലിലൂടെ നിരീക്ഷണം ശക്തിപ്പെടുത്തി സംഘങ്ങളുടെ ഭരണനിര്‍വഹണം മെച്ചപ്പെടുത്താനും സംഘാംഗങ്ങളുടെ താത്പര്യം സംരക്ഷിക്കാനുമാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബോംബെ ടയേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എംപ്ലോയീസ് വായ്പാസംഘം, മഫത്ത്ലാല്‍ ഡൈസ് ആന്റ് കെമിക്കല്‍സ് എംപ്ലോയീസ് വായ്പാസംഘം, BASF ഇന്ത്യ ലിമിറ്റഡ് എംപ്ലോയീസ് വായ്പാസംഘം, ഇന്‍ഡോഫില്‍ കെമിക്കല്‍സ് എംപ്ലോയീസ് വായ്പാസംഘം, ഗ്രാന്റ് എംപ്ലോയീസ് വായ്പാസംഘം, ഓവര്‍സീസ് കമ്യൂണിക്കേഷന്‍സ് വായ്പാസംഘം, മോഡിസ്റ്റോണ്‍ ലിമിറ്റഡ് എംപ്ലോയീസ് സഹകരണസംഘം, ജീവന്‍ജ്യോതി മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ലോകല്യാണ്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ഡി. ധനശ്രീ മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, സ്വരാജ് മള്‍ട്ടി പര്‍പ്പസ് ഫെഡറേഷന്‍ സഹകരണസംഘം, സാഥി മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ഭൈരനാഥ് മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, മഹാനിധി മള്‍ട്ടി സ്റ്റേറ്റ് അര്‍ബന്‍ വായ്പാസംഘം, വിഘ്ഹാര്‍ത്ത മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ഗ്രാമീണ്‍ വികാസ് മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, സിദ്ധേശ്വര്‍ അര്‍ബന്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, പാര്‍ലി പീപ്പിള്‍സ് അര്‍ബന്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, അപ്പാസാഹബ് ഓഹട്ട് മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, കായി ഭീംറാവു ജ്യോതി ചവാന്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ഗോകുല്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ഭുഗോള്‍ മള്‍ട്ടി സ്റ്റേറ്റ് അര്‍ബന്‍ വായ്പാസംഘം, മൗലി മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ശ്രീ ശാന്ത് ധ്യാനേശ്വര്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, റാവു സാഹബ് പല്‍വര്‍ധന്‍ മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, യശോധര മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, രാമാനന്ദ് മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, കിസാന്‍മിത്ര മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, അനുരാജ് മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ധ്യാനേശ്വരി മള്‍ട്ടി സ്റ്റേറ്റ് അര്‍ബന്‍ വായ്പാസംഘം, ജീവന്‍ധാര മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ശ്രീസ്വാമി സമര്‍ഥ് മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം, ശിവ്സ്വരാജ് മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘം എന്നിവയാണു നടപടി നേരിടുന്ന 33 മള്‍ട്ടി സ്റ്റേറ്റ് സഹകരണവായ്പാസംഘങ്ങള്‍.

രാജ്യത്താകെ 1779 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. 2025 ആഗസ്റ്റിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 714 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാണുള്ളത്. ( 2022 ജൂലായില്‍ മഹാരാഷ്ട്രയിലെ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ എണ്ണം 655 ആയിരുന്നു ). 196 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുമായി ഇപ്പോള്‍ ഉത്തര്‍പ്രദേശാണു രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള ഡല്‍ഹിയില്‍ 168 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാണുള്ളത്. നാലാംസ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 143 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുണ്ട്. കേരളത്തില്‍ 96 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാണുള്ളത്.

Related posts

നബാര്‍ഡ് ഹരിതബോണ്ടും അടിസ്ഥാനസൗകര്യവികസനവും വഴി 10,000 കോടി സമാഹരിക്കും

Indian Cooperator

രണ്ടുലക്ഷം ജനസംഖ്യയുള്ള എല്ലാനഗരങ്ങളിലും അര്‍ബന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്രം

Indian Cooperator

മൂന്നു അര്‍ബന്‍ബാങ്കുകള്‍ക്ക്11.10 ലക്ഷം രൂപറിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator
error: Content is protected !!