Indian Cooperator

ചരിത്രനേട്ടം എത്തിപ്പിടിച്ച് അമുല്‍; വിറ്റുവരവ് ഒരു ലക്ഷംകോടി രൂപ കടന്നു

ക്ഷീരകര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ലോകത്തെ വന്‍കിട സഹകരണസ്ഥാപനമായ ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ( ജി.എം.എം.എഫ് ) ഉത്പന്നബ്രാന്റായ അമുലിന്റെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപ കടന്നു. മുന്‍ വര്‍ഷത്തേക്കാള്‍ അമുലിന്റെ വിറ്റുവരവില്‍ 11 ശതമാനമാണു വര്‍ധനയുണ്ടായിരിക്കുന്നത്.

2024-25 ല്‍ അമുലിന്റെ വിറ്റുവരവ് 90,000 കോടി രൂപയായിരുന്നു. 2025-26 ല്‍ അത് ഒരു ലക്ഷം കോടി രൂപയിലധികമായി. ഇതോടെ, ലോകത്തെ വന്‍കിട ക്ഷീരോത്പാദക സഹകരണസംഘങ്ങളില്‍ അമുലും മുന്‍നിരയിലെത്തി. ഒട്ടേറെ ഉത്പന്നങ്ങളും വിപുലമായ വിതരണശൃംഖലയും പുതിയ കാലത്തെ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുകൊണ്ടുള്ള പുത്തന്‍ഉത്പന്നങ്ങളും വഴിയാണു വേഗം വിറ്റഴിയുന്ന ഉപഭോക്തൃസാധനങ്ങളുടെ ( എഫ്.എം.സി.ജി. ) ശ്രേണിയില്‍ അമുല്‍ മുഖ്യസ്ഥാനം നേടിയെടുത്തത്. അന്താരാഷ്ട്ര സഹകരണസഖ്യം ( ഐ.സി.എ. ) ലോകത്തെ നമ്പര്‍ വണ്‍ സഹകരണസംഘമായി ഈയിടെയാണ് അമുലിനെ അംഗീകരിച്ചത്. ഇന്ത്യന്‍വിപണി മാത്രമല്ല ആഗോളവിപണിയിലും ഇപ്പോള്‍ അമുല്‍ ഉത്പന്നങ്ങള്‍ പരിചിതമായിക്കഴിഞ്ഞു. യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ അമുലിന്റെ ഫ്രഷ് മില്‍ക്ക് എത്തിയിട്ടുണ്ട്. 36 ലക്ഷം കര്‍ഷകര്‍ നിത്യവും 31 ദശലക്ഷം പാലാണു അമുലിനുവേണ്ടി സംഭരിക്കുന്നത്. പാലുത്പന്നങ്ങള്‍ അമ്പതിലധികം രാജ്യങ്ങളിലാണു വിതരണം ചെയ്യുന്നത്. ജി.സി.എം.എം.എഫിന്റെ കീഴില്‍ ഗുജറാത്തില്‍ 18 ജില്ലാ സഹകരണയൂണിയനുകളാണുള്ളത്.  

ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസവും 36 ലക്ഷം ക്ഷീരകര്‍ഷകരുടെ അശ്രാന്ത പരിശ്രമവുമാണ് അമുലിനെ ഈ അപൂര്‍വനേട്ടത്തിലെത്തിച്ചതെന്നു ജി.സി.എം.എം.എഫ്. ചെയര്‍മാന്‍ അശോക്ഭായി ചൗധരി അഭിപ്രായപ്പെട്ടു. സഹകരണസത്തയുടെ വിജയമാണ് ഒരു ലക്ഷം കോടിയിലേക്കുള്ള ഈ യാത്രയെന്നു വൈസ് ചെയര്‍മാന്‍ ഗോര്‍ധന്‍ഭായി ധമേലിയ പറഞ്ഞു. സാമ്പത്തികജനാധിപത്യത്തിലേക്കുള്ള കാലാതീതമായ രൂപരേഖ ( ടൈംലസ് ബ്ലൂപ്രിന്റ് ) യാണ് അമുല്‍മാതൃകയെന്നും അദ്ദേഹം പറഞ്ഞു. ആധുനികലോകത്തു കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം എങ്ങനെയാണു നേട്ടമുണ്ടാക്കുന്നത് എന്നതിന്റെ നിര്‍വചനം ഞങ്ങള്‍ വിപുലീകരിച്ചു കാണിച്ചുകൊടുക്കുകയാണെന്നു മാനേജിങ് ഡയറക്ടര്‍ ഡോ. ജയന്‍ മേത്ത അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ ആനന്ദില്‍ 1946 ല്‍ ചെറിയൊരു സഹകരണസംഘമായി തുടക്കം കുറിച്ച അമുല്‍ രാജ്യത്തിന്റെ ധവളവിപ്ലവത്തിന്റെ പ്രതീകമാണിന്ന്. രണ്ടു ഗ്രാമങ്ങളിലാണ് ആദ്യം ക്ഷീരോത്പാദക സഹകരണസംഘങ്ങള്‍ തുടങ്ങിയത്. അക്കാലത്തു ദിവസം 247 ലിറ്റര്‍ പാലാണു കര്‍ഷകരില്‍നിന്നു ശേഖരിച്ചിരുന്നത്. ഇടത്തരക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ക്ഷീരോത്പാദക സഹകരണസംഘത്തിനു സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെപ്പോലുള്ള ദേശീയനേതാക്കള്‍ നേതൃത്വം നല്‍കി. കോഴിക്കോട്ടുകാരനായ ഡോ. വര്‍ഗീസ് കുര്യനെപ്പോലുള്ളവരുടെ ശ്രമഫലമായി അമുല്‍ പിന്നീട് പ്രാദേശികതലത്തില്‍നിന്നു ദേശീയതലത്തിലേക്കും ആഗോളതലത്തിലേക്കും വളര്‍ന്നു. പാല്‍ക്ഷാമമുള്ള രാജ്യം എന്ന അവസ്ഥയില്‍നിന്നു ഇന്ത്യ ഇന്നു ലോകത്തെ വന്‍കിട ക്ഷീരോത്പാദകരാജ്യമായി മാറി. ആഫ്രിക്കയിലെയും തെക്കുകിഴക്കനേഷ്യയിലേക്കുമാണ് ഇനി അമുലിന്റെ നോട്ടം. ഒരു വര്‍ഷത്തിനകം പത്തിലധികം അന്താരാഷ്ട്രവിപണികളില്‍ അമുല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനാണു പദ്ധതി.

Related posts

അടച്ചുപൂട്ടുന്ന സഹകരണ സംഘത്തിന്റെ ഭൂമി ലേലം ചെയ്യുമ്പോള്‍ ലഭിക്കാവുന്ന പണം ചൂണ്ടിക്കാട്ടി കൈക്കൂലി ആവശ്യപ്പെട്ടു

Indian Cooperator

പുണെയിലെ വായ്പാസംഘത്തില്‍നിന്നു 6.5 കോടി രൂപ കവര്‍ന്ന 25 ഡയറക്ടര്‍മാരടക്കം 36 പേര്‍ക്കെതിരെ കേസ്

Indian Cooperator

കേന്ദ്രനിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചുള്ള ആദ്യ കോടതിവിധി; കേരളത്തിന്റെ ഹരജിയെ പോലും ബാധിച്ചേക്കും

Indian Cooperator
error: Content is protected !!