- സംസ്ഥാനത്തുനിന്ന് തട്ടിപ്പിലൂടെ ആറുകോടിരൂപവരെ നഷ്ടമായവര്‍
- വെബ് സൈറ്റ് നിര്‍മ്മിക്കുന്നത് പോലും തട്ടിപ്പിന് പെട്ടെന്ന് ആളെ വീഴ്ത്തുന്ന രീതിയില്‍
- തട്ടിപ്പിനായി കേന്ദ്രമന്ത്രിമാരുടെയും വന്‍കിട വ്യവസായികളുടെയും വ്യാജവീഡിയോ ഉപയോഗിക്കുന്നു
- സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമല്ലെന്ന പ്രചരണം നടത്തുന്നതിലും ഈ സംഘത്തിന് പങ്ക്
ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വന്‍തുക ലാഭമായി സ്വന്തമാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്നവരുടെ എണ്ണം കൂടുന്നു. കേരളത്തിലെ സാധാരണക്കാരും സര്‍വീസ് രംഗത്തുനിന്ന് വിരമിച്ചവരും പൊതുവേ സഹകരണ മേഖലയിലാണ് നിക്ഷേപം നടത്താറുള്ളത്. എന്നാല്‍, സഹകരണ മേഖലയിലെ നിക്ഷേപം സുരക്ഷിതമല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ഈ തുക ഓഹരി വിപണിയിലേക്ക് മാറ്റാമെന്ന വ്യാജേന തട്ടിപ്പ് നടത്തുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. വ്യാജ ട്രേഡിങ് ആപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
രാജ്യത്ത് ‘വെര്‍ച്വല്‍ അറസ്റ്റ്’ കഴിഞ്ഞാല്‍ ഏറ്റവുമധികം പണം നഷ്ടപ്പെടുന്ന തട്ടിപ്പ് നടക്കുന്നത് ഓണ്‍ലൈന് ട്രേഡിങ്ങിന്റെ പേരിലാണ്. ഇങ്ങനെ തട്ടിപ്പിനിരയാവര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്ന സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രേഡിങിലൂടെ മൂന്നുകോടി രൂപ നഷ്ടപ്പെട്ട മധ്യവയ്കനെ എറണാകുളം ചോറ്റാനിക്കരയ്ക്കുസമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് ഈ അടുത്തകാലത്താണ്.
വന്‍തുക വാഗ്ദാനം ചെയ്യുന്ന നിക്ഷേപത്തിന് പ്രേരിപ്പിക്കുന്ന, കേന്ദ്രമന്ത്രിമാരുടെയും വന്‍കിട വ്യവസായികളുടെയും വ്യാജ വീഡിയോകള്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കും. ധനമന്ത്രി നിര്‍മലാസീതാരാമന്റെ പേരിലടക്കം ഇത്തരം വീഡിയോകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വീഡിയോയില്‍ ആകര്‍ഷകമായ ഏതെങ്കിലും നിക്ഷേപ പദ്ധതി പറയിപ്പിക്കുകയും അതിലേക്ക് നിക്ഷേപം നടത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് തട്ടിപ്പിന്റെ ഒരു രീതി.
ഇത്തരം വീഡിയോയ്ക്ക് ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുക. ഇവരാണ് തട്ടിപ്പിനിരയാകുന്നവരിലേറെയും. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് അതിലേക്ക് സ്വകാര്യ ഷെയര്‍ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വിളിയെത്തും. പിന്നാലെ വ്യാജ ട്രേഡിങ് ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. പിന്നീട് നിക്ഷേപമെന്ന പേരില്‍ ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് പണമിടാനാണ് നിര്‍ദ്ദേശിക്കാറുള്ളത്. ഈ പണം തട്ടിയെടുത്തുവെന്ന് മനസിലാകുന്നത് പോലും മാസങ്ങള്‍ കഴിഞ്ഞാകും.
25 ലക്ഷം മുതല്‍ ആറുകോടി വരെ നല്കി വഞ്ചിതരായവരുണ്ട്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചപ്പോള്‍ വന്‍ ലാഭവിഹിതം തിരികെ നല്കും. പണം പിന്‍വലിക്കാന് ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുക. നിക്ഷേപവും ഇരട്ടിപ്പും ആപ്പില് മാത്രമായിരിക്കുമുള്ളത്. പണം പിന്‍വലിക്കാന് ആവശ്യപ്പെടുമ്പോള്‍ ലാഭവിഹിതത്തിന്റെ ജി.എസ്.ടി., കമ്മിഷന്‍ തുടങ്ങിയ പല ഇനത്തില്‍ വീണ്ടും ലക്ഷങ്ങള്‍ തട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്.
