Indian Cooperator

റിസര്‍വ് ബാങ്ക് പിഴശിക്ഷയിട്ടത് നാല് അര്‍ബന്‍ ബാങ്കുകള്‍ക്കും ഒരു ജില്ലാബാങ്കിനും

ബാങ്കിങ്‌നിയന്ത്രണ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതിനു വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്ക്, മലപ്പുറത്തെ നിലമ്പൂര്‍ അര്‍ബന്‍ബാങ്ക് എന്നിവയടക്കം രാജ്യത്തെ അഞ്ചു സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴ ചുമത്തി. ആകെ 5.75 ലക്ഷം രൂപയാണ് ഈ ബാങ്കുകള്‍ പിഴയൊടുക്കേണ്ടത്. പിഴശിക്ഷയ്ക്കു വിധിക്കപ്പെട്ടവയില്‍ നാലെണ്ണം അര്‍ബന്‍ബാങ്കുകളും ഒരെണ്ണം ജില്ലാ കേന്ദ്ര സഹകരണബാങ്കുമാണ്.

ബാങ്ക്ഡയറക്ടര്‍മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും മാനദണ്ഡം ലംഘിച്ചു വായ്പയും അഡ്വാന്‍സും അനുവദിച്ചതിനു സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്ക് ഒരു ലക്ഷം രൂപയാണു പിഴയടയ്‌ക്കേണ്ടത്. നിലമ്പൂര്‍ അര്‍ബന്‍ബാങ്കിനു അമ്പതിനായിരം രൂപയാണു പിഴ. നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കില്‍ നിര്‍ദേശം പാലിച്ചില്ല എന്നതാണു ബാങ്കിന്റെ വീഴ്ച.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ കേന്ദ്ര സഹകരണബാങ്കിനാണ് ഏറ്റവും കൂടുതല്‍ പിഴ കിട്ടിയത്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ അംഗത്വംസംബന്ധിച്ചും ഉപഭോക്താക്കളെ അറിയുക ( കെ.വൈ.സി ) എന്ന മാര്‍ഗനിര്‍ദേശംസംബന്ധിച്ചുമുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതിന് ഈ ബാങ്കിനു 2.25 ലക്ഷം രൂപയാണു പിഴ വിധിച്ചത്. ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ചശീല്‍ മെര്‍ക്കന്റൈല്‍ സഹകരണബാങ്കിനു ഒരു ലക്ഷം രൂപയാണു പിഴ. അനധികൃത ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകളില്‍ ഉപഭോക്താക്കളുടെ സംരക്ഷണംസംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണു വീഴ്ച. തമിഴ്‌നാട്ടിലെ കാമരാജ് സഹകരണ ടൗണ്‍ ബാങ്കിനും ഒരു ലക്ഷം രൂപയാണു പിഴ ചുമത്തിയത്. സൂപ്പര്‍വൈസറി ആക്ഷന്‍ ചട്ടക്കൂടിനു കീഴിലെ പ്രത്യേകനിര്‍ദേശങ്ങള്‍ ലംഘിച്ചതാണു വീഴ്ച.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജസ്ഥാനിലെയും ഒഡിഷയിലെയും രണ്ട് അര്‍ബന്‍ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് മൊത്തം അഞ്ചു ലക്ഷം രൂപ പിഴ ചുമത്തുകയുണ്ടായി. മാര്‍ച്ചില്‍ അഞ്ച് അര്‍ബന്‍ബാങ്കുകളെക്കൂടി ശിക്ഷിച്ചതോടെ ഈ വര്‍ഷം ഇതുവരെ റിസര്‍വ് ബാങ്കിന്റെ പിഴശിക്ഷയ്ക്കു വിധേയമായ സഹകരണബാങ്കുകളുടെ എണ്ണം പതിനൊന്നായി. ജനുവരിയില്‍ നാല് അര്‍ബന്‍ബാങ്കുകളാണു ശിക്ഷിക്കപ്പെട്ടത്. മഹാരാഷ്ട്രയില്‍നിന്നു മൂന്നും മധ്യപ്രദേശില്‍നിന്ന് ഒന്നും.

2025 ല്‍ അര്‍ബന്‍ബാങ്കുകളുള്‍പ്പെടെ 264 സഹകരണബാങ്കുകള്‍ക്കാണു റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചിരുന്നത്. പിഴസംഖ്യ മൊത്തം 15.63 കോടി രൂപ വരും. മഹാരാഷ്ട്രയില്‍ സത്താറയിലുള്ള ജീജമാതാ മഹിള സഹകാരി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയതും 2025 ലാണ്.

Related posts

ജില്ലാ കളക്ടര്‍മാരെ ജില്ലാബാങ്കുകളുടെ അഡ്മിനിസ്ട്രേറ്റര്‍മാരാക്കിയ ഉത്തരവ് തെലങ്കാന ഹൈക്കോടതി തടഞ്ഞു

Indian Cooperator

കര്‍ണാടകത്തിലെ സഹകരണആരോഗ്യപദ്ധതിയില്‍ ഇക്കൊല്ലം50 ലക്ഷം പേരെ ചേര്‍ക്കും

Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കുകളെദീര്‍ഘകാലം റിസര്‍വ് ബാങ്കിന്പിരിച്ചുവിടാം – സുപ്രീംകോടതി

Indian Cooperator
error: Content is protected !!