Indian Cooperator

25,000 കോടി രൂപയുടെസഹകരണവായ്പാ ക്രമക്കേട്:അജിത് പവാറിനും മറ്റുമെതിരായ കേസ്പോലീസ് അവസാനിപ്പിച്ചു

മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്കില്‍നിന്നുള്ള വായ്പാവിതരണത്തിലുണ്ടായ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ സിറ്റി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് മുംബൈയിലെ പ്രത്യേകകോടതി വെള്ളിയാഴ്ച അംഗീകരിച്ചു. അന്തരിച്ച എന്‍.സി.പി. നേതാവ് അജിത് പവാര്‍ ഉള്‍പ്പെടെ 75 പേരാണു കേസില്‍ പ്രതികളായുണ്ടായിരുന്നത്. 25,000 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ചിരുന്ന കേസ് അജിത് പവാറിനും മറ്റു പ്രതികള്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണു പോലീസ് അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ ജനുവരി 28 ന് മഹാരാഷ്ട്രയിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ മരിച്ചത്.

എം.പി.മാരും എം.എല്‍.എ.മാരും ഉള്‍പ്പെടുന്ന കേസുകള്‍ പരിഗണിക്കുന്ന സ്‌പെഷല്‍ ജഡ്ജി മഹേഷ് ജാദവാണു ക്ലോഷര്‍ റിപ്പോര്‍ട്ട് സ്വീകരിച്ചത്. പ്രതികള്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ കേസൊന്നും എടുത്തിട്ടില്ലെന്നും കാട്ടിയാണു കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള ക്ലോഷര്‍ റിപ്പോര്‍ട്ട് പോലീസിന്റെ സാമ്പത്തികക്കുറ്റാന്വേഷണവിഭാഗം സമര്‍പ്പിച്ചത്. ക്ലോഷര്‍ റിപ്പോര്‍ട്ടിനെതിരെ ആക്ടിവിസ്റ്റ് അണ്ണ ഹസാരെയും മറ്റും നല്‍കിയ ഹര്‍ജികള്‍ പ്രത്യേകകോടതി തള്ളുകയും ചെയ്തു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ജില്ലാ സഹകരണബാങ്കുകള്‍ സഹകരണ പഞ്ചസാരഫാക്ടറികള്‍ക്കും സ്പിന്നിങ് മില്ലുകള്‍ക്കും മറ്റും വായ്പ നല്‍കി എന്നതായിരുന്നു മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റും പേരിലുണ്ടായിരുന്ന പരാതി. ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 2019 ലാണു കേസില്‍ അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ പോയെങ്കിലും ഫലമുണ്ടായില്ല. അക്കാലത്ത് ഒരു ജില്ലാ സഹകരണബാങ്കില്‍ ഡയറക്ടറായിരുന്ന അജിത് പവാറിനെയും സര്‍ക്കാറുദ്യോഗസ്ഥരെയും സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍മാരെയും ഉദ്യോഗസ്ഥരെയുമാണ് എഫ്.ഐ.ആറില്‍ പ്രതികളായി ചേര്‍ത്തിരുന്നത്. അനധികൃതവായ്പകളിലൂടെ 2007 ജനുവരിക്കും 2017 ഡിസംബറിനുമിടയില്‍ സംസ്ഥാന ഖജനാവിനു 25,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണു പോലീസിന്റെ സാമ്പത്തികക്കുറ്റാന്വേഷണവിഭാഗം ആരോപിച്ചിരുന്നത്.

പിന്നീട് സംസ്ഥാനത്തു ഭരണമാറ്റങ്ങളുണ്ടായപ്പോള്‍ കേസുമായി ബന്ധപ്പെട്ട് ചില വഴിത്തിരിവുകളുണ്ടായി. ശിവസേനാനേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാഡി മന്ത്രിസഭയില്‍ അജിത് പവാര്‍ അംഗമായി. ഈ ഭരണകാലത്ത് അജിത് പവാറിനും മറ്റുമെതിരായ കേസില്‍ പോലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ആര്‍ക്കെതിരെയും ക്രിമിനല്‍ക്കുറ്റം ചാര്‍ത്തിയിട്ടില്ലെന്നു പറഞ്ഞാണു ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. 2022 ല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ കേസ്ഫയല്‍ വീണ്ടും തുറന്നു. പിന്നീട് എന്‍.സി.പി. പിളര്‍ന്ന് അജിത് പവാര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പി. അടങ്ങുന്ന ഭരണപക്ഷത്തു ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി. ഇതേത്തുടര്‍ന്നു പോലീസ് വീണ്ടും ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണുണ്ടായത്. അജിത് പവാറിന്റെ മരണശേഷം ഭാര്യ സുനേത്രാ പവാര്‍ സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.

Related posts

വിദേശപൗരനും സഹകരണ സംഘങ്ങളില്‍ അംഗമാകാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; രാജ്യമാകെ ഉറ്റുനോക്കുന്ന തര്‍ക്കം കോടതിയില്‍

Indian Cooperator

രണ്ടു വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്തില്ല; 58 മള്‍ട്ടി സ്റ്റേറ്റ്‌സംഘങ്ങള്‍ക്ക് നോട്ടീസ്

Indian Cooperator

എന്‍.സി.ഇ.എല്ലില്‍ 16,408 സഹകരണസംഘങ്ങള്‍; വിദേശത്തേക്കയച്ചത്6,341 കോടി രൂപയുടെ ഉത്പന്നങ്ങള്‍

Indian Cooperator
error: Content is protected !!