സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണസംഘം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2024 ജനുവരി ഒന്നു മുതല്‍ ഇതിനു പ്രാബല്യമുണ്ടാവും.സംസ്ഥാനത്തെ പ്രാഥമിക ക്ഷീര സഹകരണസംഘം ജീവനക്കാരുടെ നാലാമതു ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍സംബന്ധിച്ചു വിശദമായി പഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായി പതിനേഴംഗക്കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടാണു ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചുസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ക്ഷീര സഹകരണസംഘത്തിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ട് ജീവനക്കാരുടെ ശമ്പളനിര്‍ണയം നടത്തേണ്ടതും അംഗീകാരം നല്‍കേണ്ടതും ക്ഷീരവികസനവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറാണ്. എല്ലാ ക്ഷീര സഹകരണസംഘങ്ങളും ശമ്പളപരിഷ്‌കരണ ഉത്തരവിന്റെ തീയതി മുതല്‍ ആറു മാസത്തിനുള്ളില്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കിയെന്നു ഉറപ്പു വരുത്തേണ്ടത് അതതു ജില്ലയിലെ ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവാദിത്തമാണ്.
ഈ സര്‍ക്കാര്‍ഉത്തരവ് നടപ്പാക്കാന്‍ വിമുഖത കാട്ടുന്ന ഭരണസമിതിയുടെ നടപടി കേരള സഹകരണസംഘം നിയമം വകുപ്പ് 32 (1) (ബി) പരിധിയില്‍ വരും. അതിനാല്‍, മതിയായ കാരണമില്ലാതെ സംഘത്തില്‍ ഈ ഉത്തരവ് പ്രകാരമുള്ള ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ വിമുഖത കാട്ടുന്ന ഭരണസമിതിക്കെതിരെ കേരള സഹകരണനിയമത്തിലെ വകുപ്പ് 32 പ്രകാരമുള്ള നടപടി ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്വീകരിക്കേണ്ടതാണ് – സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.
