Indian Cooperator

വായ്പാപരിധി കഴിഞ്ഞതോടെ നെല്ലിന്റെ വില നല്‍കുന്നത് എസ്.ബി.ഐ. നിര്‍ത്തി

കര്‍ഷകര്‍ക്കു നെല്ലിന്റെ വില നല്‍കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ.യും സപ്ലൈകോയുമായുള്ള ധാരണപ്രകാരമുള്ള വായ്പയുടെ പരിധി കഴിഞ്ഞതോടെ പി.ആര്‍.എസ്. ( പാഡി റസീറ്റ് ഷീറ്റ് ) വായ്പയായി കര്‍ഷകര്‍ക്കു നെല്ലിന്റെ വില നല്‍കുന്നത് എസ്.ബി.ഐ. നിര്‍ത്തി. എസ്.ബി.ഐ.യുമായുള്ള ധാരണയനുസരിച്ചു 480 കോടി രൂപയാണു വായ്പയായി നല്‍കേണ്ടിയിരുന്നത്. ആ പരിധി കഴിഞ്ഞതോടെയാണു ബാങ്ക് വായ്പാവിതരണം നിര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പി.ആര്‍.എസ്സുമായി ബാങ്കിലെത്തിയ കര്‍ഷകര്‍ക്കു നെല്ലിന്റെ വില കിട്ടാതെ നിരാശരായി മടങ്ങേണ്ടിവന്നു.

നെല്‍സംഭരിക്കുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാനാണ് സംഭരണം സഹകരണ സംഘങ്ങള്‍വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് പാലക്കാട് ജില്ലയില്‍ മാത്രമാണ് ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ളത്. പാലക്കാട് ജില്ലയിലെ സഹകരണ നെല്ല് സംഭരണ രീതി വിജയകരമായാല്‍ മറ്റ് ജില്ലകളിലും നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ പി.ആര്‍.എസ്. വായ്പയായി എസ്.ബി.ഐ.യില്‍നിന്നാണ് കര്‍ഷര്‍ക്ക് പണം നല്‍കുന്നത്. അതിലാണ് ഇപ്പോള്‍ തടസ്സം വന്നിരിക്കുന്നത്.

സപ്ലൈകോ പരിശോധന പൂര്‍ത്തിയാക്കിയ പി.ആര്‍.എസ്സുമായി ചെന്നാല്‍ ബാങ്കില്‍നിന്നു നെല്ലിന്റെ വില കിട്ടുമെന്നാണു കര്‍ഷകരോടു പറഞ്ഞിരുന്നത്. എന്നാല്‍, വായ്പാപരിധി കഴിഞ്ഞെന്നാണു ബാങ്ക് അറിയിച്ചത്. ജനുവരി അവസാനത്തെ ആഴ്ച മുതല്‍ സംഭരിച്ച നെല്ലിന്റെ വിലയാണു കര്‍ഷകര്‍ക്കു കിട്ടാനുള്ളത്. വില എന്നു കിട്ടുമെന്ന ചോദ്യത്തിനു സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിക്കുന്നതോടെ കര്‍ഷകരെ അറിയിക്കുമെന്നാണു ബാങ്ക് മറുപടി പറയുന്നത്.

എസ്.ബി.ഐ, കനറാ ബാങ്ക് എന്നിവയുമായാണു സപ്ലൈകോ ധാരണയുണ്ടാക്കിയിട്ടുള്ളത്. എസ്.ബി.ഐ. 480 കോടി രൂപയും കനറാ ബാങ്ക് 620 കോടി രൂപയും കര്‍ഷകര്‍ക്കു പി.ആര്‍.എസ്. വായ്പയായി നല്‍കുമെന്നായിരുന്നു ധാരണ. കനറാ ബാങ്ക് ഇപ്പോഴും പി.ആര്‍.എസ്. വായ്പയായി നെല്ലിന്റെ വില നല്‍കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ സര്‍ക്കാരില്‍നിന്നു കൂടുതല്‍ പണം കിട്ടുമെന്നാണു സപ്ലൈകോയുടെ പ്രതീക്ഷ. അതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണു കരുതുന്നത്.

Related posts

രണ്ടാംവിള നെല്ല് സഹകരണ സംഘങ്ങള്‍ സംഭരിക്കും; പാലക്കാടിന് ശേഷം സംസ്ഥാനത്താകെ തുടങ്ങും

Indian Cooperator

ക്ഷേമപെന്‍ഷന്‍ വിതരണം:  നാലു മാസത്തെ ഇന്‍സെന്റീവായി27.3 കോടി രൂപ അനുവദിച്ചു

Indian Cooperator

ആധാര്‍കാര്‍ഡ്:  വിലാസം തെളിയിക്കാന്‍ സംസ്ഥാന ബാങ്കുകളുടെ പാസ്ബുക്കും മതി

Indian Cooperator
error: Content is protected !!