Indian Cooperator

സഹകരണസംഘങ്ങള്‍ക്ക്ബാങ്കിങ് പ്രവര്‍ത്തനംനടത്താം – കേരള ഹൈക്കോടതി

സഹകരണസംഘങ്ങള്‍ക്കു ബാങ്കിങ്പ്രവര്‍ത്തനം നടത്താമെന്നു കേരള ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വിധിച്ചു. 1969 ലെ കേരള സംസ്ഥാന സഹകരണസംഘം നിയമമുള്‍പ്പെടെയുള്ള സംസ്ഥാന സഹകരണബാങ്കിങ് നിയമങ്ങളുടെയും 1984 ലെ കേരള സംസ്ഥാന സഹകരണ കാര്‍ഷികവികസന ബാങ്ക് നിയമത്തിന്റെയും ഭരണഘടനാസാധുത ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച റിട്ട് അപ്പീല്‍ തള്ളിക്കൊണ്ടാണു ജസ്റ്റിസുമാരായ എന്‍. നഗരേഷ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ സുപ്രധാനവിധി പുറപ്പെടുവിച്ചത്. സഹകരണസംഘങ്ങളെ ബാങ്കിങ്പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിക്കുന്ന ഈ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ബാങ്കിങ്പ്രവര്‍ത്തനം യൂണിയന്‍ ലിസ്റ്റിലെ എന്‍ട്രി 45 ( ബാങ്കിങ് ) നു കീഴില്‍ വരുന്ന വിഷയമാണെന്നായിരുന്നു ഹര്‍ജിക്കാരനായ തോമസ് എം.കെ.യുടെ വാദം. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് ഒന്നില്‍ 246-ാമതു അനുച്ഛേദത്തില്‍ പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്നതാണു ബാങ്കിങ്പ്രവര്‍ത്തനം എന്നും ഹര്‍ജിക്കാരന്‍ വാദിക്കുകയുണ്ടായി.

ബാങ്കിങ്‌നിയന്ത്രണത്തിന്റെ കാര്യത്തില്‍ സഹകരണബാങ്കുകള്‍ 1949 ലെ ബാങ്കിങ്‌നിയന്ത്രണ നിയമത്തില്‍പ്പെടുന്നതാണെന്നു 2020 ല്‍ പാണ്ഡുരംഗ് ഗണപതി ചൗഗുളെയും വിശ്വാസ്‌റാവു പാട്ടീല്‍ മുര്‍ഗുദ് സഹകാരി ബാങ്ക് ലിമിറ്റഡും തമ്മിലും 2007 ല്‍ ഗ്രേറ്റര്‍ ബോംബെ സഹകരണബാങ്ക് ലിമിറ്റഡും യുണെറ്റഡ് യാണ്‍ ടെക്സ്റ്റ് ലിമിറ്റഡും തമ്മിലും നടന്ന കേസുകളിലെ സുപ്രീംകോടതി വിധികളുള്‍പ്പെടെ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ബാങ്കിങ്ബിസിനസ് നടത്തുന്നതുകൊണ്ടു മാത്രം സഹകരണസംഘം സഹകരണസംഘമല്ലാതായിത്തീരില്ലെന്നു ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സഹകരണസംഘം നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സഹകരണസംഘങ്ങള്‍ അവയുടെ ചുമതലകളും ബാധ്യതകളും സഹകരണസംഘംനിയമത്തിലെ നിയന്ത്രണവ്യവസ്ഥകളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ അവ ബാങ്കിങ്ബിസിനസ് നടത്തുന്നതുകൊണ്ടുമാത്രം സഹകരണസംഘമല്ലാതാവുന്നില്ല- കോടതി ചൂണ്ടിക്കാട്ടി. ബാങ്കിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഹകരണസംഘങ്ങള്‍ സംസ്ഥാനലിസ്റ്റിലെ എന്‍ട്രി 32 നു കീഴില്‍ വരുമെന്നു നാഗ്പൂര്‍ ജില്ലാ കേന്ദ്ര സഹകരണബാങ്കും നാഗ്പൂര്‍ സഹകരണസംഘങ്ങളുടെ ഡിവിഷണല്‍ ജോ. രജിസ്ട്രാറും തമ്മില്‍ നടന്ന കേസ് ഉദ്ധരിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

സഹകരണമേഖലയിലെ തര്‍ക്കങ്ങള്‍ സഹകരണആര്‍ബിട്രേഷന്‍ ഫോറങ്ങളിലേക്കു തിരിച്ചുവിടുന്ന നിയമസംവിധാനത്തെയും ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തിരുന്നു. ഇതു സിവില്‍കോടതികളെ സമീപിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടിയാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഈ വാദവും ഡിവിഷന്‍ ബെഞ്ച് തള്ളി. സിവില്‍ക്കോടതിയുടെ അധികാരപരിധിയില്‍നിന്നു സഹകരണമേഖലയിലെ തര്‍ക്കങ്ങളെ ഒഴിവാക്കിയത് അംഗീകൃത നിയമസമ്പ്രദായമാണെന്നു കോടതി നിരീക്ഷിച്ചു. വ്യക്തിപരമായ ആവലാതികളൊന്നും പരാമര്‍ശിക്കാതെയുള്ള റിട്ട് ഹര്‍ജിക്കു പൊതുതാത്പര്യ ഹര്‍ജിയുടെ സ്വഭാവമുണ്ടെങ്കിലും പൊതുതാത്പര്യ ഹര്‍ജിയുടെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല ഹര്‍ജി ഫയല്‍ ചെയ്തതെന്നു കോടതി അഭിപ്രായപ്പെട്ടു.

2025 സെപ്റ്റംബര്‍ 29 ലെ സിംഗിള്‍ബഞ്ച് വിധിക്കെതിരെ തോമസ് എം.കെ. സമര്‍പ്പിച്ച റിട്ട്ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെയാണു ജസ്റ്റിസ് എന്‍. നഗരേഷ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് തളളിയത്. സിംഗിള്‍ബെഞ്ച് വിധിയില്‍ നിയമവിരുദ്ധമായി ഒന്നും തങ്ങള്‍ കാണുന്നില്ലെന്നു ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.

Related posts

സഹകരണ ജീവനക്കാര്‍ക്ക് റഗുലര്‍ സര്‍വീസില്‍ പ്രവേശിച്ച കാലം മുതല്‍ സര്‍വീസ് വെയിറ്റേജിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Indian Cooperator

സഹകരണ സംഘങ്ങളുടെ ഫഌയിഡ് റിസോഴ്‌സസ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി

Indian Cooperator

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

Indian Cooperator
error: Content is protected !!