Indian Cooperator

പെട്രോള്‍ ലിറ്ററിന് 25-28 രൂപ വരെ കൂടിയേക്കാമെന്ന് ആശങ്ക

കരുതിയിരിക്കുക. പെട്രോളിനു വന്‍ വിലവര്‍ധന വരാന്‍ പോകുന്നു. നാലു ദിവസംകൂടി കഴിഞ്ഞാല്‍ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കും. തുടര്‍ന്ന് ഏതു ദിവസവും പെട്രോള്‍വില കൂട്ടിയേക്കുമെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ മുതല്‍ 28 രൂപ വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകയാണ്.

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ ഏറ്റവുമൊടുവിലെ മാര്‍ക്കറ്റ് റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധനവിലവര്‍ധന വരാന്‍പോകുന്നതിനെപ്പറ്റി സൂചന നല്‍കുന്നത്. ലിറ്ററിന് 25 രൂപ കൂട്ടിയാല്‍ കേരളത്തിലെ പെട്രോള്‍വില 130 രൂപ കടക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില 120 ഡോളറിലേക്കു കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്നു രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഭീമമായ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു പെട്രോള്‍-ഡീസല്‍വില വര്‍ധിപ്പിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ വിലയിലും റീട്ടെയില്‍ വില്‍പനവിലയിലും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു പ്രതിമാസം 27,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, പെട്രോള്‍വില വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും പരിഗണനയിലില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

അതേസമയം, ആഗോളതലത്തില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനവിനത്തുടര്‍ന്ന് രാജ്യത്തെ സ്വകാര്യമേഖലയിലെ വന്‍കിട റീട്ടെയില്‍സ്ഥാപനമായ നയാര എനര്‍ജി ഈയിടെ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിനു മൂന്നു രൂപയും വര്‍ധിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ 1,02,075 പെട്രോള്‍പമ്പുകളില്‍ 6,967 എണ്ണം നയാരയുടേതാണ്.

Related posts

താനൂര്‍ അര്‍ബന്‍ ബാങ്കടക്കംഅഞ്ചു ബാങ്കുകള്‍ക്ക്റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചു

Indian Cooperator

നാല് അര്‍ബന്‍ ബാങ്കുകള്‍ക്കുകൂടി ഷെഡ്യൂള്‍ഡ് ബാങ്ക് പദവി

Indian Cooperator

പത്തുവര്‍ഷം ഇടപാടില്ലാത്ത അക്കൗണ്ടിലെ പണം റിസര്‍വ് ബാങ്കിലേക്ക് മാറ്റും; സംസ്ഥാനത്തുള്ളത് 2103 കോടി

Indian Cooperator
error: Content is protected !!