Indian Cooperator

1,478 കോടി രൂപയുടെകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയും സംഘങ്ങള്‍ക്കെതിരെ അന്വേഷണം

കടലാസ് കമ്പനികളുണ്ടാക്കി 1,478 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മഹാരാഷ്ട്രയിലെയും ആന്ധ്രപ്രദേശിലെയും മൂന്നു സഹകരണസംഘങ്ങള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ സംഘങ്ങളില്‍ അംഗങ്ങളായിച്ചേര്‍ന്ന ചിലരാണു കടലാസുകമ്പനികളുണ്ടാക്കി വിദേശത്തുനിന്നുള്ള പണം കൊണ്ടുവന്നത്. വിദേശത്തുനിന്ന് അനധികൃതമാര്‍ഗങ്ങളിലൂടെ പണമെത്തുന്നതിനെക്കുറിച്ചു നടന്ന അന്വേഷണത്തിലാണു മൂന്നു സഹകരണസംഘങ്ങളുടെ പങ്ക് വ്യക്തമായതെന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ രണ്ടു വായ്പാ സഹകരണസംഘങ്ങള്‍ മഹാരാഷ്ട്രയിലെ അഹല്യാനഗര്‍ ജില്ലയിലാണു പ്രവര്‍ത്തിക്കുന്നത്. ഒരെണ്ണം ആന്ധ്രയിലെ വിജയവാഡയിലും.

കേസിലുള്‍പ്പെട്ടവര്‍ ഈ മൂന്നു സഹകരണസംഘങ്ങളിലും അംഗത്വമെടുത്തു സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്നവരാണ്. ഇറക്കുമതി-കയറ്റുമതി ഇടപാടിന്റെ മറവിലാണിവര്‍ വിദേശത്തുനിന്നു പണമെത്തിച്ചത്. സഹകരണസംഘങ്ങള്‍വഴി 200 കോടി രൂപ എത്തിച്ചുവെന്നാണു പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്. ബുള്ള്യന്‍വ്യാപാരികളുടെ ( സ്വര്‍ണം, വെള്ളിക്കട്ടി വ്യാപാരികള്‍ ) സഹായവും തട്ടിപ്പുകാര്‍ക്കു കിട്ടിയിട്ടുണ്ട്. ഇതുവരെയായി 58.16 കോടി രൂപ വിലവരുന്ന ആസ്തി ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. ഇടപാടില്‍ ഉള്‍പ്പെട്ടവരുടെയും ബുള്ള്യന്‍വ്യാപാരികളുടെയും വായ്പാസംഘങ്ങളുടെയും വീടുകളിലും ഓഫീസുകളിലും കഴിഞ്ഞാഴ്ച ഇ.ഡി. തിരച്ചില്‍ നടത്തിയിരുന്നു. വിലപിടിച്ച രേഖകളും ഡിജിറ്റല്‍സംവിധാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മുംബൈയിലെ എന്‍.എം. ജോഷിമാര്‍ഗ് പോലീസ് സ്റ്റേഷനില്‍ ബിസിനസ്സുകാരന്‍ റിതേഷ് ജെയിനിനും മറ്റുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണമാരംഭിച്ചത്. ഫണ്ടുകള്‍ തിരിമറി നടത്താനായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും വഞ്ചിച്ചെന്നും കടലാസുകമ്പനികള്‍ ഉണ്ടാക്കിയെന്നുമാണു എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. 2016-17 ല്‍ 1400 കോടി രൂപ ഹോങ്കോങ്, ദുബായ്, തായ്ലാന്റ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. 1,478 കോടി രൂപയുടെ കയറ്റുമതി നടന്നിട്ടില്ല എന്നത് ഇടപാടുകള്‍ വ്യാജമാണെന്നു തെളിയിക്കുന്നതായി ഇ.ഡി. വ്യക്തമാക്കി. സഹകരണസംഘങ്ങള്‍, ഇടത്തട്ടുകാര്‍, ബുള്ള്യന്‍വ്യാപാരികള്‍, കടലാസുകമ്പനികള്‍ എന്നിവയുള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണു നടന്നതെന്നു ഇ.ഡി. കരുതുന്നു.

Related posts

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

Indian Cooperator

ഓരോ പത്തു വര്‍ഷം കൂടുമ്പോഴും ഇനി അന്താരാഷ്ട്ര സഹകരണവര്‍ഷം

Indian Cooperator

ഒരു ലക്ഷം കോടിയിലധികംരൂപയുടെ ബിസിനസുമായിസാരസ്വത് അര്‍ബന്‍ബാങ്ക്കുതിക്കുന്നു

Indian Cooperator
error: Content is protected !!