Indian Cooperator

സഹകരണസംഘത്തിന് 200 കോടിയുടെ മൂലധനമുണ്ടെങ്കില്‍ അര്‍ബന്‍ബാങ്ക് പദവി ലഭിച്ചേക്കാം

അര്‍ബന്‍ സഹകരണബാങ്കാവാന്‍ പ്രാഥമിക സഹകരണസംഘത്തിനു വേണ്ട നിര്‍ദിഷ്ട മൂലധനശേഷിയില്‍ റിസര്‍വ് ബാങ്ക് പിന്നാക്കം പോകാന്‍ സാധ്യതയുണ്ടെന്നു പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ചര്‍ച്ചാകുറിപ്പില്‍ ( ഡിസ്‌കഷന്‍ പേപ്പര്‍ ) സഹകരണസംഘത്തിനു 300 കോടി രൂപയുടെ മൂലധനശേഷിയുണ്ടെങ്കിലേ അര്‍ബന്‍ ബാങ്കാവാന്‍ അനുമതി നല്‍കുകയുള്ളു എന്നാണു പറഞ്ഞിരുന്നത്. അതാണിപ്പോള്‍ 100 കോടി രൂപ കുറച്ചു 200 കോടിയാക്കാന്‍ പോകുന്നത്. അതുപോലെ, അഞ്ചു വര്‍ഷം മികച്ച സാമ്പത്തികക്കരുത്തുമായി പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളെ നിലവിലുള്ള അര്‍ബന്‍ബാങ്കുകളില്‍ ലയിപ്പിക്കുന്നതുപോലുള്ള നിര്‍ദേശങ്ങളും പരിഗണനയിലാണ്.

ഇത്തരം നിര്‍ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് അനുകൂലനടപടികളെടുക്കുമെന്നാണു ബാങ്കിങ് രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. കാരണം, നടപ്പു സാമ്പത്തികയാഥാര്‍ഥ്യങ്ങളോട് സമരസപ്പെട്ടുപോകുന്ന റിസര്‍വ് ബാങ്ക് കൂടുതല്‍ ജനങ്ങളെ ബാങ്കിങ്‌രംഗത്തേക്കു കൊണ്ടുവരാന്‍ അര്‍ബന്‍ബാങ്കുകളെ സഹായിക്കുമെന്നാണിവരുടെ പ്രതീക്ഷ.

രാജ്യത്ത് ആകെ 1,457 അര്‍ബന്‍ സഹകരണബാങ്കുകളാണുള്ളത്. ഇവയിലെ മൊത്തം നിക്ഷേപം 5.84 ലക്ഷം കോടി രൂപയാണ്. 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിങ്‌മേഖലയിലെ മൊത്തം നിക്ഷേപത്തില്‍ സഹകരണബാങ്കുകളുടെ പങ്ക് 5.4 ശതമാനമാണ്. ഇതില്‍ അര്‍ബന്‍ ബാങ്കുകളിലെ നിക്ഷേപം 3.1 ശതമാനമാണ്. വായ്പയുടെ കാര്യത്തില്‍ സഹകരണബാങ്കുകള്‍ 5.6 ശതമാനത്തോടെ മുന്നിലാണ്. അര്‍ബന്‍ബാങ്കുകളുടെ വായ്പ 3.8 ശതമാനമാണ്.

പുതിയ അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതുസംബന്ധിച്ചു പൊതുജനങ്ങളില്‍നിന്നു പ്രതികരണങ്ങള്‍ തേടിക്കൊണ്ട് ഇക്കഴിഞ്ഞ ജനുവരി 13 നാണു റിസര്‍വ് ബാങ്ക് ചര്‍ച്ചാകുറിപ്പ് പുറത്തിറക്കിയത്. 2004 നു ശേഷം വീണ്ടും അര്‍ബന്‍ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കാന്‍ ആലോചിക്കുന്നതായി ആ സമയത്തു വാര്‍ത്തകള്‍ വന്നിരുന്നു.

പത്തു വര്‍ഷത്തെ മികച്ച പ്രവര്‍ത്തനപാരമ്പര്യവും 300 കോടി രൂപ മൂലധനവുമുള്ള സഹകരണസംഘങ്ങള്‍ക്ക് അര്‍ബന്‍ബാങ്കാവാന്‍ അവസരം വരുന്നു എന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. റിസര്‍വ് ബാങ്കിന്റെ ചര്‍ച്ചാരേഖയില്‍ രണ്ടു ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. അര്‍ബന്‍ബാങ്കുകള്‍ക്കു വീണ്ടും ലൈസന്‍സ് നല്‍കാനുള്ള ഉചിതമായ സമയമാണോ ഇത് എന്നതായിരുന്നു ഒരു ചോദ്യം. അഥവാ ലൈസന്‍സ് പുനരാരംഭിക്കുകയാണെങ്കില്‍ അര്‍ഹതയ്ക്കുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാവണം എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.

അതേസമയം, അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു പുതുതായി ലൈസന്‍സുകള്‍ അനുവദിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളൊന്നും ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനു മുന്നിലില്ലെന്നാണു ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയത്.

Related posts

എന്‍.സി.ഇ.എല്ലില്‍ 16,408 സഹകരണസംഘങ്ങള്‍; വിദേശത്തേക്കയച്ചത്6,341 കോടി രൂപയുടെ ഉത്പന്നങ്ങള്‍

Indian Cooperator

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി; ഇന്‍ഷുറന്‍സ് പോളിസികള്‍ ഈടായി സ്വീകരിക്കാം

Indian Cooperator

രണ്ടു വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്തില്ല; 58 മള്‍ട്ടി സ്റ്റേറ്റ്‌സംഘങ്ങള്‍ക്ക് നോട്ടീസ്

Indian Cooperator
error: Content is protected !!