Indian Cooperator

കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കെതിരെ പത്രപ്പരസ്യവുമായി വീണ്ടും റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്കിനിത് ഒരാചാരംപോലെയാണ്. കൃത്യമായ ഇടവേളകളില്‍ കേരളത്തിലെ സഹകരണസംഘങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മലയാളപത്രങ്ങളില്‍ അരപ്പേജ് പരസ്യം നല്‍കുക. അതുതന്നെ ഒരേ വാചകങ്ങള്‍. മലയാളത്തില്‍ പരസ്യം നല്‍കുന്നതു മനസ്സിലാക്കാം. ഹിന്ദിയിലും എന്തിനാണു മലയാളപത്രങ്ങളില്‍ പരസ്യം കൊടുക്കുന്നത്? അരപ്പേജ് വരുന്ന പരസ്യത്തിന്റെ കാല്‍പ്പേജ് ഹിന്ദിപരസ്യമാണ്.

വിവിധ സഹകരണസംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെയുള്ള ജാഗ്രതാനിര്‍ദേശം എന്നാണു പരസ്യത്തിന്റെ തലക്കെട്ട്. 2020 സെപ്റ്റംബര്‍ 29 ന് നിലവില്‍ വന്ന ബാങ്കിങ് റെഗുലേഷന്‍ ( ഭേദഗതി ) നിയമം 2020 ( 2020 ലെ നിയമം 39 ) മുഖേന 1949 ലെ ബാങ്കിങ് റെഗുലേഷന്‍നിയമം ( ബി.ആര്‍. ആക്ട്, 1949 ) ഭേദഗതി ചെയ്തിട്ടുണ്ട് എന്നും അതുപ്രകാരം ബി.ആര്‍. ആക്ട് 49 ലെ വകുപ്പുകളനുസരിച്ച് സഹകരണസംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണു പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പായി പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1949 ലെ ബാങ്കിങ് റെഗുലേഷന്‍നിയമത്തില്‍ സഹകരണസംഘങ്ങള്‍ക്കു ബാധകമായ സെക്ഷന്‍ ഏഴ് ലംഘിച്ചു ചില സഹകരണസംഘങ്ങള്‍ തങ്ങളുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ആര്‍.ബി.ഐ.യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു പരസ്യത്തില്‍ തുടര്‍ന്നു പറയുന്നു. 1949 ലെ ബി.ആര്‍. ആക്ടിന്റെ വ്യവസ്ഥകള്‍ ലംഘിച്ചു ബാങ്കിങ്ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണസംഘങ്ങള്‍ അംഗങ്ങളല്ലാത്തവരില്‍നിന്നും നാമമാത്രഅംഗങ്ങളില്‍നിന്നും അസോസിയേറ്റ്അംഗങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു പരസ്യത്തില്‍ പറയുന്നു.

ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്ക് ആ വാദഗതി ഉന്നയിക്കുന്നത്. ഈ നിയമഭേദഗതിക്കെതിരെ ഒട്ടേറെ പരാതികള്‍ കോടതിയില്‍ വന്നിട്ടുണ്ട്. രാജ്യത്തെ ഭൂരിഭാഗം ഹൈക്കോടതികളിലും ഹരജി വന്നതോടെ, എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കാന്‍ സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതില്‍ തീര്‍പ്പുണ്ടാകുന്നതിന് മുമ്പാണ് റിസര്‍വ് ബാങ്ക് തെറ്റിദ്ധാരണയുണ്ടാക്കുന്ന പത്രപ്പരസ്യം കേരളത്തില്‍ മാത്രം ആവര്‍ത്തിച്ചു നല്‍കുന്നത്. സഹകരണ സംഘങ്ങള്‍ സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതിലെ അസോസിയേറ്റ്-നാമമാത്ര അംഗങ്ങള്‍ക്കും അംഗങ്ങളുടെ അവകാശമുണ്ടാകുമെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുവിരുദ്ധമാണ്, നാമമാത്ര-അസോസിയേറ്റ് അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് റിസര്‍വ് ബാങ്ക് പരസ്യം നല്‍കുന്നത്.

അവസാനഭാഗത്താണു റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. മേല്‍പറഞ്ഞ സഹകരണസംഘങ്ങള്‍ക്കു ബി.ആര്‍. ആക്ട് 1949 പ്രകാരം ബാങ്കിങ്ബിസിസ് നടത്താന്‍ ആര്‍.ബി.ഐ. ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണു പൊതുജനങ്ങളെ അറിയിക്കുന്നത്. ഇത്തരം സഹകരണസംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്കു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷന്റെ ( ഡി.ഐ.സി.ജി.സി ) ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നാണു പരസ്യത്തില്‍ വ്യക്തമാക്കുന്നത്. അത്തരം സഹകരണസംഘങ്ങള്‍ ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കണമെന്നു റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നു. ഈ സംഘങ്ങളുമായി ഇടപാടുകള്‍ നടത്തുന്നതിനുമുമ്പ് അവര്‍ക്ക് ആര്‍.ബി.ഐ.യുടെ ബാങ്കിങ് ലൈസന്‍സുണ്ടോ എന്നു പൊതുജനങ്ങള്‍ പരിശോധിക്കണമെന്നു നിര്‍ദേശിച്ചുകൊണ്ടാണു പത്രപ്പരസ്യം അവസാനിപ്പിക്കുന്നത്. ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ സഹകരണബാങ്കുകളുടെ പട്ടിക ലിങ്കായി പരസ്യത്തില്‍ കൊടുത്തിട്ടുമുണ്ട്.

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷന്റെ ( ഡി.ഐ.സി.ജി.സി ) ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നതാണ് മുന്നറിയിപ്പായി റിസര്‍വ് ബാങ്ക് പരസ്യത്തില്‍ പറയുന്നത്. ഡി.ഐ.സി.ജി.സി. വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് ഗ്യാരന്റി നല്‍കുന്ന സ്ഥാപനമാണ്. അതില്‍തന്നെ അഞ്ചുലക്ഷം രൂപവരെയാണ് ഗ്യാരന്റിയുള്ളത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് കേരള സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ആണ് പരിരക്ഷ നല്‍കുന്നത്. ഇതാകട്ടെ പത്തുലക്ഷംരൂപവരെയുണ്ട്. ഈ വസ്തുത മറച്ചുവെച്ചാണ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം റിസര്‍വ് ബാങ്ക് ആവര്‍ത്തിക്കുന്നത്.

Related posts

പുനരുദ്ധാരണ നിധിയിലേക്കുള്ള ഫണ്ട് കേരളാബാങ്കിലെ രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ അനുമതി

Indian Cooperator

തൃശൂര്‍ അര്‍ബന്‍ ബാങ്ക് ഭരണസമിതിയെ ആര്‍.ബി.ഐ. അയോഗ്യരാക്കി

Indian Cooperator

സഹകരണസംഘങ്ങള്‍ക്ക്ബാങ്കിങ് പ്രവര്‍ത്തനംനടത്താം – കേരള ഹൈക്കോടതി

Indian Cooperator