Indian Cooperator

സര്‍ക്കാര്‍ ജിവനക്കാര്‍ക്കു തുല്യമായ വിരമിക്കല്‍ ആനുകൂല്യത്തിന്സഹകരണ ജീവനക്കാര്‍ അര്‍ഹരല്ല – ഹൈക്കോടതി

1997 ലെ പഞ്ചാബ് സംസ്ഥാന സഹകരണ കാര്‍ഷികസര്‍വീസ് സഹകരണസംഘം സര്‍വീസ്ചട്ടങ്ങളനുസരിച്ച് ഈ സംഘങ്ങളിലെ ജീവനക്കാര്‍ക്കു വിരമിക്കല്‍ആനുകൂല്യം നിയമപരമാക്കിയത് 1961 ലെ പഞ്ചാബ് സഹകരണസംഘം നിയമത്തിന്റെ അധികാരപരിധിക്കപ്പുറത്തുള്ള നടപടിയാണെന്നു ( Ultra vires )  പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി വിധിച്ചു. 1961 ലെ പഞ്ചാബ് സഹകരണസംഘംനിയമമനുസരിച്ച് സഹകരണജീവനക്കാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ജീവനക്കാര്‍ക്കു തുല്യമായ വിരമിക്കല്‍ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. സ്വതന്ത്ര അസ്തിത്വമുള്ള സഹകരണസംഘത്തിലെ ജീവനക്കാര്‍ക്കു സംസ്ഥാനസര്‍ക്കാര്‍ജീവനക്കാര്‍ക്കു തുല്യമായ വിരമിക്കല്‍ ആനുകൂല്യം നല്‍കുക വഴി സഹകരണസംഘം രജിസ്ട്രാര്‍ ഫലത്തില്‍ ഒരു ‘  സൂപ്പര്‍ തൊഴിലുടമ ‘  യായി മാറിയെന്നു കോടതി വിമര്‍ശിച്ചു.

പഞ്ചാബിലെ വിവിധ സഹകരണസംഘങ്ങളില്‍നിന്നു വിരമിച്ച ഒരു കൂട്ടം ജീവനക്കാരാണു ഹര്‍ജിക്കാര്‍. 1997 ലെ സര്‍വീസ് റൂള്‍സ് പ്രകാരം തങ്ങള്‍ക്കു കിട്ടേണ്ട വിരമിക്കല്‍ ആനുകൂല്യം, വൈകിയതിനുള്ള പലിശസഹിതം, നല്‍കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹര്‍പ്രീത് സിങ് ബ്രാര്‍ ആണു ഹര്‍ജിക്കാരുടെ ആവശ്യം നിരാകരിച്ചത്. ഇത്തരം ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ രജിസ്ട്രാര്‍ക്കു നിയമപരമായ അധികാരമില്ലെന്നു ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതിനാല്‍ത്തന്നെ, സഹകരണസംഘം ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള വിരമിക്കല്‍ആനുകൂല്യത്തിന് അര്‍ഹതയില്ല – കോടതി വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളാല്‍ നയിക്കപ്പെടുന്ന സഹകരണസംഘങ്ങള്‍ സ്വയംഭരണസ്ഥാപനങ്ങളാണ്. സംഘത്തിന്റെ സ്വന്തം നിയമാവലിക്കനുസൃതമായാണു അതു പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ സാമ്പത്തികശേഷിക്കനുസരിച്ച് ശമ്പളസ്‌കെയിലും സേവനവ്യവസ്ഥകളും നിര്‍ണയിക്കാന്‍ സംഘത്തിനു സ്വാതന്ത്ര്യമുണ്ട്. 1997 ലെ സര്‍വീസ് ചട്ടങ്ങള്‍ നടപ്പാക്കുകയും സ്വതന്ത്ര അസ്തിത്വമുള്ള സഹകരണസംഘത്തിലെ ജീവനക്കാര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യമായ വിരമിക്കല്‍ ആനുകൂല്യം നല്‍കുകയും ചെയ്തതു വഴി രജിസ്ട്രാര്‍ ഫലത്തില്‍ ഒരു സൂപ്പര്‍ തൊഴിലുടമയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍, നിയന്ത്രണം, പ്രവര്‍ത്തനം എന്നിവസംബന്ധിച്ച പ്രധാന നിയമമാണു 1961 ലെ സഹകരണസംഘംനിയമമെന്നു കോടതി ചൂണ്ടിക്കാട്ടി. സംഘങ്ങള്‍ക്കു ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള അധികാരം സെക്ഷന്‍ 85 പ്രകാരം സംസ്ഥാനസര്‍ക്കാരില്‍മാത്രം നിക്ഷിപ്തമാണ്. ചട്ടങ്ങളുണ്ടാക്കാനുള്ള അധികാരം രജിസ്ട്രാര്‍ക്കു കൈമാറാന്‍ സംസ്ഥാനസര്‍ക്കാരിനാവില്ല. അതിനാല്‍, രജിസ്ട്രാറുണ്ടാക്കിയ 1997 ലെ സര്‍വീസ്ചട്ടങ്ങള്‍ നിയമപരമായ നിലനില്‍ക്കുന്നതല്ല. ഇതു പ്രായോഗികമായി നടപ്പാക്കാനാവാത്തതാണ് – കോടതി അഭിപ്രായപ്പെട്ടു.

Related posts

ജെ.ഡി.സി. കോഴ്‌സ്:  ഫീസിളവ്400 പേര്‍ക്കു മാത്രം

Indian Cooperator

കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കെതിരെ പത്രപ്പരസ്യവുമായി വീണ്ടും റിസര്‍വ് ബാങ്ക്

Indian Cooperator

സഹകരണ സംഘങ്ങളുടെ ഫഌയിഡ് റിസോഴ്‌സസ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി

Indian Cooperator