Indian Cooperator

തൃശൂര്‍ അര്‍ബന്‍ ബാങ്ക് ഭരണസമിതിയെ ആര്‍.ബി.ഐ. അയോഗ്യരാക്കി

പത്തുവര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഭരണസമിതി അംഗമായി തുടരാന്‍ പാടില്ലെന്ന് പുതിയ വ്യവസ്ഥ കേരളത്തില്‍ റിസര്‍വ് ബാങ്ക് നടപ്പാക്കി. ഇതനുസരിച്ച് തൃശൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ പുറത്തായി. ബാങ്ക് റിസര്‍വ് ബാങ്കിന്റെ കീഴില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് മാറും. 10 വര്‍ഷം പൂര്‍ത്തിയായ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ മെയ് 25മുതല്‍ അയോഗ്യമാണെന്ന് ആര്‍.ബി.ഐ. അറിയിച്ചു. പുതിയ വ്യവസ്ഥ വന്നതിന് ശേഷം കേരളത്തില്‍ അര്‍ബന്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്കെതിരെയുള്ള ആദ്യനടപടിയാണിത്.

സഹകരണബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കു തുടര്‍ച്ചയായ പത്തു വര്‍ഷത്തിനുശേഷം മൂന്നു വര്‍ഷം നിര്‍ബന്ധിത ഇടവേള ( കൂളിങ് ഓഫ് പിരീഡ് ) ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് മെയ് 25നാണ് ഉത്തരവിട്ടത്. അര്‍ബന്‍ബാങ്കുകളിലെയും റൂറല്‍ സഹകരണബാങ്കുകളിലെയും ഡയറക്ടര്‍മാര്‍ക്കു തുടര്‍ച്ചയായി പത്തു വര്‍ഷം ഭരണസമിതിയിലിരുന്നാല്‍ പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞേ അതേ ബാങ്കിന്റെ ഭരണസമിതിയിലേക്കു തിരിച്ചുവരാനാകൂ എന്നതുസംബന്ധിച്ച അന്തിമഭേദഗതിയാണു റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചത്. ഈ ഭേദഗതി ഉടനെത്തന്നെ പ്രാബല്യത്തിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തൃശൂര്‍ അര്‍ബന്‍ ബാങ്കില്‍ നടപടിയുണ്ടായിരിക്കുന്നത്.

ആര്‍.ബി.ഐ. നിയോഗിച്ച ഉദ്യോഗസ്ഥന്‍ മെയ് 29ന് ബാങ്കിലെത്തി അടിയന്തര ഭരണസമിതി യോഗം വിളിച്ചു. തൃശൂര്‍ അര്‍ബന്‍ ബാങ്കില്‍ ഭൂരിപക്ഷം ഭരണസമിതി അംഗങ്ങളും കാലാവധി പൂര്‍ത്തിയായവരാണ്. അവര്‍ രാജിവയ്ക്കാനും തയ്യാറായില്ല. ഇതാണ് ബാങ്കിന്റെ ഭരണംതന്നെ റിസര്‍വ് ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് നിയന്ത്രണത്തിലാക്കിയത്. തൃശൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ പോണ്‍സന്‍ ആലപ്പാട്ട് കാല്‍ നൂറ്റാണ്ടായി ഭരണസമിതിയില്‍ തുടരുകയാണ്. കോണ്‍ഗ്രസ് തൃശൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ കൂടിയാണ് പോള്‍സണ്‍ ആലപ്പാട്ട്. ഡി.സി.സി. വൈസ് പ്രസിഡന്റും മുന്‍ മേയറുമായ ഐ.പി. പോളാണ് വൈസ് ചെയര്‍മാന്‍. അദ്ദേഹവും ഭരണസമിതി അംഗമെന്ന നിലയില്‍ പത്തുവര്‍ഷം കഴിഞ്ഞു.

ഭരണസമിതിയില്‍ ഭൂരിപക്ഷം പേര്‍ പത്തുവര്‍ഷ കാലാവധിയായില്ലെങ്കില്‍ ഭരണസമിതിയില്‍ തുടരുന്നതിന് തടസ്സമുണ്ടാകില്ല. പത്തുവര്‍ഷം കാലാവധി പൂര്‍ത്തിയാവുന്നവര്‍ക്ക് പകരം പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ബാങ്ക് ഭരണം നഷ്ടമാകുമായിരുന്നില്ല. ചെയര്‍മാന്‍ മാറുമെന്ന സ്ഥിതി മാത്രമാണ് ഉണ്ടാവുക. ജനാധിപത്യപരമായ സമീപനം പുലര്‍ത്താത്തതാണ് ഒരു ബാങ്കിന്റെ ഭരണവും നിലനില്‍പും നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്.

Related posts

നയത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്തും-സഹകരണമന്ത്രി എം.ലിജു

Indian Cooperator

പാല്‍വില കൂട്ടണമെന്നു മില്‍മ എറണാകുളം മേഖലായൂണിയന്‍

Indian Cooperator

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

Indian Cooperator
error: Content is protected !!