വായ്പയെടുത്തു കുടിശ്ശിക വരുത്തുന്നവരുടെ അന്തസ്സും മാന്യതയും നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് രംഗത്ത്. സഹകരണബാങ്കുകളുടെയും സഹകരണബാങ്കുകളുടെ വായ്പ തിരിച്ചുപിടിക്കാന്‍ ചുമതലപ്പെടുത്തുന്ന റിക്കവറി ഏജന്റുമാരുടെയും മോശമായ പെരുമാറ്റത്തിനു തടയിടാന്‍ കര്‍ശനനടപടികളാണു റിസര്‍വ് ബാങ്ക് കൈക്കൊള്ളാന്‍ പോകുന്നത്. വായ്പ കുടിശ്ശികയാക്കുന്നവരെ നേരിട്ടോ ഫോണിലോ ഭീഷണിപ്പെടുത്തുകയോ അശ്ലീലഭാഷ പ്രയോഗിക്കുകയോ മറ്റോ ചെയ്താല്‍ റിസര്‍വ് ബാങ്കിന്റെ പിടി വീഴും. കടം വാങ്ങിയവരെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന ഏതു നടപടിയും ഇനി ശിക്ഷാര്‍ഹമായിത്തീരും. അര്‍ബന്‍ സഹകരണബാങ്കുകളിലെയും റൂറല്‍ സഹകരണബാങ്കുകളിലെയും വായ്പകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരടുനിര്‍ദേശങ്ങളിലാണു റിസര്‍വ് ബാങ്ക് വായ്പക്കാരുടെ അന്തസ്സും മാന്യതയും ഹനിക്കരുതെന്ന് ആവശ്യപ്പെടുന്നത്. കരടുനിര്‍ദേശങ്ങളില്‍ മെയ് 31 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.
സോഷ്യല്‍മീഡിയ പോസ്റ്റുകള്‍, വീഡിയോ, ഓഡിയോക്ലിപ്പുകള്‍, മെസേജുകള്‍ എന്നിവ വഴി വായ്പക്കുടിശ്ശികക്കാരെ അപമാനിക്കുന്നതും റിസര്‍വ് ബാങ്ക് നിരോധിച്ചിട്ടുണ്ട്. വായ്പ തിരിച്ചുപിടിക്കുന്നതിനു വായ്പക്കാരെ സന്ദര്‍ശിക്കാന്‍ പ്രത്യേകസമയംതന്നെ റിസര്‍വ് ബാങ്കിന്റെ കരടുനിര്‍ദേശങ്ങളില്‍ നിശ്ചയിക്കുന്നുണ്ട്. ഇതനുസരിച്ച് രാവിലെ എട്ടു മണിക്കും വൈകിട്ട് ഏഴുമണിക്കുമിടയില്‍ മാത്രമേ വായ്പക്കാരെ ബന്ധപ്പെടാനോ നേരില്‍ക്കാണാനോ പാടുള്ളു. അഥവാ, വായ്പക്കാരന്‍ അനുവദിക്കുകയാണെങ്കില്‍ മറ്റു സമയങ്ങളിലും ബന്ധപ്പെടാം. അമിതമായ ഫോണ്‍വിളികള്‍, ആവര്‍ത്തിച്ചുള്ള മെസേജയക്കല്‍, അനുവദനീയമായ സമയവും മറികടന്നുള്ള ആശയവിനിമയം എന്നിവ റിക്കവറിനടപടികളുടെ കടുത്ത ലംഘനമായി വിലയിരുത്തും. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള ഫോണ്‍വിളികളെല്ലാം ബാങ്കുകള്‍ റെക്കോഡ് ചെയ്യണം. ഇവ ആറു മാസമെങ്കിലും സൂക്ഷിച്ചുവെയ്ക്കുകയും വേണം. സംഭാഷണം റെക്കോഡ് ചെയ്യുന്നുണ്ടെന്നു വായ്പക്കാരനെ ബാങ്ക് അറിയിക്കണം. റിക്കവറിയുമായി ബന്ധപ്പെട്ട ആശയവിനിമയമെല്ലാം ബാങ്ക് കൃത്യമായി രേഖപ്പെടുത്തിവെക്കണം.
വായ്പ തിരിച്ചുപിടിക്കാനായി സഹകരണബാങ്ക് നിയോഗിക്കുന്ന റിക്കവറി ഏജന്‍സികളുടെ വിലാസം, എത്രകാലത്തേക്കാണിവരെ നിയോഗിച്ചിരിക്കുന്നത്, എന്തിനാണു നിയോഗിച്ചിരിക്കുന്നത്, ഏജന്‍സികളുടെ പ്രവര്‍ത്തനമേഖല എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബാങ്കിന്റെ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ബാങ്കിന്റെ ശാഖകളുടെ പരിസരത്തും പ്രദര്‍ശിപ്പിക്കണം എന്നതാണു മറ്റൊരു മാര്‍ഗനിര്‍ദേശം. വായ്പക്കാരെ സമീപിക്കുന്ന റിക്കവറിഏജന്റുമാര്‍ തിരിച്ചറിയല്‍ കാര്‍ഡും തങ്ങളെ റിക്കവറിക്ക് അധികാരപ്പെടുത്തിക്കൊണ്ടുള്ള ബാങ്കിന്റെ കത്തും ബാങ്ക് പുറപ്പെടുവിച്ച നോട്ടീസും കൈവശം വെക്കണം. വായ്പക്കുടിശ്ശികയുമായോ റിക്കവറിയുമായോ ബന്ധപ്പെട്ട് ഉപഭോക്താവ് നല്‍കിയിട്ടുള്ള പരാതികള്‍ പരിഹരിക്കപ്പെടാതെയോ നിരസിക്കപ്പെടാതെയോ കിടക്കുമ്പോള്‍ ബാങ്കുകള്‍ക്കു റിക്കവറി സംബന്ധിച്ച കേസുകള്‍ ഏജന്‍സികള്‍ക്കു കൈമാറാനാവില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്‍സോ അനുബന്ധസ്ഥാപനങ്ങളോ നടത്തുന്ന പരിശീലനപരിപാടികളില്‍ പങ്കെടുത്ത് റിക്കവറിഏജന്റുമാര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നതാണു മറ്റൊരു നിബന്ധന.
സ്മാര്‍ട്ട്ഫോണുകളും ടാബുകളും വാങ്ങിയവരുടെ ലോണ്‍തിരിച്ചടവ് 60 ദിവസത്തില്‍ക്കൂടുതല്‍ മുടങ്ങുമ്പോള്‍ ഓദ്യോഗികനോട്ടീസ് നല്‍കിയശേഷമേ ബാങ്കുകള്‍ക്കു ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടയുന്ന സാങ്കേതികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുവാദമുള്ളു. 90 ദിവസം കഴിഞ്ഞിട്ടും വായ്പക്കാരന്‍ കുടിശ്ശിക അടയ്ക്കുന്നില്ലെങ്കില്‍ മാത്രമേ ശരിക്കും നിയന്ത്രണം നടപ്പാക്കാന്‍ ബാങ്കുകള്‍ക്കു സാധിക്കുകയുള്ളു. അപ്പോഴും ഇന്‍കമിങ് കോള്‍, ഇന്റര്‍നെറ്റ് ഉപയോഗം, അടിയന്തര എസ്.ഒ.എസ്, പൊതുസുരക്ഷ സംബന്ധിച്ചു വരുന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ എന്നിവയൊന്നും തടയാന്‍ പാടില്ല. കുടിശ്ശിക തീര്‍ത്തിട്ടും നിയന്ത്രണം നീക്കം ചെയ്യാന്‍ വൈകിയാല്‍ വൈകുന്ന ഓരോ മണിക്കൂറിനും സഹകരണബാങ്ക് 250 രൂപവീതം നഷ്ടപരിഹാരം നല്‍കണം.
