Indian Cooperator

ജില്ലാ കളക്ടര്‍മാരെ ജില്ലാബാങ്കുകളുടെ അഡ്മിനിസ്ട്രേറ്റര്‍മാരാക്കിയ ഉത്തരവ് തെലങ്കാന ഹൈക്കോടതി തടഞ്ഞു

ജില്ലാ കളക്ടര്‍മാരെയും മജിസ്ട്രേട്ടുമാരെയും ജില്ലാ സഹകരണബാങ്കുകളുടെ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവ് തെലങ്കാന ഹൈക്കോടതി ഇടക്കാലഉത്തരവിലൂടെ തടഞ്ഞു. ജില്ലാബാങ്ക് ഭരണസമിതികള്‍ക്കു പകരം ജില്ലാകളക്ടര്‍മാരെയും മജിസ്ട്രേട്ടുമാരെയും ഔദ്യോഗിക പേഴ്സന്‍സ്-ഇന്‍-ചാര്‍ജ് ( പി.ഐ.സി ) അംഗങ്ങളായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിനാണു കേസിലെ അടുത്ത വാദംവരെ സ്റ്റേ അനുവദിച്ചിട്ടുള്ളത്. മൂന്നു ജില്ലാബാങ്കുകളിലെ പി.ഐ.സി. കമ്മിറ്റിയംഗങ്ങളാണു പരാതിക്കാര്‍.

മെഹബൂബ്നഗര്‍, മേഡക്, നല്‍ഗൊണ്ട കേന്ദ്ര ജില്ലാ സഹകരണബാങ്കുകളിലെ നിലവിലുള്ള പി.ഐ.സി. അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ജി.എം. മൊഹിയുദ്ദീനാണ് ഇടക്കാല ഉത്തരവിട്ടത്. സംസ്ഥാനത്തെ ഒമ്പതു ജില്ലാബാങ്കുകളില്‍ ജില്ലാ കളക്ടര്‍മാരെയും മജിസ്ട്രേട്ടുമാരെയും പി.ഐ.സി. അംഗങ്ങളാക്കിക്കൊണ്ട് 2025 ഡിസംബര്‍ 19 നാണു സര്‍ക്കാര്‍ ഉത്തരവിട്ടത്. സഹകരണസ്ഥാപനങ്ങളിലെ നിയമവ്യവസ്ഥകള്‍ മറികടന്നാണു 1964 ലെ തെലങ്കാന സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 123 സര്‍ക്കാര്‍ തെറ്റായ രീതിയില്‍ നടപ്പാക്കിയതെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. നിലവിലുള്ള കമ്മിറ്റികളെ മറികടക്കാനുള്ള ന്യായീകരണമൊന്നും സര്‍ക്കാരിനു പറയാനില്ല. നേരത്തേ നോട്ടീസ് കൊടുക്കാതെയും വിശദീകരണത്തിന് അവസരം നല്‍കാതെയും നിലവിലുള്ള കമ്മിറ്റികളെ മാറ്റുകവഴി സംസ്ഥാനത്തെ കോണ്‍ഗ്രസ്സര്‍ക്കാര്‍ തെലങ്കാന സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 32 (7 ) (എ), സെക്ഷന്‍ 34 ലെ 10, 30 ചട്ടങ്ങള്‍ എന്നിവ ലംഘിച്ചിരിക്കുകയാണ് – അവര്‍ കുറ്റപ്പെടുത്തി.

നേരത്തേ, പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഇതേപോലുള്ള നടപടി കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നു പിന്‍വലിക്കേണ്ടിവന്നിട്ടുള്ള കാര്യം ഹര്‍ജിക്കാര്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജൂണ്‍ പന്ത്രണ്ടിന് അടുത്ത വാദം കേള്‍ക്കുന്നതുവരെ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തരുതെന്നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ പന്ത്രണ്ടിനു എതിര്‍സത്യവാങ്മൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ ഈ ഉത്തരവ് തെലങ്കാനയില്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലും ജില്ലാ സഹകരണബാങ്കുകളിലും സര്‍ക്കാര്‍ നടത്തിവരുന്ന പുന:സംഘടനാപ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നാണു കരുതപ്പെടുന്നത്.

സംസ്ഥാന സഹകരണസംഘംരജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 19 നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കളക്ടര്‍മാരുടെയും മജിസ്ട്രേട്ടുമാരുടെയും കമ്മിറ്റികള്‍ക്ക് ആറു മാസമോ അല്ലെങ്കില്‍ ജില്ലാബാങ്കിലേക്കുള്ള തിരഞ്ഞെടുപ്പുവരെയോ മാത്രമായിരുന്നു ഭരണകാലാവധി. സഹകരണബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി കൈക്കൊണ്ടത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അഡിലാബാദ്, ഹൈദരാബാദ്, കരീംനഗര്‍, ഖമ്മം, മെഹബൂബ് നഗര്‍, മേഡക്, നല്‍ഗൊണ്ട, നിസാമാബാദ്, വാറങ്കല്‍ എന്നിങ്ങനെ ഒമ്പതു ജില്ലാ സഹകരണബാങ്കുകളാണു തെലങ്കാനയിലുള്ളത്.

Related posts

ഉദ്യോഗസ്ഥര്‍ എസ്.ഐ.ആര്‍. ഡ്യൂട്ടിയിലായതിനാല്‍ സഹകരണസംഘം തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് വിശദീകരണം

Indian Cooperator

ബംഗാളില്‍ ഭരണമാറ്റത്തിന് പിന്നാലെ സഹകരണമേഖലയില്‍ അഴിമതി അന്വേഷണത്തിന് സി.ബി.ഐ.

Indian Cooperator

കേരളത്തിലെ 53 സംഘങ്ങളടക്കം1,059 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് നോട്ടീസ്

Indian Cooperator