Indian Cooperator

നിക്ഷേപ ഗാരണ്ടിസ്‌കീമില്‍ ചേരാത്ത സംഘങ്ങള്‍ക്ക് നിക്ഷേപവിലക്കും പിഴയും

നിക്ഷേപ ഗാരണ്ടിസ്‌കീമിലെ അംഗത്വം പുതുക്കാത്തതും ഇതുവരെ അംഗത്വം എടുക്കാത്തതുമായ സഹകരണസംഘങ്ങള്‍ക്കെതിരെ നടപടി വരുന്നു. ഗ്യാരന്റി സ്‌കീമില്‍ അംഗമാകാത്ത സഹകരണ സംഘങ്ങള്‍ക്ക് ആഗസ്റ്റ് 31വരെ സമയം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ അംഗത്വമെടുത്തില്ലെങ്കില്‍ നിക്ഷേപവിലക്കും, വിലക്ക് ലംഘിച്ചാല്‍ നടപടിയുമുണ്ടാകും. നിലവില്‍ നിക്ഷേപം സ്വീകരിക്കുകയും മൂന്നു വര്‍ഷമായി അംഗത്വം പുതുക്കിയിട്ടില്ലാത്തതുമായ സംഘങ്ങുണ്ട്. ഇവയ്ക്ക് 2026 ജൂലായ് 31 വരെയാണ് പുതുക്കാനുള്ള സമയം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് നടപടി സ്വീകരിക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരോട് ആവശ്യപ്പെട്ടു.

ഇപ്രകാരം നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന വിവരം എല്ലാ സംഘങ്ങളും നോട്ടീസ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. അല്ലാത്തപക്ഷം, അത്തരം സംഘങ്ങളെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍നിന്നു തടഞ്ഞുകൊണ്ട് ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍)മാര്‍ നോട്ടീസ് നല്‍കണം. ഇക്കാര്യത്തില്‍ ജോയിന്റ് രജിസ്ട്രാര്‍മാരും സംഘങ്ങളുടെ ചീഫ് എക്‌സിക്യുട്ടീവുമാരും പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ആഗസ്റ്റ് 31 നുശേഷവും നിക്ഷേപ ഗാരണ്ടിസ്‌കീമില്‍ ചേരാതെ ഏതെങ്കിലും സംഘം നിക്ഷേപം സ്വീകരിച്ചാല്‍ കേരള സഹകരണനിയമം വകുപ്പ് 57 (ബി) ഉപവകുപ്പ് (3) പ്രകാരം നിക്ഷേപം തടയുകയും സംഘത്തില്‍നിന്നു പിഴയീടാക്കുകയും ചെയ്യുമെന്നു രജിസ്ട്രാര്‍ അറിയിച്ചു.

സഹകരണസംഘങ്ങള്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കു പരിരക്ഷ ഉറപ്പാക്കാന്‍ 2018 ലാണു കേരള നിക്ഷേപ ഗാരണ്ടിസ്‌കീം രൂപവത്കരിച്ചത്. ഒരു ജില്ലമാത്രം പ്രവര്‍ത്തനപരിധിയായുള്ള സംഘങ്ങളെ അതതു ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരും ഒന്നില്‍ക്കൂടുതല്‍ ജില്ലകളിലോ സംസ്ഥാനമാകെയോ പ്രവര്‍ത്തനപരിധിയുള്ള സംഘങ്ങളെ സഹകരണസംഘം രജിസ്ട്രാറും ബോര്‍ഡിലേക്കു നോട്ടിഫൈ ചെയ്ത് ഉത്തരവിറക്കണമെന്നാണു വ്യവസ്ഥ. രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതും ബൈലോ വ്യവസ്ഥപ്രകാരവും രജിസ്ട്രാറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി നിക്ഷേപം സ്വീകരിക്കുന്നതുമായ ( പ്രവര്‍ത്തനം നിലച്ചതോ ലിക്വിഡേഷന്‍നടപടികള്‍ക്കു വിധേയമായിട്ടുള്ളതോ ആയ സംഘങ്ങള്‍ ഒഴികെയുള്ളവ ) എല്ലാ സംഘങ്ങളും 2019 മാര്‍ച്ച് 31 നകം നിക്ഷേപഗാരണ്ടിസ്‌കീമില്‍ അംഗമാകാന്‍ നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, നിക്ഷേപം സ്വീകരിക്കുന്ന പല സംഘങ്ങളും അംഗത്വം പുതുക്കുകയോ അംഗത്വമെടുക്കുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണു നിയമം കര്‍ക്കശമാക്കാന്‍ ( സര്‍ക്കുലര്‍ നമ്പര്‍ – 23/2026 , തീയതി: 17.07.2026 ) തീരുമാനിച്ചിരിക്കുന്നത്.

Related posts

പദ്ധതികളുടെ പട്ടികനിരത്തി സഹകരണവകുപ്പ്; പുതിയ ചുവടുവെപ്പിന് തയ്യാറെടുപ്പ്

Indian Cooperator

കേരളത്തിന് കൂടുതല്‍ സഹായം തേടി; ദേശീയ സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ചനടത്തി മന്ത്രി എം.ലിജു

Indian Cooperator

നയത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്തും-സഹകരണമന്ത്രി എം.ലിജു

Indian Cooperator
error: Content is protected !!