Indian Cooperator

പത്തു വര്‍ഷം പിന്നിട്ട അര്‍ബന്‍ബാങ്ക് ഡയറക്ടര്‍മാര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ മറുതന്ത്രവുമായി മഹാരാഷ്ട്ര

ബാങ്കിങ്‌നിയന്ത്രണ നിയമഭേദഗതിപ്രകാരം തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ അര്‍ബന്‍ബാങ്ക് ഡയറക്ടര്‍മാര്‍ക്കു മൂന്നു വര്‍ഷം നിര്‍ബന്ധിത ഇടവേള നല്‍കിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം മറികടക്കാന്‍ മഹാരാഷ്ട്ര പുതുവഴി തേടുന്നു. സംസ്ഥാനത്ത് അടുത്തുതന്നെ നടക്കാന്‍പോകുന്ന ജില്ലാബാങ്ക് ഭരണസമിതിതിരഞ്ഞെടുപ്പില്‍ മറുതന്ത്രം പ്രയോഗിക്കാനാണു നീക്കം. ഡയറക്ടര്‍സ്ഥാനത്തു തുടര്‍ച്ചയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കി എന്ന ഒറ്റക്കാരണത്താല്‍ ആരുടെയും നാമനിര്‍ദേശപത്രിക തള്ളരുതെന്നാണു സംസ്ഥാന സഹകരണവിപണനടെക്സ്റ്റയില്‍സ് വകുപ്പ് തിരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്ക് അഡ്മിനിസ്‌ട്രേറ്ററായ വിദ്യാധര്‍ അനാസ്‌കര്‍ മുന്നോട്ടുവെച്ച നിയമപരമായ നിലപാടിനു നിയമ, നീതിന്യായമന്ത്രാലയം 2026 ഓഗസ്റ്റ് 18 നു അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണു സഹകരണവകുപ്പ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു പുതിയ നിര്‍ദേശം കൊടുത്തിരിക്കുന്നത്. ബാങ്കിങ്‌നിയന്ത്രണനിയമത്തിലെ പത്തുവര്‍ഷ നിബന്ധന പാലിക്കാന്‍ ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 2014 ലെ മഹാരാഷ്ട്ര സഹകരണസംഘം ചട്ടപ്രകാരം ഒരു റിട്ടേണിങ് ഓഫീസര്‍ക്ക് അധികാരമുണ്ടോ എന്നതാണു ഇവിടെ വിദഗ്ധ നിയമാഭിപ്രായത്തിനു വിട്ടിരുന്നത്. പുതിയ തീരുമാനം അറിയിച്ചുകൊണ്ട് സഹകരണവകുപ്പ് സഹകരണകമ്മീഷണര്‍ക്കും രജിസ്ട്രാര്‍ക്കും സഹകരണതിരഞ്ഞെടുപ്പ് അതോറിറ്റിക്കും കഴിഞ്ഞ ദിവസം കത്തയച്ചിട്ടുണ്ട്.

1960 ലെ മഹാരാഷ്ട്ര സഹകരണസംഘം നിയമത്തില്‍ സമാനമായൊരു സാഹചര്യത്തില്‍ ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ വ്യവസ്ഥയില്ലെന്നതാണു പുതിയ നിര്‍ദേശത്തിനു സഹകരണവകുപ്പ് പിടിവള്ളിയാക്കിയിരിക്കുന്നത്. ഭരണസമിതിതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 2014 ലെ സംസ്ഥാന സഹകരണച്ചട്ടങ്ങളില്‍ ചില പ്രത്യേകസാഹചര്യങ്ങളില്‍ നോമിനേഷന്‍ തള്ളാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ബാങ്കിങ്‌നിയന്ത്രണ നിയമപ്രകാരമുള്ള ഒരു അയോഗ്യത നിര്‍ണയിക്കാനോ അതു നടപ്പാക്കാനോ ചട്ടങ്ങള്‍ റിട്ടേണിങ് ഓഫീസറെ അധികാരപ്പെടുത്തുന്നില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രവുമല്ല, 2026 ജനുവരി 16 ലെ സഹകരണതിരഞ്ഞെടുപ്പ് അതോറിറ്റിയുടെ സര്‍ക്കുലര്‍പ്രകാരം പത്തു വര്‍ഷം പിന്നിട്ട ഡയറക്ടര്‍മാരുടെ നാമനിര്‍ദേശപത്രിക തള്ളാന്‍ റിട്ടേണിങ് ഓഫീസര്‍ക്കു വ്യക്തവും നേരിട്ടുള്ളതും അംഗീകൃതവുമായ നിയമപരമായ അധികാരമോ അവകാശമോ നല്‍കുന്നില്ല.

സംസ്ഥാനത്തെ ഏതാനും ജില്ലാ കേന്ദ്ര സഹകരണബാങ്കുകളിലേക്കു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുണെ, ലാത്തൂര്‍ ജില്ലാ സഹകരണബാങ്കുകളും തിരഞ്ഞെടുപ്പു നടക്കുന്നവയില്‍പ്പെടും. സത്താറ ജില്ലയിലെ വായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വായ് അര്‍ബന്‍ സഹകരണബാങ്കുപോലുള്ളവയ്ക്കും സഹകരണവകുപ്പിന്റെ ഈ വ്യക്തതവരുത്തല്‍ പ്രയോജനം ചെയ്‌തേക്കുമെന്നാണു കരുതപ്പെടുന്നത്.

Related posts

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ദേശീയ സഹകരണ യൂണിയനുമായി ധാരണയുണ്ടാക്കിയത് തൃശ്ശൂരിലെ മള്‍ട്ടിസ്റ്റേറ്റ് സംഘം

Indian Cooperator

സഹാറഗ്രൂപ്പിന്റെ സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് 8,800 കോടി രൂപ തിരിച്ചുനല്‍കി

Indian Cooperator

മള്‍ട്ടി സ്റ്റേറ്റ് സംഘം വഴി 400 കോടിയുടെ തട്ടിപ്പ്: അഞ്ചു പേര്‍ അറസ്റ്റില്‍

Indian Cooperator
error: Content is protected !!