Indian Cooperator

കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മില്‍മ മലബാര്‍ യൂണിയന്‍ പിരിച്ചുവിട്ടു; രാഷ്ട്രീയലക്ഷ്യമെന്ന് വിമര്‍ശനം

മില്‍മ മലബാര്‍ മേഖലായൂണിയന്‍ ഭരണസമിതി പിരിച്ചുവിട്ടതില്‍ വിമര്‍ശനം കടുക്കുന്നു. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ നടപടി. എന്നാല്‍, ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ക്ക് ഭരണസമിതി തന്നെ നടപടി സ്വീകരിച്ചതാണ്. കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി പിരിച്ചുവിടുന്നത്, സ്ഥാപനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന നപടിയാണ്. ഇതാണ് രാഷ്ട്രീയ നീക്കമാണ് നടപടിക്ക് പിന്നിലെന്ന് ആക്ഷേപമുയരാന്‍ കാരണം.

മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന സബ്‌സിഡിയറി സ്ഥാപനത്തിന്റെ കണക്കുകള്‍ ഇതുവരെ കേരള സഹകരണസംഘം നിയമം വകുപ്പുപ്രകാരം ഓഡിറ്റിന് വിധേയമാക്കുകയോ പൊതുയോഗത്തില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നടപടിക്ക് കാരണമായി പറയുന്ന പ്രധാന ആരോപണം. ഇക്കാര്യം പരിശോധിക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. ഓഡിറ്റ് നടത്തുന്നത് സഹകരണ വകുപ്പാണ്. സബ്‌സിഡറി സ്ഥാപനങ്ങളിലെ വിവരങ്ങളും ഓഡിറ്റിന്റെ ഭാഗമായി പരിശോധിക്കാവുന്നതാണ്.

വെളിച്ചെണ്ണ, മുളകുപൊടി, ബ്രഡ്, വിവിധ മധുരപലഹാരങ്ങള്‍ തുടങ്ങി കന്നുകാലികള്‍ക്കാവശ്യമായ കാലിത്തീറ്റ, കാലിമാറ്റുകള്‍ എന്നിവയടങ്ങുന്ന ഉത്പന്നങ്ങളിലൂടെ 68 മുതല്‍ 72 കോടി രൂപയുടെ വിറ്റുവരവാണ് പ്രതിവര്‍ഷം ഫൗണ്ടേഷനുള്ളത്. എന്നിട്ടും കണക്കുകള്‍ അവതരിപ്പിക്കാത്തത് ഭരണസമിതിയുടെയും മാനേജിങ് ഡയറക്ടറുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ഉത്തരവില്‍ ആരോപിച്ചു. ഇത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറികളും മോഷണവും മറച്ചുവെക്കുന്നതിനുള്ള ഗൂഢശ്രമമായി കാണുന്നുവെന്നും ഉത്തരവിലുണ്ട്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കുകയും അതിനുള്ള നടപടിക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാവുന്നതുമാണ്. അതിന് പകരമാണ്, നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിടുന്നത്.

ഭരണസമിതി പിരിച്ചുവിട്ട നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ചെയര്‍മാന്‍ കെ.എസ്.. മണി ആരോപിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെയും ക്ഷീരവികസന വകുപ്പിനെയും വിമര്‍ശിച്ച കെഎസ്. മണി, ചുമത്തിയിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. മലബാര്‍ മേഖലാ യൂണിയന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ തയ്യാറാണ്. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ മേഖലാ യൂണിയന്റെ ഭരണസമിതിയെ അകാരണമായി പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ഗുണനിലവാരമില്ലാത്ത പാല്‍ സംഭരിച്ചതുമായി ബന്ധപ്പെട്ട് 27.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായും ബന്ധപ്പെട്ടവരില്‍നിന്ന് കണക്കുകളില്‍ കുറവുചെയ്തതായും ഭരണസമിതി പിരിച്ചുവിട്ട ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാസര്‍കോട് പാല്‍സംഭരണത്തില്‍ പണം നഷ്ടമായതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കെ.എസ്. മണി നിഷേധിച്ചു. പണം ഈടാക്കിയിട്ടും നടപടികള്‍ സ്വീകരിച്ചെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. യൂണിയനിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. മലബാര്‍ മേഖലാ യൂണിയന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പ്രതികരിക്കുമെന്നും മണി വ്യക്തമാക്കി.

Related posts

ഊരാളുങ്കൽ ലേബർ സഹകരണ സംഘം ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

Indian Cooperator

സഹകരണ പെന്‍ഷന്‍ മൂന്നുശതമാനം കൂടി വര്‍ദ്ധിപ്പിച്ചു

Indian Cooperator

ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കി; ഇനി പെന്‍ഷന്‍ അക്കൗണ്ടുവഴി

Indian Cooperator
error: Content is protected !!