Indian Cooperator

ഊരാളുങ്കൽ ലേബർ സഹകരണ സംഘം ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( യു.എല്‍.സി.സി.എസ് ) ചെയര്‍മാന്‍ രമേശന്‍ പാലേരി ( 66 ) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

ലോകത്തെ മുന്‍നിരയിലുള്ള ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി അറിയപ്പെടുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചയാളാണു രമേശന്‍ പാലേരി. മൂന്നര പതിറ്റാണ്ടായി ഊരാളുങ്കല്‍ സൊസൈറ്റിയെ നയിച്ചുവരികയായിരുന്നു.

1920 കളിലെ സാമൂഹികസാഹചര്യങ്ങളോട് പൊരുതി അടിസ്ഥാനവര്‍ഗത്തിന്റെ തൊഴില്‍ സംരക്ഷിക്കാനായി വാഗ്ഭടാനന്ദ ഗുരുവാണു ഊരാളുങ്കല്‍ സൊസൈറ്റിക്കു ജന്മം കൊടുത്തത്. 37 പൈസയായിരുന്നു സംഘത്തിന്റെ അന്നത്തെ മൂലധനം. നവോത്ഥാനചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി മാറി ഈ സംഘം പിന്നീട് ചരിത്രത്തില്‍ ഇടം പിടിച്ചു.

ദീര്‍ഘവീക്ഷണമുള്ള ഒരു മാനേജ്‌മെന്റിനെ വളര്‍ത്തിയെടുക്കുന്നതില്‍ രമേശന്‍ പാലേരി വഹിച്ച പങ്ക് അവിസ്മരണീയമാണ്. പതിനായിരക്കണക്കിനാളുകള്‍ക്ക് ഊരാളുങ്കല്‍ സൊസൈറ്റി ഇന്നു തൊഴില്‍ നല്‍കുന്നുണ്ട്. 1925 ല്‍ കൂലിവേലക്കാരുടെ സഹകരണസംഘമായി ഉദയംകൊണ്ട ഈ പരസ്പരസഹായ സഹകരണസംഘത്തിന് ഇന്ന് കോടിക്കണക്കിനു രൂപയുടെ വിറ്റുവരവുണ്ട്. കേവലം റോഡുപണിയില്‍ നിന്ന് ഊരാളുങ്കല്‍ സൊസൈറ്റി വളര്‍ന്നുവളര്‍ന്ന് ഇന്നു ഫ്‌ളാറ്റുകളും പാലങ്ങളും ഫ്‌ളൈഓവറുകളും നിര്‍മിക്കുന്നുണ്ട്. ഐ.ടി. മേഖലയിലും ആദ്യം കടന്നുചെന്ന സഹകരണസംഘമാണ് ഊരാളുങ്കല്‍. ഇതിനൊക്കെ നിശ്ശബ്ദമായി നേതുത്വം നല്‍കിവരികയായിരുന്നു സൗമ്യനും മിതഭാഷിയുമായ രമേശന്‍ പാലേരി.

1995 മുതല്‍ രമേശന്‍ പാലേരി ചെയര്‍മാനായി ഊരാളുങ്കല്‍സംഘത്തെ നയിക്കുകയാണ്. സംഘത്തെ 32 വര്‍ഷം നയിച്ച പാലേരി കണാരന്റെ മകനാണു രമേശന്‍. സംഘത്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന പാലേരി ചന്തമ്മന്റെ കൊച്ചുമകനുമാണ്.

മികച്ച സഹകാരിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം, നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ്, കടത്തനാടന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Related posts

സഹകരണ പരീക്ഷ ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും രാജിവെച്ചു

Indian Cooperator

വൈശാഖും വിഷ്ണുവും ഒരുമിച്ച് ജനിച്ച്, ഒരുമിച്ച് പഠിച്ച്, ഒന്നിച്ചെത്തി….ഒരുമയുടെ സഹകരണത്തിലേക്ക്

Indian Cooperator

മൂന്നുജില്ലകളിലായി 12 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍വരും; ആദ്യഘട്ടത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കി

Indian Cooperator
error: Content is protected !!