Indian Cooperator

തമിഴ്നാട്ടില്‍ കാര്‍ഷികവിളവായ്പകള്‍ തിരിച്ചുപിടിക്കുന്നത് നിര്‍ത്തിവെക്കുന്നു; നടപടി 75,000 രൂപവരെയുള്ള വായ്പകള്‍ എഴുതിതള്ളിയതിന് പിന്നാലെ

കെ. ജയപ്രകാശ്Reporter

സംസ്ഥാനത്തുടനീളം കാര്‍ഷികവിളവായ്പകള്‍ തിരിച്ചുപിടിക്കുന്നതു തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തമിഴ്നാട്ടിലെ സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും നിര്‍ദേശം. പഴയ വായ്പകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്ത കര്‍ഷകര്‍ക്കു സെപ്റ്റംബര്‍ 30നകം പുതിയ വായ്പകള്‍ കൊടുക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ ജി. ലതയാണു കഴിഞ്ഞ ദിവസം ഈ ഉത്തരവിറക്കിയത്. വിളവായ്പകള്‍ മുഴുവനായും എഴുതിത്തള്ളണമെന്നു കര്‍ഷകര്‍ ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു വിജയ്സര്‍ക്കാരിന്റെ ഈ നടപടി.

വിളവായ്പകള്‍ക്കു ഭാഗികമായി ഇളവുകള്‍ നല്‍കിയിട്ടും ബാക്കിയുള്ള തുക തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്കെതിരെ സഹകരണബാങ്കുകളും സംഘങ്ങളും കര്‍ശനനടപടികള്‍ എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു സഹകരണസംഘം രജിസ്ട്രാര്‍ ഈ ഉത്തരവിറക്കിയത്. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ തിരിച്ചുപിടിക്കല്‍നടപടികള്‍ നിര്‍ത്തിവെക്കാനാണു നിര്‍ദേശം.

2025 ഡിസംബര്‍ 31 വരെ 15,108 കോടി രൂപയുടെ വിളവായ്പകള്‍ നല്‍കിയിട്ടുണ്ടെന്നാണു തമിഴ്നാട് സഹകരണവകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നത്. അതേസമയം, 2025 മെയ് ഒന്നിനും 2026 ഫെബ്രുവരി 28 നുമിടയ്ക്കു നല്‍കിയ വായ്പകളില്‍ 5,932.23 കോടി രൂപയുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളിയിട്ടുണ്ട്. മുന്‍വായ്പകള്‍ പൂര്‍ണമായി തിരിച്ചടച്ചിട്ടും പല സംഘങ്ങളും തങ്ങള്‍ക്കു പുതിയ വായ്പകള്‍ നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. രജിസ്ട്രാറുടെ സര്‍ക്കുലര്‍ എല്ലാ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കും ഉടനെ കൈമാറണമെന്നു മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരോടും ജില്ലാ കേന്ദ്രസഹകരണബാങ്കുകളുടെ ഡയറക്ടര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്.

കര്‍ഷകരുടെ കൈയിലുള്ള കൃഷിസ്ഥലം എത്രയെന്നു പരിഗണിക്കാതെ 75,000 രൂപവരെയുള്ള കാര്‍ഷികവായ്പകള്‍ അധികാരമേറ്റയുടനെ വിജയ്സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. 13.34 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടിയിരുന്നു.

Related posts

കോടതി വിധിക്ക് കാത്തുനില്‍ക്കാതെ നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഭരണസമതി അംഗങ്ങളുടെ അയോഗ്യത പ്രാബല്യത്തിലാക്കി

Indian Cooperator

ആദര്‍ശ് മള്‍ട്ടി സ്‌റ്റേറ്റ് സംഘത്തിലെ നിക്ഷേപകര്‍ക്കാശ്വാസം; പണം തിരിച്ചുകൊടുക്കാന്‍ നടപടി തുടങ്ങുന്നു

Indian Cooperator

നിക്ഷേപം മറ്റുസ്ഥാപനങ്ങള്‍ക്കായി ഉപയോഗിച്ചു; തട്ടിപ്പുകളെക്കുറിച്ച് കൂട്ടപ്പരാതി; ഹൈദരാബാദിലെമള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം അടച്ചുപൂട്ടാനൊരുങ്ങുന്നു

Indian Cooperator
error: Content is protected !!