കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിനെത്തുടര്ന്ന് പ്രവര്ത്തനം അവസാനിപ്പിച്ച രാജസ്ഥാനിലെ ആദര്ശ് വായ്പാ സഹകരണസംഘത്തിലെ ലക്ഷക്കണക്കിനു നിക്ഷേപകരെത്തേടി ഏഴു വര്ഷത്തിനുശേഷം ആശ്വാസവാര്ത്ത. നിക്ഷേപകരുടെ നഷ്ടത്തിന്റെ ഒരു ചെറിയ പങ്കെങ്കിലും തിരിച്ചുകിട്ടാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. തട്ടിയെടുത്ത പണം തിരിച്ചുപിടിക്കലും അതിന്റെ വിതരണവുംസംബന്ധിച്ച് രാജസ്ഥാന് ഹൈക്കോടതി കൈക്കൊണ്ട നടപടികളാണു നിക്ഷേപകര്ക്ക് ആശ്വാസം പകരുന്നത്. സംഘത്തിന്റെ ആസ്തികള് വിറ്റ് നിക്ഷേപകര്ക്കു തുക തിരിച്ചുകൊടുക്കുന്ന നടപടികള്ക്കു മേല്നോട്ടം വഹിക്കാന് മുന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തില് ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ സിരോഹി ജില്ലയില് 1999 ല് വായ്പാ സഹകരണസംഘമായി ചെറിയ തോതില് തുടക്കമിട്ട് പിന്നീട് മള്ട്ടിസ്റ്റേറ്റ് സഹകരണസംഘമായി ഗുജറാത്തിലേക്കും പടര്ന്നു പന്തലിച്ച ഈ സംഘം കേന്ദ്രസര്ക്കാര് അടച്ചുപൂട്ടിയത് 2019 നവംബറിലാണ്. ഒരു കുടുംബത്തില്പെട്ട സംഘംപ്രൊമോട്ടര്മാര് ആയിരക്കണക്കിനു കോടി രൂപയാണു സംഘത്തില്നിന്നു കവര്ന്നത്. ഈ പണമൊക്കെ വായ്പയായി തങ്ങളുടെയും കൂട്ടാളികളുടെയും കമ്പനികളിലേക്കു മാറ്റുകയും ബിസിനസ്സുകളില് നിക്ഷേപിക്കുകയുമാണു പ്രൊമോട്ടര്മാര് ചെയ്തിരുന്നത്. ഇവരുടെ 2210 കോടി രൂപയുടെ ആസ്തികള് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെയായി കണ്ടുകെട്ടിയിട്ടുണ്ട്. ഡല്ഹി, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലെ കൃഷിസ്ഥലങ്ങളും റസിഡന്ഷ്യല്കമേഴ്സ്യല് പ്ലോട്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും കണ്ടുകെട്ടിയവയില്പെടും. ചെറുകിടനിക്ഷേപകരുടെ പണമായിരിക്കും തുടക്കത്തില് കൊടുത്തുതീര്ക്കുക.
വായ്പാ സഹകരണസംഘമായി ആരംഭിച്ച ആദര്ശ് വായ്പാ സഹകരണസംഘം പിന്നീട് മള്ട്ടി സ്റ്റേറ്റ് സഹകരണസംഘമായി രജിസ്റ്റര് ചെയ്യപ്പെട്ടു. രാഹുല് മോദി മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി ആരംഭിച്ച സംഘത്തിനു 2018 ല് 809 ശാഖകളും 19 ലക്ഷം അംഗങ്ങളുമുണ്ടായിരുന്നു. നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിനു രൂപ തട്ടിയെടുത്തതിനു 2018 ഡിസംബര് ആറിനാണു കേന്ദ്ര സഹകരണസംഘം രജിസ്ട്രാര് ആദര്ശ് വായ്പാസംഘം ലിമിറ്റഡ് അടച്ചുപൂട്ടാന് ഉത്തരവിട്ടത്. തുടര്ന്ന് റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന് എച്ച്.എസ്. പട്ടേലിനെ ലിക്വിഡേറ്ററായി നിയമിച്ചു. തട്ടിപ്പിനു പിന്നില് പ്രവര്ത്തിച്ച മോദികുടുംബത്തിലെ എല്ലാ അംഗങ്ങളെയും അറസ്റ്റുചെയ്തു. സംഘത്തില് ഉന്നതപദവികള് വഹിച്ചിരുന്ന വീരേന്ദ്ര മോദി, പ്രിയങ്ക മോദി, സമീര് മോദി, രോഹിത് മോദി, ഭരത് മോദി, ലളിത രാജ്പുരോഹിത്, കമലേഷ് ചൗധരി, ഈശ്വര്സിങ് സിന്ധല്, വൈഭവ് ലോധ തുടങ്ങിയവരാണ് അറസ്റ്റിലായത്.
സഹാറയ്ക്കു പിന്നാലെ
ആദര്ശും
പൊട്ടിപ്പോയ വന് മള്ട്ടിസ്റ്റേറ്റ് സഹകരണസംഘത്തിലെ നിക്ഷേപകര്ക്കു കോടതിഇടപെടലിനെത്തുടര്ന്നു പണം തിരിച്ചുകിട്ടാന് വഴിയൊരുങ്ങുന്ന രണ്ടാമത്തെ സംഭവമാണിത്. 2014 ല് പൊളിഞ്ഞുപോയ സഹാറ ഗ്രൂപ്പിന്റെ നാലു മള്ട്ടിസ്റ്റേറ്റ് സംഘങ്ങളിലെ നിക്ഷപകര്ക്കു സുപ്രീംകോടതിയുടെ ഇടപെടലാണ് ആശ്വാസം പകര്ന്നത്. നാലു കോടിയാളുകളില്നിന്നു 86,673 കോടി രൂപയാണു സഹാറസംഘങ്ങള് സമാഹരിച്ചത്. 2025 ഡിസംബര് വരെ 6,841.86 കോടി രൂപ നിക്ഷേപകര്ക്കു തിരിച്ചുകൊടുത്തു. ഇപ്പോള് ഓരോ നിക്ഷേപകനും അമ്പതിനായിരം രൂപയേ തിരിച്ചുനല്കുന്നുള്ളു. നിക്ഷേപകര്ക്കു പണം തിരിച്ചുകൊടുക്കാനുള്ള അവസാനതീയതി 2026 ഡിസംബര് 31 വരെ സുപ്രീംകോടതി നീട്ടിയിട്ടുണ്ട്.
