Indian Cooperator

നിക്ഷേപം മറ്റുസ്ഥാപനങ്ങള്‍ക്കായി ഉപയോഗിച്ചു; തട്ടിപ്പുകളെക്കുറിച്ച് കൂട്ടപ്പരാതി; ഹൈദരാബാദിലെമള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം അടച്ചുപൂട്ടാനൊരുങ്ങുന്നു

2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരം തെലങ്കാനയിലെ ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത ശ്രീ പ്രഗതി മള്‍ട്ടി പര്‍പ്പസ് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിലെ സഹകരണസംഘം കേന്ദ്ര രജിസ്ട്രാര്‍ നടപടികളാരംഭിച്ചു. സംഘത്തില്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഈ നടപടി.

ചെറുകിട നിക്ഷേപകരെ വഞ്ചിക്കുന്നതും സംഘത്തിന്റെ ഫണ്ട് വേറെ സ്ഥാപനത്തിലേക്കു വഴിതിരിച്ചുവിടുന്നതും ഉള്‍പ്പെടെയുള്ള പരാതികളാണു ഈ മള്‍ട്ടി സ്റ്റേറ്റ് സംഘത്തിനെതിരെ ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 108 നു കീഴില്‍ സംഘത്തില്‍ പരിശോധന നടത്താന്‍ കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ തെലങ്കാനയിലെ രജിസ്ട്രാറോട് നിര്‍ദേശിച്ചിരുന്നു. പരിശോധനയില്‍ ഹൈദരാബാദിലെ പഞ്ചഗട്ടയിലെ രജിസ്ട്രേഡ് വിലാസത്തിലല്ല സംഘം പ്രവര്‍ത്തിക്കുന്നതെന്നു തെലങ്കാനയിലെ രജിസ്ട്രാര്‍ 2025 ഡിസംബര്‍ 12 നു റിപ്പോര്‍ട്ട് ചെയ്തു. അതേസ്ഥലത്തുള്ള ഒരു സ്വകാര്യസ്ഥലത്താണു സംഘം പ്രവര്‍ത്തിക്കുന്നതെന്നും പരിശോധനയുടെ സമയത്ത് അത് അടഞ്ഞുകിടക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ അറിയിച്ചു. സംഘംഭാരവാഹികളെ കണ്ടെത്താനും കഴിഞ്ഞില്ല. സംഘത്തിലേക്കയച്ച കത്തുകളും ആരും വാങ്ങാനില്ലാതെ തിരിച്ചുവന്നു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ സെക്ഷന്‍ 120 അനുസരിച്ച് ഓരോ സാമ്പത്തികവര്‍ഷവും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍, 2020-21 മുതലുള്ള റിട്ടേണുകളും ശ്രീ പ്രഗതി മള്‍ട്ടി സ്റ്റേറ്റ്സംഘം ഫയല്‍ ചെയ്തിട്ടില്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍, സംഘം അടച്ചുപൂട്ടുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ പൊതുനോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിനു മറുപടിയൊന്നുമുണ്ടാകുന്നില്ലെങ്കില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ വ്യവസ്ഥകളനുസരിച്ച് കേന്ദ്ര രജിസ്ട്രാര്‍ ശ്രീ പ്രഗതി മള്‍ട്ടി സ്റ്റേറ്റ്സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും.

2012 ഡിസംബര്‍ 31 നു ഹൈദരാബാദ് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ശ്രീ പ്രഗതി മള്‍ട്ടി പര്‍പ്പസ് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിന്റെ പ്രവര്‍ത്തനപരിധി ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളാണ്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2026 ന്റെ തുടക്കംവരെ 56 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ ലിക്വിഡേഷനിലാണ്.

Related posts

കോടതി വിധിക്ക് കാത്തുനില്‍ക്കാതെ നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഭരണസമതി അംഗങ്ങളുടെ അയോഗ്യത പ്രാബല്യത്തിലാക്കി

Indian Cooperator

സഹാറ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാനുള്ളത്  1,13,504 കോടി രൂപ; ആകെ നിക്ഷേപകര്‍ നാലു കോടി

Indian Cooperator

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടും അന്വേഷണത്തിന് കാരണമായി

Indian Cooperator
error: Content is protected !!