Indian Cooperator

ഓരോ പത്തു വര്‍ഷം കൂടുമ്പോഴും ഇനി അന്താരാഷ്ട്ര സഹകരണവര്‍ഷം

ഓരോ പത്തു വര്‍ഷം കൂടുമ്പോഴും അന്താരാഷ്ട്ര സഹകരണവര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി തീരുമാനിച്ചു. ഐക്യരാഷ്ട്രസഭയുടെ അറുപത്തിയൊന്നാം പ്ലീനറി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. ഇതിനുമുമ്പു 2012 ലും 2025 ലും അന്താരാഷ്ട്ര സഹകരണവര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചിരുന്നു. പുതിയ തീരുമാനമനുസരിച്ച് അടുത്ത അന്താരാഷ്ട്ര സഹകരണവര്‍ഷം 2035 ല്‍ ആയിരിക്കാനാണു സാധ്യത. സഹകരണപ്രസ്ഥാനത്തിന്റെ പരിവര്‍ത്തനശക്തി തിരിച്ചറിഞ്ഞുകൊണ്ടുള്ള ഈ നടപടിയെ ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായാണു നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2012 ലും 2025 ലും സുസ്ഥിരവികസനത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റം പരിഗണിച്ചുകൊണ്ടാണു ഓരോ പത്തു വര്‍ഷം കൂടുമ്പോഴും അന്താരാഷ്ട്ര സഹകരണവര്‍ഷം ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തത്. സഹകരണസംഘങ്ങള്‍ വെറും ബദല്‍ ബിസിനസ്ഘടനയല്ലെന്നും ആഗോള വികസനമുന്‍ഗണനകളെ മുന്നോട്ടുനയിക്കുന്നതിലെ കേന്ദ്രഘടകമാണെന്നും യു.എന്‍. അഭിപ്രായപ്പെട്ടു. വിവിധതലങ്ങളിലുള്ള സംഘങ്ങള്‍ താഴെത്തട്ടിലുള്ള സാമ്പത്തിക-സാമൂഹിക വികസനത്തില്‍ പൂര്‍ണപങ്കാളിത്തം വഹിക്കുന്നുണ്ട്. ദാരിദ്യനിര്‍മാര്‍ജനം, ലിംഗസമത്വം, സാമ്പത്തികഉള്‍പ്പെടുത്തല്‍, സാമൂഹികക്കരുത്ത്, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം എന്നിവയില്‍ സംഘങ്ങളുടെ നേരിട്ടുള്ള സംഭാവനയാണു ഇതിലൂടെ അടിവരയിട്ടു പറയുന്നത്- യു.എന്‍. പ്രമേയം ചൂണ്ടിക്കാട്ടുന്നു.

17 സുസ്ഥിരവികസനലക്ഷ്യങ്ങള്‍ ( എസ്.ഡി.ജി ) നേടുന്നതിനുള്ള സഹകരണമാതൃകയെ യു.എന്‍. പ്രമേയം ഉൗന്നിപ്പറയുന്നു. പ്രാദേശികതലത്തിലുള്ള ഉടമസ്ഥത, ജനാധിപത്യഭരണസംവിധാനം, തുല്യമായ സമ്പത്ത് വിതരണം എന്നിവവഴി പ്രാദേശികജനതയുടെയും ഗ്രാമീണസമൂഹത്തിന്റെയുമൊക്കെ സാമൂഹിക-സാമ്പത്തികാവസ്ഥകളെ എങ്ങനെയാണു സഹകരണസംഘങ്ങള്‍ ശക്തിപ്പെടുത്തുന്നതെന്നു യു.എന്‍. പ്രമേയം എടുത്തുകാട്ടുന്നു. കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ഭക്ഷ്യസുരക്ഷയും കര്‍ഷകരുടെ വരുമാനവും കൂട്ടുന്നു, വായ്പാസംഘങ്ങള്‍ താങ്ങാവുന്ന നിരക്കില്‍ വായ്പകള്‍ നല്‍കുന്നു, തൊഴിലാളി-ഉപഭോക്തൃസംഘങ്ങള്‍ ലാഭം പങ്കുവെച്ചുകൊണ്ടുള്ള പ്രാദേശിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നു- പ്രമേയത്തില്‍ പറയുന്നു. സഹകരണസംഘങ്ങളുടെ കുതിപ്പിനാവശ്യമായ പിന്തുണ അതതു സര്‍ക്കാറുകള്‍ നല്‍കണമെന്നു 2025 ലെ സഹകരണവര്‍ഷാചരണം വിലയിരുത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

Related posts

അടച്ചുപൂട്ടുന്ന സഹകരണ സംഘത്തിന്റെ ഭൂമി ലേലം ചെയ്യുമ്പോള്‍ ലഭിക്കാവുന്ന പണം ചൂണ്ടിക്കാട്ടി കൈക്കൂലി ആവശ്യപ്പെട്ടു

Indian Cooperator

കര്‍ഷകരുടെ 70 ലക്ഷം രൂപദുരുപയോഗം ചെയ്ത കേസില്‍സഹകരണബാങ്ക്മുന്‍ എം.ഡി. അറസ്റ്റില്‍

Indian Cooperator

മഹാരാഷ്ട്രയിലെമത്സ്യത്തൊഴിലാളിസംഘങ്ങളെശാക്തീകരിക്കാന്‍ വാമ്‌നികോം രംഗത്ത്

Indian Cooperator
error: Content is protected !!