ദേശീയ വിള ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ( NCIP ) ഡേറ്റ ഫയല്‍ചെയ്യുമ്പോള്‍ സഹകരണസംഘത്തിനു പറ്റിയ പിഴവിന്റെ പേരില്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്തുക നിഷേധിക്കരുതെന്നു രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നാഗോര്‍ ജില്ലാ കേന്ദ്ര സഹകരണബാങ്കിനാണു കോടതി ഈ നിര്‍ദേശം നല്‍കിയത്. ഡേറ്റ ഫയല്‍ ചെയ്യുന്നതില്‍ കര്‍ഷകര്‍ക്കു പങ്കോ നിയന്ത്രണമോ ഇല്ലെന്നു ഹൈക്കോടതി കണ്ടെത്തി.
ആറു വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷമാണു നാഗോര്‍ ജില്ലയിലെ കമേദിയ ഗ്രാമക്കാരായ ഒരു കൂട്ടം പാവപ്പെട്ട കര്‍ഷകര്‍ക്കു നീതി കിട്ടിയത്. 2020 ലുണ്ടായ വിളനാശത്തിനാണു കര്‍ഷകര്‍ പ്രധാന്‍മന്ത്രി ഫസല്‍ ബിമ യോജനയുടെ ( PMFBY ) ഇന്‍ഷുറന്‍സ് തുകയ്ക്കു അപേക്ഷിച്ചത്. വിളനാശത്തെക്കുറിച്ചു പഠിച്ച ഉന്നതാധികാരസമിതി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്തുക നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും നാഗോറിലെ ജില്ലാ കേന്ദ്ര സഹകരണബാങ്ക് അനുസരിച്ചില്ല. ഇതിനെതിരെയാണു അമ്പതു ചെറുകിട കര്‍ഷകര്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചത്. അര്‍ഹതപ്പെട്ട മുഴുവന്‍ പലിശസഹിതം എട്ടാഴ്ചക്കുള്ളില്‍ ഇന്‍ഷുറന്‍സ്തുക കര്‍ഷകര്‍ക്കു കൈമാറണമെന്നു ജസ്റ്റിസ് കുല്‍ദീപ് മാത്തൂര്‍ ഉത്തരവിട്ടു.
പരാതിക്കാരായ കര്‍ഷകരെല്ലാം ഒരു സഹകരണസംഘത്തില്‍ അംഗങ്ങളായിരുന്നു. PMFBYയുടെ കീഴില്‍ നടപ്പാക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അവര്‍ ചേര്‍ന്നിരുന്നു. വിളനാശമുണ്ടായപ്പോള്‍ അവര്‍ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ടു. അപ്പോഴാണു ദേശീയ വിള ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ കര്‍ഷകരുടെ പ്രദേശത്തിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതായി മനസ്സിലാകുന്നത്. ഇതു സഹകരണസംഘത്തിനു പറ്റിയ കൈപ്പിഴയായിരുന്നു. സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കു പറ്റിയ അബദ്ധത്തിനു തങ്ങളെ ശിക്ഷിക്കരുതെന്നു കാണിച്ചു കര്‍ഷകര്‍ കോടതിയെ സമീപിച്ചു. പ്രശ്‌നത്തെക്കുറിച്ചു പഠിക്കാന്‍ ഒരു ഉന്നതതലസമിതിയെ നിയോഗിക്കണമെന്നു കോടതി നിര്‍ദേശിച്ചു. സമിതി കര്‍ഷകര്‍ക്ക് അനുകൂലമായാണു തീരുമാനമെടുത്തത്. പക്ഷേ, നാഗോര്‍ കേന്ദ്ര സഹകരണബാങ്ക് വഴങ്ങിയില്ല. PMFBY പദ്ധതിയില്‍ തങ്ങള്‍ക്ക് ഇടനിലക്കാരന്റെ റോളേ ഉള്ളുവെന്നും ഗുണഭോക്താക്കളുടെ വിശദാംശങ്ങളിലെ പിഴവ് പരിശോധിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും ബാങ്ക് വാദിച്ചു. സഹകരണസംഘത്തില്‍നിന്നാണു പിഴവ് സംഭവിച്ചതെന്നും അതിനു ബാങ്ക് ഉത്തരവാദിയല്ലെന്നുമായിരുന്നു വാദം.
2020 ലെ ഖാരിഫ്കൃഷിയാണു കര്‍ഷകരെ ചതിച്ചത്. കമേദിയ കോ-ഓപറേറ്റീവ് ഗ്രാംസേവ സഹകാരി സമിതി എന്ന സഹകരണസംഘത്തിലെ അംഗങ്ങളായിരുന്നു ഈ കര്‍ഷകര്‍. ഈ സംഘംവഴിയാണു കര്‍ഷകര്‍ നാഗോര്‍ ജില്ലാ കേന്ദ്ര സഹകരണബാങ്കില്‍ വിള ഇന്‍ഷുറന്‍സിനുള്ള പ്രീമിയം അടച്ചത്. ഖാരിഫ് ഭക്ഷ്യവിളകള്‍ക്കും എണ്ണക്കുരുക്കള്‍ക്കും രണ്ടു ശതമാനം നിരക്കിലും റാബി ഭക്ഷ്യവിളകള്‍ക്കും എണ്ണക്കുരുക്കള്‍ക്കും 1.5 ശതമാനം നിരക്കിലുമാണു കര്‍ഷകരില്‍നിന്നു പ്രീമിയം വാങ്ങുന്നത്. ഇന്‍ഷുറന്‍സിനുള്ള ബാക്കിതുക സര്‍ക്കാരാണു നല്‍കുന്നത്. കൃഷിക്കാവശ്യമായ മഴ കിട്ടാഞ്ഞതോടെയാണു കൃഷി നശിച്ചത്. കൃഷി ചെയ്തിരുന്ന സ്ഥലത്തിന്റെ പേര് കമേദിയ എന്നതിനു പകരം ഖെരാട്ട് എന്നാണു ദേശീയ വിള ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതാണു പ്രശ്‌നമുണ്ടാക്കിയത്. കൃത്യസമയത്തു പ്രീമിയം അടച്ചെങ്കിലും സ്ഥലപ്പേരില്‍ തൂങ്ങി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്തുക കൊടുക്കാന്‍ ജില്ലാ സഹകരണബാങ്ക് തയ്യാറായില്ല. 2021 ഏപ്രിലില്‍ കര്‍ഷകര്‍ ബാങ്കിനെ നേരിട്ടു സമീപിച്ചു. ഫലമുണ്ടായില്ല. തുടര്‍ന്ന് ഒട്ടേറെ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടു. സഹകരണസംഘത്തിലെയോ ജില്ലാ സഹകരണബാങ്കിലെയോ ജീവനക്കാര്‍ക്കു പറ്റിയ അബദ്ധത്തിനു കര്‍ഷകരെ ക്രൂശിക്കരുതെന്നു 2024 ഒക്ടോബര്‍ ഒമ്പതിനു കേന്ദ്ര കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഉന്നതാധികാരസമിതി കര്‍ഷകര്‍ക്കനുകൂലമായി ഉത്തരവിട്ടിട്ടും ജില്ലാ ബാങ്ക് അനങ്ങിയില്ല. കര്‍ഷകരുടെ പണമിടപാട് കൈകാര്യം ചെയ്ത ജില്ലാ സഹകരണബാങ്ക് അവരില്‍നിന്നു നാലു ശതമാനം സര്‍വീസ്ചാര്‍ജും ഈടാക്കിയിട്ടുണ്ടെന്ന് ഉന്നതാധികാരസമിതി ചൂണ്ടിക്കാട്ടിയിരുന്നു.
ദേശീയ വിള ഇന്‍ഷുറല്‍സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങള്‍ കൃത്യമാണെന്നു ഉറപ്പുവരുത്താനുള്ള ബാധ്യത ജില്ലാ സഹകരണബാങ്കിനുണ്ടെന്നു ജസ്റ്റിസ് കുല്‍ദീപ് മാത്തൂര്‍ വിലയിരുത്തി. തെറ്റായതോ ഭാഗികമായതോ ആയ വിവരങ്ങള്‍ ചേര്‍ക്കുന്നതിലും വിവരങ്ങള്‍ ശരിയായി അപ്‌ലോഡ് ചെയ്യാത്തതിലും ജില്ലാബാങ്കിന് ഉത്തരവാദിത്തമുണ്ട്. തങ്ങള്‍ വെറും ഇടനിലക്കാരാണെന്ന ജില്ലാ സഹകരണബാങ്കിന്റെ വാദവും നിലനില്‍ക്കുന്നതല്ല. സര്‍വീസ് ചാര്‍ജും ഇന്‍ഷുറന്‍സ് പോളിസികളും വഴി ജില്ലാബാങ്ക് 51 ലക്ഷം രൂപ പോക്കറ്റിലാക്കിയിട്ടുണ്ട് – ജസ്റ്റിസ് മാത്തൂര്‍ ചൂണ്ടിക്കാട്ടി. ബാങ്കുദ്യോഗസ്ഥര്‍ക്കു പറ്റിയ തെറ്റിന്റെ പേരിലും തങ്ങള്‍ക്കു ഒരുവിധത്തിലും നിയന്ത്രണമില്ലാത്ത കാര്യത്തിന്റെ പേരിലും ഹര്‍ജിക്കാരായ കര്‍ഷകരെ പഴിചാരാനാവില്ല. തെറ്റായതോ ഭാഗികമായതോ ആയ വിവരങ്ങളുടെ പേരിലും കര്‍ഷകരെ കുറ്റപ്പെടുത്താനാവില്ല. ബന്ധപ്പെട്ട ബാങ്കുകളോ ഇടനിലക്കാരോ ആണ് ക്ലെയിംപ്രകാരമുള്ള തുക കൊടുക്കേണ്ടത്. കുറ്റം മുഴുവന്‍ സഹകരണസംഘത്തിന്റെ ചുമലിലേക്കു മാറ്റി ഉത്തരവാദിത്തത്തില്‍ വെള്ളം ചേര്‍ക്കാന്‍ ജില്ലാബാങ്കിനാവില്ല. സാങ്കേതികപ്പിഴവിന്റെ പേരുപറഞ്ഞു ഹര്‍ജിക്കാരായ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നിരസിക്കപ്പെട്ടാല്‍ അതു പ്രധാന്‍മന്ത്രി ഫസല്‍ ബിമ യോജനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെത്തന്നെ പരാജയപ്പെടുത്തലാവും. ദേശീയ വിള ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഹര്‍ജിക്കാര്‍ക്കു നേരിട്ട് പ്രവേശനം സാധ്യമല്ലെന്നതും ഡേറ്റ അപ്‌ലോഡ് ചെയ്യുന്നതില്‍ അവര്‍ക്ക് ഒരു പങ്കുമില്ലെന്നതും അവിതര്‍ക്കിതമായ കാര്യമാണ്. അതുകൊണ്ട് ഹര്‍ജിക്കാരായ അമ്പതു കര്‍ഷകര്‍ക്കു എട്ടാഴ്ചക്കുള്ളില്‍ പലിശസഹിതം ഇന്‍ഷുറന്‍സ്തുക നല്‍കിയിരിക്കണം – ജസ്റ്റിസ് മാത്തൂര്‍ നിര്‍ദേശിച്ചു.
