വെള്ളി പണയം വെച്ചാലും
സഹകരണബാങ്കില്‍നിന്നു വായ്പ കിട്ടും
വെള്ളിയാഭരണങ്ങള്‍ക്കും വെള്ളിപ്പാത്രങ്ങള്‍ക്കും ഇങ്ങനെയൊരു സുവര്‍ണകാലം വരുമെന്നു ആരും കരുതിയിട്ടുണ്ടാവില്ല. എന്നാലതു സംഭവിച്ചിരിക്കുന്നു. വെള്ളിയുരുപ്പടികള്‍ പണയംവെച്ചും ഇനി സഹകരണബാങ്കുകളുള്‍പ്പെടെയുള്ള ബാങ്കുകളില്‍നിന്നു വായ്പയെടുക്കാം. റിസര്‍വ് ബാങ്കിന്റെ ഈ പുതിയ നിര്‍ദേശം 2026 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. വട്ടിപ്പലിശക്കാരുടെ കഴുത്തറുക്കലില്‍നിന്നു ഗ്രാമ-അര്‍ധനഗരവാസികളായ പാവപ്പെട്ട മനുഷ്യര്‍ക്ക് ഒരു പരിധിവരെ രക്ഷപ്പെടാം. പണയം വെയ്ക്കുന്ന വെള്ളിയുരുപ്പടികളുടെ പരിശുദ്ധിയനുസരിച്ചു മൂല്യത്തിന്റെ 85 ശതമാനംവരെ വായ്പയെടുക്കാം.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കേന്ദ്ര ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി എം.കെ. രാഘവനു നല്‍കിയ മറുപടിയിലാണു ഇക്കാര്യമറിയിച്ചത്. അങ്ങനെ, കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണത്തിളക്കത്തിനു മുന്നില്‍ ഒന്നുമല്ലാതെ നിന്നിരുന്ന വെള്ളിയ്ക്കും ഒരു ദിവസം വന്നു. റിസര്‍വ് ബാങ്കിന്റെ ഏകീകൃത നിയന്ത്രണചട്ടക്കൂട്ടിനുള്ളില്‍നിന്നുകൊണ്ട് വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ സഹകരണബാങ്കുകളിലും വെള്ളിയുരുപ്പടികള്‍ പണയമായി സ്വീകരിച്ചു വായ്പ നല്‍കാമെന്നു മന്ത്രി അറിയിച്ചു.
2025 ജൂണ്‍ ആറിനാണു റിസര്‍വ് ബാങ്ക് സ്വര്‍ണ-വെള്ളി ഉരുപ്പടികള്‍വെച്ചു വായ്പയെടുക്കുന്നതുസംബന്ധിച്ച സമഗ്രനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. ഇതിലെ വ്യവസ്ഥകള്‍ നവംബര്‍ 28 നു പുറത്തിറക്കിയ വായ്പാസൗകര്യങ്ങള്‍സംബന്ധിച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തി. ഇതിലെ ചട്ടങ്ങളെല്ലാം കമേഴ്‌സ്യല്‍ബാങ്കുകള്‍, സഹകരണബാങ്കുകള്‍, ബാങ്കിങ്ങിതര ധനകാര്യസ്ഥാപനങ്ങള്‍ ( എന്‍.ബി.എഫ്.സി ) എന്നിവയ്‌ക്കെല്ലാം ഒരുപോലെ 2026 ഏപ്രില്‍ ഒന്നുമുതല്‍ ബാധകമാവും.
പണയം വെയ്ക്കുന്ന വെള്ളിയുരുപ്പടികളുടെ മൂല്യത്തിന്റെ 85 ശതമാനംവരെ വായ്പയായി നല്‍കാം. ഇതിനായി ബാങ്കുകള്‍ക്കു വെള്ളിയുരുപ്പടികളുടെ പരിശുദ്ധിയും തൂക്കവും പരിശോധിക്കാവുന്നതാണ്. വെള്ളിയുടെ മൂല്യനിര്‍ണത്തിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. 30 ദിവസത്തെ ശരാശരിവിലയിലെ കുറഞ്ഞ വിലയോ അല്ലെങ്കില്‍ ഇന്ത്യാ ബുള്ള്യന്‍ ആന്റ് അസോസിയേഷനോ സെബിനിയന്ത്രിത കമോഡിറ്റി എക്‌സ്‌ചേഞ്ചോ പ്രസിദ്ധീകരിക്കുന്ന തലേദിവസത്തെ ക്ലോസിങ് വിലയോ അടിസ്ഥാനപ്പെടുത്തിയാവണം മൂല്യം നിശ്ചയിക്കേണ്ടത്. വായ്പസംബന്ധിച്ച വ്യവസ്ഥകള്‍ അതതു പ്രാദേശികഭാഷകളിലോ വായ്പക്കാരന്‍ അവശ്യപ്പെടുന്ന ഭാഷകളിലോ ആണു ബാങ്കുകള്‍ അറിയിക്കേണ്ടത്. വായ്പക്കാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പണയവസ്തുവിന്റെ ഇടപാടുകള്‍ തികച്ചും സുതാര്യമായിരിക്കണം. വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ പണയവസ്തുക്കള്‍ ലേലത്തില്‍വെയ്ക്കുംമുമ്പേ വായ്പക്കാരനു നോട്ടീസയക്കണം. തിരിച്ചടയ്ക്കാനുള്ളതിനേക്കാള്‍ കൂടുതല്‍ തുക ലേലത്തില്‍ കിട്ടിയാല്‍ അതു വായ്പക്കാരനു തിരിച്ചുകൊടുക്കണം.
കുറഞ്ഞ കാലയളവിലേക്കു പെട്ടെന്നു വായ്പ കിട്ടാന്‍ ആഭരണങ്ങള്‍ പണയംവെയ്ക്കുന്ന രീതി ഇന്ത്യയില്‍ പണ്ടേയുണ്ട്. വീട്ടുകാരും ചെറുകിടവ്യാപാരികളും ബിസിനസ്സുകാരും ഈ മാര്‍ഗമാണു പൊതുവേ സ്വീകരിക്കുന്നത്. സ്വര്‍ണമാണു പൊതുവേ ഇങ്ങനെ പണയവസ്തുവായി ഈട് നല്‍കാറ്. വെള്ളിയ്ക്കുകൂടി ഈ സ്ഥാനം ലഭിക്കുന്നതോടെ നമ്മുടെ വിപണി ഒന്നുകൂടി വിശാലമാകുമെന്നാണു കരുതപ്പെടുന്നത്. ഗ്രാമീണഇന്ത്യയുടെ പല ഭാഗങ്ങളിലും വെള്ളിയാഭരണങ്ങളും പാത്രങ്ങളും വീട്ടില്‍ കരുതിവെക്കാറുണ്ട്. ഇനിയവ പണയംവെക്കാനും ഉപയോഗിക്കാമെന്നുവന്നാല്‍ വട്ടിപ്പലിശക്കാരെ അകറ്റിനിര്‍ത്താനാവുമെന്നാണു സാമ്പത്തികവിദഗ്ധര്‍ കരുതുന്നത്.
വെള്ളിയുടെ ഉയര്‍ച്ച
ഇന്ത്യയില്‍ വ്യാവസായികാവശ്യത്തിനു പുറമേ നാണയങ്ങളും ആഭരണങ്ങളുമുണ്ടാക്കാന്‍ വെള്ളി ഉപയോഗിക്കുന്നുണ്ട്. ഇരുമ്പയിരോ അലൂമിനിയമോപോലെ ഖനനം ചെയ്‌തെടുക്കുന്നതല്ല വെള്ളി. ലെഡ്, സിങ്ക്, ചെമ്പ്, ചിലപ്പോള്‍ സ്വര്‍ണം തുടങ്ങി മറ്റു ലോഹങ്ങളുടെ ഉപോത്പന്നമായാണു വെള്ളിയുടെ എഴുപതു ശതമാനവും കിട്ടുന്നത്. വെള്ളിയുടെ വ്യാവസായികാവശ്യം വളരെ വിപുലമാണ്. ഏറ്റവും വലിയ വൈദ്യുതചാലകമായ വെള്ളി സോളാര്‍ ഫോട്ടോ വോള്‍ട്ടെയ്ക് സെല്ലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, എ.ഐ. ഹാര്‍ഡ് വെയര്‍, ബാറ്ററികള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ ആവശ്യമാണ്.
2024 വരെ സ്വര്‍ണത്തിനു പിറകില്‍ പതുങ്ങിനില്‍ക്കുകയായിരുന്നു വെള്ളി. എന്നാല്‍, 2025 ല്‍ വെള്ളിയുടെ കഥ അപ്പാടെ മാറി. വ്യാവസായികരംഗത്തും നിക്ഷേപരംഗത്തും വെള്ളിയ്ക്കു ഡിമാന്റ് വര്‍ധിച്ചതാണ് ഇതിനു കാരണം. വൈദ്യുതവാഹനങ്ങളുടെ പ്രചാരം വര്‍ധിക്കുന്നതോടെ വെള്ളിയ്ക്കും വരാന്‍പോകുന്നതു നല്ല കാലമാണ്.
2025 ലെ കണക്കനുസരിച്ചു ലോകത്തു 820 ദശലക്ഷം ഔണ്‍സ് വെള്ളിയാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 24 ശതമാനം ഉത്പാദനത്തോടെ മെക്‌സിക്കോയാണ് ഒന്നാംസ്ഥാനത്ത്. ഇവിടെ 202.2 ദശലക്ഷം ഔണ്‍സ് വെള്ളിയാണ് ഉത്പാദിപ്പിക്കുന്നത്. ചൈന ( 109.3 ദശലക്ഷം ഔണ്‍സ് ), പെറു ( 107.1 ദശലക്ഷം ), ചിലി ( 52 ദശലക്ഷം ), ബൊളീവിയ ( 42.6 ദശലക്ഷം ), പോളണ്ട് ( 42.5 ദശലക്ഷം ), റഷ്യ ( 39.8 ദശലക്ഷം ), ഓസ്േ്രടലിയ ( 34.4 ദശലക്ഷം ), യു.എസ് ( 32 ദശലക്ഷം ), അര്‍ജന്റീന ( 26 ദശലക്ഷം ) എന്നിങ്ങനെയാണു പത്തു സ്ഥാനങ്ങള്‍. ഇന്ത്യയുടെ ഉത്പാദനം ഏതാണ്ട് 23 ദശലക്ഷം ഔണ്‍സ് വെള്ളിയാണ്. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡാണ് ഇന്ത്യയിലെ പ്രധാന ഉത്പാദകര്‍. സിങ്ക്, ലെഡ് അന്നിവയുടെ ഉപോത്പന്നമായാണു വെള്ളി ഉത്പാദിപ്പിക്കുന്നത്. 2024 ല്‍ ലോകത്തെ വെള്ളിയുത്പാദനം 803 ദശലക്ഷം ഔണ്‍സ് ( ഏതാണ്ട് 25,000 മെട്രിക് ടണ്‍ ) വെള്ളിയായിരുന്നു. 2026 മാര്‍ച്ച് പതിനൊന്നിനു ഒരു കിലോ വെള്ളിയ്ക്ക് ഇന്ത്യയിലെ വില 2,79,900 രൂപയാണ്. അതായത് പത്തു ഗ്രാമിനു 2,799 രൂപ.
