- 441 സഹകരണ സംഘങ്ങള്ക്ക് സഹായ പാക്കേജുമായി സര്ക്കാര്
തിരുവനന്തപുരം: അഴിമതിയും ക്രമക്കേടും നടത്തി നിക്ഷേപകരുടെ പണം അപഹരിച്ച എല്ലാ സഹകരണ സംഘം ഭരണസമിതികള്ക്കുമമെതിരെ മുഖം നോക്കാതെ നിലപാടും നടപടിയുമെടുക്കുമെന്ന് സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. സഹകരണ മേഖല സംസ്ഥാനത്തെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ്. മേഖലയില് നിലനില്ക്കുന്ന നിക്ഷേപം മടക്കി നല്കാനാകാത്ത അവസ്ഥയ്ക്ക് പരിഹാരമായും നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുന്നതിനുമായി ‘വിശ്വാസ്’ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവര്ത്തനങ്ങള് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സഹകരണ മേഖലയില് നിലനില്ക്കുന്ന നിക്ഷേപം മടക്കി നല്കാനാകാത്ത അവസ്ഥയ്ക്ക് പരിഹാരമായും നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുന്നതിനുമായി ‘വിശ്വാസ്’ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവര്ത്തനങ്ങള് സര്ക്കാരിന്റെ 100 ദിന കര്മ്മ പരിപാടിയില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സഹകരണ നിക്ഷേപ ഗ്യാരന്റി പദ്ധതിയില് ചേരാതെ മാറി നില്ക്കുന്ന സംഘങ്ങളെ പൂര്ണ്ണമായും പദ്ധതിയുടെ ഭാഗമാക്കി വിപുലീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികള് സ്വീകരിച്ചു. പദ്ധതിയുടെ ഭാഗമായി അഴിമതി, പണാപഹരണം, ഭരണവീഴ്ച, വായ്പാത്തട്ടിപ്പ്, ഫണ്ട് വകമാറ്റല്, മറ്റ് ക്രമക്കേടുകള് തുടങ്ങിയ കാരണങ്ങളാല് സംഘം ഫണ്ട് നഷ്ടപ്പെടുകയും അതുവഴി നിക്ഷേപകര്ക്ക് അവരുടെ പണം തിരികെ നല്കാനാകാത്തതുമായ 441 സഹകരണ സംഘങ്ങളെ കണ്ടെത്തിക്കഴിഞ്ഞു. സംഘങ്ങളില് സ്വീകരിച്ചിട്ടുള്ള വകുപ്പുതല നടപടികളുടെ പുരോഗതി അവലോകനം ചെയ്തുകഴിഞ്ഞു.
സര്ചാര്ജ്, റവന്യൂ റിക്കവറി എന്നിവയിലൂടെ ഈടാക്കിയെടുക്കുന്ന തുക നിക്ഷേപകരുടെ ക്ലെയിം കൊടുത്തുതീര്ക്കാന് തികയാതെ വന്നാല് ആവശ്യമായി വരുന്ന ബാക്കി തുക നിക്ഷേപക ഗ്യാരന്റി സ്കീമില് നിന്നും അനുവദിക്കുവാന് കഴിയുന്ന വിധത്തില് നിക്ഷേപ ഗ്യാരണ്ടി സ്കീം ഭേദഗതി ചെയ്യാനും തീരുമാനിച്ചു. കേരള സഹകരണ പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നല്കുന്നതിന് നിലവിലുള്ള സ്കീം പരിഷ്ക്കരിക്കുന്നതിനും മാനദണ്ഡം പുനര്നിശ്ചയിക്കുന്നതിനും തീരുമാനിച്ചു.
സഹകരണ മേഖലയിലെ ടീം ഓഡിറ്റ് സംവിധാനം നടപ്പിലാക്കിയ ശേഷം സംഘങ്ങളില് നിന്ന് ഓഡിറ്റ് ഫീസ് ഈടാക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാര് സര്ക്കുലര് പുറപ്പെടുവിച്ചിരുന്നു. സര്ക്കുലറിനെതിരെ വ്യാപക പരാതികള് വന്നിരുന്നു. ഓഡിറ്റ് ഫീസില് തര്ക്കം ഉന്നയിച്ച് ചില സംഘങ്ങള് ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ടീം ഓഡിറ്റ് സംവിധാനം വരുന്നതിന് മുന്പ് എത്രയാണോ ഈടാക്കിയിരുന്നത്, അതേ സ്ലാബില് തന്നെ ഈടാക്കാന് തത്വത്തില് അംഗീകരമായി.
സഹകരണ മേഖലയില് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പൊന്നോണമാണിത്. മുന്കാലങ്ങളെ അപേക്ഷിച്ച് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് ബോണസ് ആനുകൂല്യങ്ങള് വളരെ നേരത്തെ തന്നെ പ്രഖ്യാപിക്കാന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന് കീഴിലുള്ള ബോര്ഡുകളുടെ ഭരണസമിതിയുടെ കാലാവധി അവസാനിച്ച് പുതിയ ഭരണസമിതി ചാര്ജ്ജ് എടുത്തിട്ടില്ലാത്തതിനാല് ജീവനക്കാര്ക്ക് ആനുകൂല്യങ്ങള് നല്കുന്നതില് തടസ്സം ഉണ്ടാകാതിരിക്കുവാന് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് അതാത് ബോര്ഡ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സര്ക്കാര് അധികാരത്തില് വന്നതിനു ശേഷം സഹകരണ വകുപ്പ് ജീവനക്കാര്ക്ക് ഒരു വര്ഷമായി മുടങ്ങിക്കിടന്ന 235 ഉദ്യോഗക്കയറ്റങ്ങള് സമയബന്ധിതമായി നല്കുവാന് സാധിച്ചിട്ടുണ്ട്. അതുവഴി 51 പി.എസ്.സി നിയമനങ്ങളും ഉദ്യോഗാര്ത്ഥികള്ക്ക് നല്കുവാന് സാധിച്ചിട്ടുണ്ട്.
